ചെന്നൈ: സംഗീത സംവിധായകന് ജോണ്സണ് (58) അന്തരിച്ചു. ചെന്നൈയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് രാത്രി എട്ടരയോടെയായിരുന്നു മരണം. കാട്ടുപാക്കത്തെ വസതിയില്‍ നെഞ്ചുവേദന ആനുഭവപ്പെട്ടതിനെ തുടര്‍ന്നു പോരൂര്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിലേയ്ക്ക് എത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
1953 മാര്‍ച്ച് 26 ന് തൃശൂരിലാണ് ജോണ്സണ് ജനിച്ചത്. അച്ഛന് ആന്റണി. അമ്മ മേരി. തൃശൂരിലെ സെന്റ് തോമസ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പാശ്ചാത്യ ശൈലിയില്‍ വയലിന് അഭ്യസിച്ചു. ‘വോയ്സ് ഓഫ് തൃശൂര്‍’ എന്ന സംഗീത ട്രൂപ്പില്‍ പരിപാടികള്‍ അവതരിപ്പിച്ചു വന്ന അദ്ദേഹം സംഗീത സംവിധായകന് ദേവരാജന്റെ ശ്രദ്ധ പിടിച്ചു പറ്റി.
മലയാള സിനിമയ്ക്ക് ഒട്ടേറെ ഗാനശകലങ്ങള്‍ തീര്‍ത്ത ബഹുമുഖ പ്രതിഭയായിരുന്നു ജോണ്സണ്. 300ലധികം സിനിമകള്‍ക്ക് സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചു. പൊന്തന്മാട (1994), സുകൃതം (1995) എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചു. കൂടാതെ മൂന്നു തവണ സംഗീത സംവിധാനത്തിനുളള സംസ്ഥാന അവാര്‍ഡ്- ഓര്‍മയ്ക്കായി (1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി (1989), അങ്ങനെ ഒരു അവധിക്കാലത്ത് (1999), രണ്ടു തവണ പശ്ചാത്തല സംഗീതത്തിനുളള സംസ്ഥാന അവാര്‍ഡ്- സദയം (1992), സല്ലാപം (1996) നേടി.
1978ല്‍ ആരവം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. പ്രശസ്ത സംവിധായകരായ പത്മരാജന്, ഭരതന് എന്നിവര്‍ക്കു വേണ്ടി ഏറ്റവും കൂടുതല്‍ സംഗീതം നിര്‍വഹിച്ചയാളാണ്. പത്മരാജന് ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ (1986), നൊമ്പരത്തിപ്പൂവ് (1987), ഞാന്‍ ഗന്ധര്വന് (1991) എന്നീ ചിത്രങ്ങളാണു ജോണ്‍സനെ ശ്രദ്ധേയനാക്കിയത്.
ജി. ദേവരാജന്‍ മാസ്റ്ററിന്റെ അസിസ്റ്റന്റായിട്ടാണ് അദ്ദേഹം സംഗീതലോകത്തേക്കു പ്രവേശിച്ചത്. ഭൂതക്കണ്ണാടി, സല്ലാപം, കിരീടം, അമരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാറ്റത്തെ കിളിക്കൂട്, സവിധം, മാളൂട്ടി, ചമയം, ചുരം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്കി.
ജോണ്സണ് പശ്ചാത്തല സംഗീതത്തിലും അസാധാരണമായ പ്രതിഭ പ്രദര്‍ശിപ്പിച്ചിരുന്നു. മണിച്ചത്രത്താഴ് അമരം, കമലദളം, സുകൃതം തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: