ബാല്യം മുതല്‍ ജീവിതാന്ത്യം വരെയുള്ള ഓരോ ദശകളിലും ഭഗവചിന്തയ്ക്ക് എന്തെങ്കിലും ന്യൂനതകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ക്ഷമ യാചിക്കുന്നതാണ് ഈ സ്തോത്രത്തിലെ പ്രതിപാദ്യവിഷയം.
മഹാദേവനോട് പാര്‍ത്ഥിക്കുന്ന ഈ ശ്ലോകത്തിലെ ജഠരോ ജാതവേദഃ എന്ന പ്രയോഗം ശ്രദ്ധേയമാണ്. അന്തരം ഭൂമിയില്‍ പിറവിയെടുത്ത് ബാല്യത്തില്‍ സ്വന്തം വിണ്മൂത്രാദികളുടെ മദ്ധ്യത്തില്‍ കിടന്ന് മുലപ്പാലിനായി ദാഹിച്ച് കരയുന്നതുമുതല് ബാലാരിഷ്ടരോഗങ്ങളിലൂടെ നീണ്ടുപോയ ബാല്യകാലം മുവുവന്‍ ഭഗവാനെ ചിന്തിക്കാതിരിക്കുന്നതിന്റെ അപരാധമാണ് രണ്ടാം ശ്ലോകത്തിലെ പ്രതിപാദ്യവിഷയം. ബാല്യം കഴിഞ്ഞ് യൗവനയുക്തനായപ്പോള്‍ ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ സഞ്ചരിച്ച് മാനഗര്വ്വാദികളോടുകൂടി കാലയാപനം കഴിഞ്ഞപ്പോഴും ഭഗവത് ചിന്തയുണ്ടായില്ല. ഈ ശ്ലോകത്തിലാകട്ടെ യൗവനത്തിലെ വികാരരാഹിത്യത്തിന് കാരണം ‘വിഷയവിഷധരൈഃ പഞ്ചഭിര്മര്മ സന്ധ് ദഷ്ടോ നഷ്ടോ വിവേകഃ’ വിഷയങ്ങളാകുന്ന വിഷമുള്ള പാമ്പുകളുടെ അഞ്ച് മര്‍മ്മങ്ങളിലുള്ള ദംശനമാണ് കാരണമെന്ന സത്യവും ഓര്‍മ്മിക്കുന്നു. അടുത്ത പദ്യത്തിലൂടെ യൗവനകാലത്തിന് ശേഷം വാര്‍ദ്ധക്യത്തിലും നഷ്ടയൗവന ചിന്തയാലും വാര്‍ദ്ധക്യസഹജമായ രോഗങ്ങളാലും മറ്റു നിരവധി മനോവ്യാധികളാലും മഹാദേവനെ ചിന്തിക്കുവാന്‍ സാധിക്കാതെ വന്നതിനാലുള്ള ദുഃഖത്തോടുകൂടി ഭഗവാനോട് ക്ഷമ യാചിക്കുന്നു.
ബാല്യകൗമാരയൗവനദശകള്ക്ക് ശേഷം വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ നടത്തേണ്ട ആത്മപരിശോധനയാണ് അടുത്ത ശ്ലോകത്തിലെ വിഷയം. ബ്രാഹ്മണനായ ആചാര്യസ്വാമികള്‍ താന്‍ ബാല്യം മുതലുള്ള ഓരോ ദശയിലും അനുഷ്ഠിക്കേണ്ടിയിരുന്ന ശ്രൗത-സ്മാര്‍ത്ത കര്‍മ്മങ്ങളില്‍ വന്നുചേര്‍ന്ന ലോപത്തെക്കുറിച്ച് ചിന്തിക്കുന്നു. ഈ രണ്ടു കര്‍മ്മങ്ങളിലൂടെയും നേടുന്ന സനാതന ധര്‍മ്മങ്ങളുടെ ച്യുതി നിമിത്തം ബ്രഹ്മജ്ഞാനത്തിന് താന്‍ ഉപരിയായി അനുഷ്ഠിക്കേണ്ട യോഗതപശ്ചര്യകള്ക്കും അയോഗ്യനായതിനുള്ള പശ്ചാത്താപത്തെ വിശദീകരിക്കുന്നു. ജീവിതയാത്രയിലെ എല്ലാ അവസ്ഥയിലും എല്ലാ ദശയിലും അതാത് ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നുവെന്ന് വ്യംഗ്യമായി നിര്‍ദ്ദേശിക്കുന്നു. ജീവിതകാലമത്രയും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് മന്ത്രസ്നാനം ചെയ്ത് ഗംഗാജലം, കൂവളത്തില, താമരമാല എന്നിവ കൊണ്ട് പൂജിക്കുവാനും സാധിക്കാതെ വന്നതില്‍ ഭഗവാനോട് ക്ഷമ ചോദിക്കുന്നതാണ് ആറാം ശ്ലോകത്തിലെ വിഷയം. ഭഗവാനെ യഥാവിധി പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്ത് ചന്ദനം ചാര്‍ത്തി ആടയാഭരണാദികള്‍ ചാര്‍ത്തി വിവിധങ്ങളായ ഷഡ്രസോപേതങ്ങളായ നൈവേദ്യങ്ങള്‍ സമര്‍പ്പിച്ച് പൂജിക്കുവാന്‍ സാധിക്കാതെ വന്നതിലുള്ള ദുഃഖം പ്രകടിപ്പിച്ച് ക്ഷമാപണം ചെയ്യുന്നു. ഭഗവാനെ ധ്യാനിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തില്ല. അക്ഷരലക്ഷം ബീജമന്ത്രത്തോടുകൂടി ജപിച്ച് ഹമവും ചെയ്തില്ല. വേദവിധിപ്രകാരമുള്ള ധ്യാനം, തപസ് എന്നിവയും ഭഗവാന് രുദ്രാഭിഷേകവും ചെയ്തില്ല. ഈ വിധത്തിലുള്ള കര്മ്മലോപനങ്ങള്ക്കുള്ള ക്ഷമാപണമാണ് എട്ടാം ശ്ലോകത്തിലെ പ്രതിപാദ്യം. പത്മാസനത്തിലിരുന്ന് പ്രണവം ജപിച്ച് കുണ്ഡലിനീശക്തിയെ ഉയര്‍ത്തുന്ന തപസ്സിനെ ക്കുറിച്ചും, തന്മൂലം ബ്രഹ്മജ്ഞാനികളായി വേദവേദ്യനും സര്‍വ്വാന്തര്യാമിയുമായ ഭഗവാന്റെ ദര്‍ശന സൗഭാഗ്യം ലഭിക്കുവാനും യോഗ്യതയില്ലാതായിത്തീര്ന്ന അവസ്ഥയെക്കുറിച്ചും ആചാര്യസ്വാമികള്‍ ദുഃഖിക്കുന്നു.
