മുണ്ടക്കയം: പാലപ്രയിലെ പൊതുപ്രവര്‍ത്തകനായ പി.കെ.ശശിധരനെതിരെ കള്ളക്കേസ് ചുമത്തിയ കാഞ്ഞിരപ്പള്ളി എസ്ഐക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജപി പാറത്തോട് പഞ്ചായത്ത് കമ്മറ്റിയുടെയും എസ്എന്‍ഡിപി 1496-ാം നമ്പര്‍ ശാഖയുമാണ് എസ്ഐയുടെ ഹീനമായ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നത്. പാലപ്രയിലെ സാമൂഹിക, സാംസ്കാരിക സാമുദായിക മണ്ഡലങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യവുമായ ശശിധരനെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡനൃ ഇ.കെ.സനല്‍ പറഞ്ഞു. എസ്ഐയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എസ്എന്‍ഡിപി പാലപ്ര ശാഖാ ഭാരവാഹികളായ കെ.ആര്.ജയപ്രകാശ്, കെ.സുരേന്ദ്രന്, പി.എന്‍.അശോകന് എന്നിവരും എസ്ഐയുടെ കുടിലനീക്കത്തിനെതിരെ പ്രതിഷേധിച്ചു. വേങ്ങത്താനം ഭാഗത്തുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും ഒട്ടുപാല് മോഷണം പോയത് സംബന്ധിച്ച പരാതിയില്‍ മോഷണം പോയ രാത്രിയില്‍ ഒരു ഒംനിവാന്‍ ആ ഭാഗത്തു കൂടി പോകുന്നതു കണ്ടുവെന്നും മറ്റും പറഞ്ഞ് എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ശശിധരന് മാരുതി വാന്‍ ഉണ്ടെന്നുള്ള ഒറ്റക്കാരണത്താല്‍ അന്യായമായി കാഞ്ഞിരപ്പള്ളി എസ്ഐയും സംഘവും ഇയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ശശിധരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വസ്ത്രം മാറാന്‍പോലും അനുവദിക്കാതെ ബലമായി കസ്റ്റഡിയിലെടുത്ത് പോലിസ് സ്റ്റേഷനില്‍ എത്തിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ രാഷ്ട്രീയ, സാമൂദായിക പ്രവര്‍ത്തകരോടും എസ്ഐ മര്യാദ കാട്ടിയില്ല. മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥപോലം എസ്ഐ ശശിധരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എസ്ഐയുടെ വര്‍ഗ്ഗീയ അജന്‍ഡ അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: