Categories: India

ഒ.ബി.സിക്ക് 10 ശതമാനം കുറഞ്ഞ് മാര്‍ക്ക് മതി – സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ ഒ.ബി.സി ക്വാട്ടാ പ്രവേശനത്തിന്‌ പൊതുവിഭാഗത്തേക്കാള്‍ പത്ത് ശതമാനം കുറഞ്ഞ മാര്‍ക്ക്‌ മതിയെന്ന്‌ സുപ്രീം കോടതി വിധി. 2011 -2012 വര്‍ഷങ്ങളിലെ പ്രവേശനത്തെ ഈ നിര്‍ദേശം ബാധിക്കരുതെന്നും കോടതി ഉത്തരവിട്ടു.

കേന്ദ്ര യൂണീവേഴ്‌സിറ്റികളിലെ 27 ശതമാനം ഒ.ബി.സി ക്വാട്ടയിലേക്കുള്ള മാനദണ്ഡം സുപ്രീംകോടതി പുതുക്കി നിശ്ചയിച്ചു. ജസ്റ്റിസ്‌ ആര്‍.വി.രവീന്ദ്രന്‍, ജസ്റ്റിസ്‌ എ.കെ.പട്‌നായിക്‌ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ വിധി. ഹൈക്കോടതി വിധിയെക്കുറിച്ചു വിശദീകരിക്കണമെന്നു ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി മുന്‍ പ്രൊഫസര്‍ പി.വി. ഇന്ദര്‍സന്‍ നല്‍കിയ ഹര്‍ജിയിലാണു കോടതി വിശദീകരണം.

പല സ്ഥാപനങ്ങളിലും ഒബിസി ക്വാട്ട പ്രവേശനം സംബന്ധിച്ചു വ്യക്തതയില്ലെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുവിഭാഗം മിനിമം യോഗ്യതാ മാര്‍ക്കിന്റെ 10 ശതമാനത്തില്‍ താഴെ മതി ഒ.ബി.സി വിദ്യാര്‍ഥികളുടെ അടിസ്ഥാന മാര്‍ക്കെന്ന് ദല്‍ഹി ഹൈക്കോടതി നേരത്തേ ഉത്തരവിട്ടത്.

യോഗ്യരായ ഒ.ബി.സി വിദ്യാര്‍ഥികളെ ലഭിച്ചില്ലെങ്കില്‍ പൊതുവിഭാഗത്തിലെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണം. പ്രവേശനനടപടികളുടെ സമയം അവസാനിക്കുകയും ഒ.ബി.സി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ പ്രവേശന കാലാവധി ഓഗസ്റ്റ്‌ 31 വരെ സുപ്രീം കോടതി നീട്ടിയിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by