കോട്ടയം : പി.സി ജോര്‍ജ്ജ് സെക്ഷന്‍ ഓഫീസ് പോലും അനുവദിപ്പിക്കാന്‍ കഴിവില്ലാത്ത എംഎല്‍എയാണെന്ന് കെഎസ്ഇബി ജീവനക്കാരുടെ സംഘടനകള്‍ ആരോപിച്ചു. ഉടുമുണ്ട് അരയില്‍ നിന്നും വഴുതിപ്പോകുന്ന അവസ്ഥയില്‍ കാലുകള്‍ നിലത്തുറയ്ക്കാതെ ഈരാറ്റുപേട്ട കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ കയറി അസഭ്യവര്‍ഷം നടത്തിയത് പ്രതിഷേധാര്‍ഹമാണെന്നും ജീവനക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടിയും മഴയുമുള്ള രാത്രിയില്‍ പോസ്റ്റില്‍ കയറിയാല്‍ അപകടമാണെന്നതിനാലാണ് കേടായ ലൈന്‍ നന്നാക്കാനാവാതെ വന്നത്. മഴ ശമിച്ചതോടെ തകരാര്‍ പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ഓഫീസില്‍ കയറിവന്ന് കാട്ടിയ ആഭാസത്തരം ന്യായീകരിക്കുന്ന നിലപാട് പി.സി ജോര്‍ജ്ജ് തിരുത്തണം. എംഎല്‍എ ജീവനക്കാര്‍ക്കെതിരെ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണ്. ഇതവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഈരാറ്റുപേട്ടയില്‍ കെഎസ്ഇബിയിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്. വി.എം പ്രദീപ്, വി.ഡി രജികുമാര്‍, ആര്.സി രാജേഷ്, പി.വി പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: