മരട്: യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുന്ന നോക്കുകൂലി നിര്‍ത്തലാക്കല്‍ നയം പാളുന്നു. മുന്നണിയിലെതന്നെ മുഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടയായ ഐഎന്‍ടിയുസിതന്നെ ഇതിനെ അനുകൂലിക്കാത്തസ്ഥിതിക്ക് ആദ്യനൂറുദിനത്തിനുള്ളില്‍ നോക്കുകൂലിക്ക് തടയിടാം എന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ ഫലം കാണില്ലെന്ന് ഏതാണ്ട് ഉറപ്പായി. പണിയെടുക്കാതെ പരസ്യമായി കൂലി പിടിച്ചുവാങ്ങുന്നതില്‍ ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസിയും, പ്രതിപക്ഷത്തെ സിഐടിയും, എഐടിയുസി എന്നിവയുമെല്ലാം മത്സരിച്ചാണ് രംഗത്തുള്ളത്.
മറ്റു സ്ഥലങ്ങളില്‍നിന്നും കൊച്ചിനഗരത്തിലേക്കും, പ്രാന്തപ്രദേശങ്ങളിലേക്കും എത്തുന്ന മണല്‍ ലോറികള്‍, കരിങ്കല്ല്, പൂഴിമണ്ണ്, എന്നിവകയറ്റിവരുന്ന ലോറികള്‍ ഇവക്കെല്ലാം വാഹനത്തിന്റെ വലപ്പും അനുസരിച്ച് ഇവ ഇറക്കേണ്ട സ്ഥലത്തെ ലോഡിംഗ് തൊഴിലാളികള്‍ക്ക് കൃത്യമായി നോക്കുകൂലി നല്‍കണമെന്നതാണ് ഇപ്പോഴത്തെ അലിഖിത നിയമം. ടിപ്പറുകള്‍ക്ക് മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊച്ചിയിലെമരട് പ്രദേശത്തുള്ള വിവിധ വാഹന വില്‍പനകേന്ദ്രത്തിലേക്ക് എത്തുന്ന കാറുകള്‍ക്കും, ഇരുചക്രവാഹനങ്ങള്‍ക്കുംവരെ നോക്കുകൂലി നിര്‍ബന്ധമാക്കിയിരിക്കുകയാണ് വിവിധതൊഴിലാളി യൂണിയനുകള്‍. ഇതിനുപുറമെ സര്‍ക്കാര്‍ നിശ്ചയിച്ച് ലേബര്‍ കമ്മീഷന്‍ അംഗീകരിച്ച നിരക്കിലും കൂടുതല്‍ തുക കയറ്റിറക്കിന് സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വം വാങ്ങുന്നതും പതിവാണ്.
തൊഴിലാളി യൂണിയനുകളുടെ നിര്‍ബന്ധത്തിനു വഴങ്ങാത്ത സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്ന സംഭവങ്ങളും നടന്നുവരുന്നുണ്ടെന്നും ആക്ഷേപവുമുണ്ട്. ചെറിയ ടിപ്പര്‍ ലോറികള്‍ക്ക് ലോഡ് ഒന്നിന് 30 രൂപയാണ് നോക്കുകൂലി. വലിയ ലോറികള്‍ക്ക് ഇത് 60 രൂപയാണ്. അതാത് സ്ഥലത്തെ പൂളുകാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ ലോഡിറക്കല്‍ തടസ്സപ്പെടും എന്നതാണ് സ്ഥിതി. അനധികൃത ഭൂമി നികത്തലിനും മറ്റും തൊഴിലാളി യൂണിയനുകള്‍ ഒത്താശചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: