ആലുവ: പറവൂര്‍ കവലയില്‍ നിന്നും സ്പിരിറ്റ് പിടിച്ചെടുത്ത കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തുന്നതിന് ഉന്നതതലയോഗം ചേര്‍ന്നു. എക്സൈസിന്റെ ജില്ലാ സ്പെഷ്യല്‍ സ്ക്വാഡ് സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കേസിലെ 11 പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും നാല് പേരെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ബാക്കിയുള്ള പ്രതികളെ പിടികൂടുന്നതിന് പോലീസിനെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക സംയുക്ത സംഘം രൂപീകരിക്കണമോ എന്നതും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഗോപേഷ് അഗര്‍വാളിന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നിട്ടുള്ളത്. ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പോലീസിന്റെ സഹായത്തിനായി ഇതിനോടകം തന്നെ എക്സൈസ് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. സ്പിരിറ്റ് സംഘത്തെ പിടികൂടിയപ്പോള്‍ ലഭിച്ച മൊബെയില്‍ ഫോണുകളിലെ വിശദവിവരങ്ങള്‍ പരിശോധിച്ച് ആ നിലയ്ക്കും അന്വേഷണം തുടരുന്നുണ്ട്. എന്നാല്‍ ഇവര്‍ നിരവധി മൊബെയില്‍ ഫോണുകള്‍ ഒരേസമയം ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പ്രതികളില്‍ ചിലരെ രക്ഷപ്പടുത്തുന്നതിന് വേണ്ടി ചില വാടക ഗുണ്ടകളെ കുറ്റമേറ്റെടുത്ത് പ്രതികളാകാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ചില ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. എന്നാല്‍ വീണ്ടും സ്പിരിറ്റ് കടത്തിക്കൊണ്ടുവരുന്നത് തടയുന്നതിന് വേണ്ടി യഥാര്‍ത്ഥ പ്രതികളെ തന്നെ കസ്റ്റഡിയിലെടുക്കാനാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പ്രതികളെ പിടികൂടിയാല്‍ മാത്രമേ പല തവണയായി ഇവര്‍ കൊണ്ടുവന്നിട്ടുള്ള സ്പിരിറ്റ് ആര്‍ക്കൊക്കെയാണ് കൈമാറിയിട്ടുള്ളതെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. പറവൂര്‍ കവലയിലെ സങ്കേതത്തില്‍ നിന്ന് മാത്രം നിരവധി വാഹനങ്ങളില്‍ സ്പിരിറ്റ് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയിരുന്നു എന്ന് പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും വെളിപ്പെട്ടിരുന്നു. ഓട്ടോറിക്ഷയിലും ബൈക്കിലും വരെ ഇത്തരത്തില്‍ ധാരാളമായി സ്പിരിറ്റ് കടത്തിയിരുന്നു എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: