Categories: Ernakulam

വിലകുറച്ച്‌ സ്വര്‍ണ്ണം നല്‍കാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

Published by

കൊച്ചി: 90 കിലോ സ്വര്‍ണം വിലകുറച്ച്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ 75,000 രൂപ തട്ടിയെടുത്ത തട്ടിപ്പു സംഘത്തിലൊരാളെ സിറ്റി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തോപ്പുംപടിയില്‍ വാടകക്ക്‌ താമസിക്കുന്ന കണ്ണൂര്‍ തളിപ്പറമ്പ്‌ കൊട്ടന്‍ പ്ലാക്കല്‍ സെബാസ്റ്റ്യ(42)നെയാണ്‌ എറണാകുളം മറൈന്‍ ഡ്രൈവില്‍ വച്ച്‌ ഇടപാട്‌ നടത്തുന്നതിനിടെ സിറ്റി ഷാഡോ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. തട്ടിപ്പ്‌ സംഘത്തിലെ പ്രധാനിയും ഇയാളുടെ ബന്ധുവുമായ ജെയിംസിനെ പോലീസ്‌ തിരയുന്നു.

90 കിലോ സ്വര്‍ണം ഗ്രാമിന്‌ 40 രൂപ കുറവില്‍ നല്‍കാന്‍ ആളുണ്ടെന്ന്‌ പറഞ്ഞ്‌ യൂണിനോര്‍ കമ്പനിയുടെ ഡീലറായ തൃശൂര്‍ സ്വദേശി സനീബിനെയാണ്‌ ഇവര്‍ കബളിപ്പിച്ചത്‌. എറണാകുളത്തുള്ള ഇയാളുടെ സുഹൃത്തിന്റെ ഹോട്ടലില്‍ വച്ചാണ്‌ സനീബ്‌ ജെയിംസിനെ പരിചയപ്പെട്ടത്‌. കുറഞ്ഞ വിലക്ക്‌ സ്വര്‍ണം വാങ്ങി മറിച്ച്‌ വിറ്റാല്‍ 36 ലക്ഷം രൂപയുടെ ലാഭം കിട്ടുമെന്ന കണക്കുകൂട്ടലില്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറായ സനീബില്‍ നിന്ന്‌ പലപ്പോഴായാണ്‌ ഇവര്‍ 75000 രൂപ തട്ടിയെടുത്തത്‌. സ്വര്‍ണം നല്‍കുന്ന പാര്‍ട്ടി തമിഴ്‌നാട്ടിലാണെന്നാണ്‌ ഇവര്‍ പറഞ്ഞിരുന്നത്‌. എറണാകുളം മറൈന്‍ഡ്രൈവില്‍ വച്ച്‌ ഇടപാട്‌ ഉറപ്പിച്ച്‌ സ്വര്‍ണം കൈമാറാനായിരുന്നു ധാരണ. ഇവര്‍ക്ക്‌ കൊച്ചിയിലെക്ക്‌ യാത്ര ചെയ്യാനായി 25000 രൂപ നല്‍കണമെന്നാണ്‌ ആദ്യം ആവശ്യപ്പെട്ടത്‌. ഈ തുക ജെയിംസിന്റെ എക്കൗണ്ടില്‍ നല്‍കിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന്‌ പാര്‍ട്ടിക്ക്‌ വരാന്‍ തടസമുണ്ടായെന്ന്‌ പറഞ്ഞ്‌ പിന്നീട്‌ ഇടപാട്‌ മാറ്റിവെച്ചു. പിന്നീട്‌ ഇതേ ആവശ്യം പറഞ്ഞ്‌ 50,000 രൂപ വീണ്ടും ജെയിംസിന്റെ എക്കൗണ്ടിലൂടെ ഇവര്‍ വാങ്ങിയെടുത്തു.

തുടര്‍ന്ന്‌ വ്യാഴാഴ്ച എറണാകുളം പെന്റാ മേനകയില്‍ വച്ച്‌ സ്വര്‍ണം കൈമാറാനായിരുന്നു ധാരണ. കൊച്ചിയിലെത്തിയ സനീബിനു ജെയിംസിനെ കാണാനായില്ല. പകരം സെബാസ്റ്റ്യനാണ്‌ എത്തിയത്‌. അഞ്ച്‌ ലക്ഷം രൂപ തന്നാല്‍ മാത്രമേ പാര്‍ട്ടിയെ കാണിക്കൂവെന്ന്‌ ഇയാള്‍ പറഞ്ഞതോടെ സംശയം തോന്നിയ സനീബ്‌ പണം നല്‍കാന്‍ തയ്യാറായില്ല.

ഇതിനിടെ ഇവരുടെ സംസാരം കേട്ട്‌ പന്തികേട്‌ തോന്നിയ പെന്റാ മേനകയിലെ ചില വ്യാപാരികള്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന്‌ ഷാഡോ പോലീസ്‌ സംഘം എത്തി സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇയാള്‍ ഇറിഡിയം തട്ടിപ്പ്‌ നടത്തി നിരവധി പേരില്‍ നിന്ന്‌ പണം തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്‌. ഇടിമിന്നല്‍ രക്ഷാ കവചത്തില്‍ ഉപയോഗിക്കുന്ന ഇറിഡിയം ലോഹം മിന്നലേറ്റ്‌ പ്രത്യേക ശക്തി ആര്‍ജിക്കുമെന്ന്‌ വിശ്വസിപ്പിച്ചാണ്‌ റൈസ്‌ പുള്ളര്‍ എന്നറിയപ്പെടുന്ന ഈ ലോഹം കാട്ടി തട്ടിപ്പ്‌ നടത്തിയിരുന്നത്‌. സെന്‍ട്രല്‍ പോലീസ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു. കേസിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന്‌ സെന്‍ട്രല്‍ പോലീസ്‌ അറിയിച്ചു

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by