സത്വരജസംതമോഗുണങ്ങള്ക്ക് അതീതനും നിസ്സംഗനും മോഹാന്ധകാരത്തെ അകറ്റുന്നവനും നാസാഗ്രത്തിന് മുകളില്‍ ഭ്രൂമദ്ധ്യത്തിലുള്ള അജ്ഞാചക്രത്തില്‍ നിന്ന് മേല്‍പ്പോട്ടുപോയി അന്തഃകരണവൃത്തിയെ അതിക്രമിച്ച് നില്ക്കുന്ന യോഗശാസ്ത്രത്തിലെ ഉന്മാദാവസ്ഥയെ പ്രാപിച്ച ഭഗവാനെ നിരൂപിക്കുവാന്‍ കഴിയാത്ത തന്നോട് ക്ഷണിക്കണമെന്ന് അപേക്ഷിക്കുന്നു.
ചന്ദ്രശേഖരന്, ഗംഗാധരന്, ശങ്കരന്, സര്വ്വവിഭൂഷിതന്, ഗജചര്മ്മധാരി, ത്രൈലോക്യസാരന് മുതലായ സംബോധനകളാല്‍ ഭഗവാനെ വിളിച്ച് എല്ലാ മനോവ്യാപാരങ്ങളെയും നിയന്ത്രിച്ച് ഭഗവാനില്‍ മാത്രം ബദ്ധശ്രദ്ധനായി മോക്ഷാര്‍ത്ഥം പ്രാര്‍ത്ഥിക്കുന്നതാണ് പതിനൊന്നാം ശ്ലോകത്തിലെ പ്രതിപാദ്യം. ധനം, കുതിര, ആന, രാജ്യം, ഗൃഹം, ഭാര്യ, പുത്രന്, സുഹൃത്, ദേഹം എന്നീ ക്ഷണഭംഗുരങ്ങളും അനിത്യങ്ങളുമായ വസ്തുതകളെ ത്യജിച്ച് ഗുരൂപദേശപ്രകാരം ആത്മസാക്ഷാത്കാരത്തിനായി പാര്‍വ്വതീ വല്ലഭനായ മഹാദേവനെ പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു.
അടുത്ത ശ്ലോകങ്ങളിലൂടെയും ആചാര്യസ്വാമികള്‍ മനുഷ്യജീവന്റെ ക്ഷണികവും അനിത്യവുമായ അവസ്ഥയെ വിശദീകരിക്കുന്നു. ആയുസ്സും യൗവനവും നിത്യേന നശിക്കുന്നതായി കാണാമെന്നും കഴിഞ്ഞുപോയ ദിനങ്ങള്‍ തിരിച്ചുവരില്ലെന്നും പറയുന്നു. ആയതിനാല്‍ കാലത്തെ ലോകഭക്ഷകനായി ചിത്രീകരിച്ചിരിക്കുന്നു. സമ്പത്താണെങ്കില്‍ വെള്ളത്തിലെ ഓളം പോലെ സ്ഥിരതയില്ലാത്തതാണ്. ജീവിതം ഇടിമിന്നല്പ്പിണര്പോലെ ക്ഷണികമാണ്. ഈ കാരണങ്ങളാല്‍ ഞാന്‍ അങ്ങയെത്തന്നെ ശരണം പ്രാപിക്കുന്നുവെന്നും ത്രൈലോക്യനാഥനായ മഹാദേവന് രക്ഷിക്കുമെന്നും പ്രാര്‍ത്ഥിക്കുന്നു. കര്മ്മേന്ദ്രിയങ്ങളെക്കൊണ്ടോ ബുദ്ധി, മനസ്സ് മുതലായ ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ടോ ഏതെങ്കിലും തരത്തിലുള്ള അപരാധം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ പൊറുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: