Categories: Varadyam

ആശ്രമവിശുദ്ധി

Published by

ഗൃഹസ്ഥാശ്രമത്തെ കാവ്യാത്മകമാക്കിക്കൊണ്ട്‌ മലയാള കാവ്യശാഖയെ താളലയബദ്ധമായ കവിതകളാല്‍ പരിലാളിക്കുന്ന വൈരശ്ശേരി. കെ.എം.നമ്പൂതിരിയുടെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ്‌ ‘ആശ്രമവിശുദ്ധി.’ മാമുനിയുടെ ആശ്രമവിശുദ്ധിയും ആധുനിക മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളും സംഗമിക്കുന്ന കവിതകളുടെ ഒരു തീര്‍ത്ഥയാത്രയാണ്‌ ഈ കൃതി. ആ തീര്‍ത്ഥയാത്രയ്‌ക്ക്‌ തുടക്കമിടുന്നത്‌ ‘ഗംഗാപ്രവാഹം’ എന്ന കവിതയിലൂടെയാണ്‌. കാരുണ്യഗംഗയായി സഹൃദയഹൃദയങ്ങളില്‍ സ്നേഹമന്ത്രം പകര്‍ന്നുകൊണ്ട്‌ ഒഴുകിയെത്താനാണ്‌ കവി ആഗ്രഹിക്കുന്നത്‌. ഈ കവിതാ സമാഹാരത്തിലെ രണ്ടാമത്തെ കവിതയായ “ആമ്പച്ചാലി” കാവ്യഭാവനകൊണ്ടും കാലികപ്രസക്തികൊണ്ടും അനുവാചക ഹൃദയങ്ങളിലിടം തേടാന്‍ പര്യാപ്തമാണ്‌.

“തോളിലായ്‌ തൂങ്ങും തുണി-

സഞ്ചിയും കയ്യില്‍ നീണ്ട

കാലെഴും കുടയുമായ്‌-” നടന്നുനീങ്ങുന്ന ‘ആമ്പച്ചാലി’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഒരു വൃദ്ധന്റെ ജീവിതസമസ്യയാണ്‌ ഈ കവിതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്‌.

മനസ്സിലെ മകരന്ദമായ തന്റെ കവിതകളെ തലനാരിഴകീറി വിമര്‍ശിച്ച പണ്ഡിതവരേണ്യരോടുള്ള മറുപടിയാണ്‌ ‘ആശ്രമവിശുദ്ധി’ എന്ന കവിത. തന്റെ കാവ്യ ജീവിതത്തില്‍ പരുഷമായ വാക്കുകള്‍കൊണ്ട്‌ മുള്ളുകള്‍ വിതറുന്നവരുണ്ടെങ്കിലും നിര്‍മലഗുണം തികഞ്ഞ ഒരുപറ്റം കാവ്യാസ്വാദകര്‍ തന്റെ കവിതയെ കാതോര്‍ക്കുന്നുവെന്ന സത്യം കവിയ്‌ക്ക്‌ ആശ്വാസമേകുന്നു.

ആധുനിക ജീവിത സംഘര്‍ഷങ്ങളാല്‍ കണ്ണുംനട്ടിരിക്കുന്ന മുത്തച്ഛനോട്‌ കളങ്കമില്ലാത്ത ചെല്ലക്കിടാവിന്റെ ഉപദേശം ഏത്‌ അനുവാചകനെയാണ്‌ ആകര്‍ഷിക്കാത്തത്‌.

“മുത്തച്ഛാ, മുത്തച്ഛാ, ദൂരെയ്‌ക്ക്‌ നോക്കാതെ മുറ്റത്തെ പൂക്കളെ നോക്കിയാലും”

വൈലോപ്പിള്ളിയുടെ വരികള്‍ കടമെടുത്താല്‍ “വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ വയ്യാത്ത കിടാങ്ങളുടെ ഈ ദീര്‍ഘദര്‍ശനം” നാമോരോരുത്തരും മനസിലാക്കേണ്ടതുണ്ട്‌.

‘സര്‍വാധിപത്യ’ സങ്കല്‍പ്പം മനുഷ്യനെ വിനാശത്തിലേക്ക്‌ നയിക്കുമെന്നും വേദനിക്കുന്നവര്‍ക്ക്‌ സൗഖ്യം പകരുന്ന കരുണയുടെ ഊര്‍ജമാണ്‌ ഇന്നിന്റെ ആവശ്യമെന്നും ‘സര്‍വാധിപത്യം’ എന്ന കവിതയിലൂടെ വെളിപ്പെടുത്തുന്നു.

കാവുവെട്ടിത്തെളിച്ച്‌ കോണ്‍ക്രീറ്റ്‌ സൗധങ്ങള്‍ തീര്‍ക്കുന്ന ആധുനിക മനുഷ്യന്റെ വ്യഥകളാണ്‌ ‘നാഗപൂജ’ എന്ന കവിതയിലുള്ളത്‌. ഭൂമിയിലെ ജീവന്റെ ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെട്ടാല്‍ അത്‌ വീണ്ടെടുക്കുക ദുഷ്ക്കരമാണ്‌.

“പ്രാണപ്രതിഷ്ഠ നടത്തുവാന്‍ ഞാന്‍

പ്രാപ്തനല്ലേതും ക്ഷമിച്ചീടേണം” എന്ന വരികളില്‍ നാഗപ്രതിഷ്ഠയ്‌ക്കുപരിയായി ഈ ഭൂമിയിലെ ജൈവസാന്നിധ്യത്തിന്റെ പുനഃപ്രതിഷ്ഠ അപ്രാപ്യമാണെന്ന സത്യംകൂടി വായിച്ചെടുക്കാവുന്നതാണ്‌.

വന്നവഴി മറക്കുന്ന പുതുസമൂഹത്തിനെ നേരായ മാര്‍ഗത്തിലേക്ക്‌ നടത്താനുള്ള ആഹ്വാനമാണ്‌ ‘നേര്‍വഴി’ എന്നകവിത.

‘ഭുവനമാകെ ഞാനലഞ്ഞുവെങ്കിലും

ഭവനമെത്തുമെന്‍ വഴിമറന്നുപോയ്‌’ എന്ന വരികള്‍ ആധുനിക സമൂഹത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തെപ്പൂക്കളെ നോക്കുവാനുപദേശിക്കുന്ന മുറ്റത്തെ പൊടിയിലുരുണ്ടു കളിക്കുന്ന കുരുന്നു പൈതങ്ങളോട്‌ തന്നെയാണ്‌ കരംപിടിച്ച്‌ തന്നെ ഗൃഹത്തിലെത്തിക്കുവാന്‍ കവി ആവശ്യപ്പെടുന്നത്‌.

“നാടായ നാടൊക്കെ ചുറ്റിയെന്നാകിലും

വീടാണ്‌ വീട്‌ വലിയലോകം” എന്ന്‌ ഒളപ്പമണ്ണക്കവിതകളിലൂടെയും ഈ തത്വം പറഞ്ഞുവെച്ചിട്ടുണ്ട്‌.

വേലിക്കെട്ടുകള്‍കൊണ്ട്‌ മനുഷ്യബന്ധങ്ങളെ അപ്പുറവുമിപ്പുറവും നിര്‍ത്തുമ്പോള്‍

“അരുതരുതു മമ തനയ, വിദ്വേഷചിന്തയാ-

ലതിരിടരുത്‌ സൗഹാര്‍ദ്ദ സൗമനസ്യത്തിനും”

എന്ന വരികള്‍ മനുഷ്യമനസ്സിലെ വേലിക്കെട്ടുകളെ അകറ്റാന്‍ പര്യാപ്തമാണ്‌.

ഭൂമിയെ കാര്‍ന്നുതിന്നുന്ന നമ്മള്‍ “ഭൗമദിനം” ആചരിക്കുന്നതിലെ പൊള്ളത്തരം ഈ കവിതാ സമാഹാരത്തിലെ ‘ഭൗമദിനം’ എന്ന ഏഴുശ്ലോകങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്‌. ബാല്യ, യൗവന, വാര്‍ദ്ധക്യത്തിലെ അവസ്ഥാന്തരങ്ങളാണ്‌ ‘അവസ്ഥകള്‍’ എന്ന കവിതയിലൂടെ വെളിച്ചം കാണുന്നത്‌. സത്യത്തിനും ധര്‍മത്തിനുമായി നിലകൊണ്ട മഹാബലിയോട്‌ മലയാളമണ്ണിലെ ഇന്നത്തെ ദുര്യോഗം വിവരിക്കുകയാണ്‌ ‘മാബലി’ എന്ന കവിതയിലൂടെ.

മലരും മണവും മന്ദമാരുത സുഗന്ധവും പകര്‍ന്നുതരുന്ന ഈ കാവ്യവല്ലിയിലെമന്ദമാരുത സുഗന്ധവും പകര്‍ന്നുതരുന്ന ഈ കാവ്യവല്ലിയിലെ “വേറിട്ടൊരു പൂവ്‌” ‘ഇദം നമമഃ’ എന്ന വേദവാക്യം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇനിയും പ്രതിപാദിക്കാത്ത ഒട്ടേറെക്കവിതകള്‍ ഈ കാവ്യസമാഹാരത്തില്‍ അക്ഷരവിശുദ്ധി ചൊരിയുന്നു.

അറിവിന്റെ അമൃത പ്രവാഹമായ വേദങ്ങളിലെ അനന്തസൗഭഗമാര്‍ന്ന മുത്തുകള്‍ ഈ സമാഹാരത്തിലെ പല കവിതകളിലും തിളങ്ങിനില്‍ക്കുന്നുണ്ട്‌. നമ്മുടെ നാടിന്റെ കെടാവിളക്കായ വൈദിക സംസ്കൃത പൂര്‍വസൂരികളായ കവികളിലൂടെ നമുക്ക്‌ പകര്‍ന്നുതന്നിട്ടുണ്ട്‌.

ആ അമൃതധാരയിലെ ഒരു കണ്ണിയാണ്‌ ‘ആശ്രമ വിശുദ്ധി’യുടെ കര്‍ത്താവായ വൈരശ്ശേരി നമ്പൂതിരിയും. ഈ കാവ്യസമ്പുടത്തിലെ ഓരോ കവിതയും അത്‌ സാക്ഷ്യപ്പെടുത്തുന്നു.

സ്കൈബുക്ക്‌ പബ്ലിഷേഴ്സ്‌ (മാവേലിക്കര) പ്രസിദ്ധപ്പെടുത്തിയ ഈ കൃതിക്ക്‌ പ്രശസ്തകവി പി.നാരായണക്കുറുപ്പിന്റെ അവതാരിക ആശ്രമകവാടമായി, സാഹിതീ തീര്‍ത്ഥാടകര്‍ക്ക്‌ വഴിവിളക്കായി നിലകൊള്ളുന്നു. (70 രൂപവിലയുള്ള ഈ കൃതി സ്കൈ ബുക്ക്‌ പബ്ലിഷേഴ്സ്‌, മാവേലിക്കര 690 101 എന്ന വിലാസത്തില്‍ ലഭ്യമാണ്‌)

മധു കുട്ടംപേരൂര്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts