Categories: Kerala

സിംഗ്ലയ്‌ക്ക്‌ വിശിഷ്ടസേവാമെഡല്‍: മുസ്ലീംലീഗിന്റെ സമ്മാനമെന്ന്‌ ആക്ഷേപം

Published by

കോട്ടയം: എഡിജിപി മഹേഷ്കുമാര്‍ സിംഗ്ലയ്‌ക്ക്‌ ലഭിച്ച രാഷ്‌ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ മുസ്ലിം ലീഗിന്റെ ശുപാര്‍ശയിലെന്ന്‌ ആക്ഷേപം. മാറാട്‌ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലെ അപാകതയുടെ പേരില്‍ ഏറെ പഴികേട്ട ഉദ്യോഗസ്ഥനായ മഹേഷ്കുമാര്‍ സിംഗ്ലയെ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമാണ്‌ വിശിഷ്ടസേവാ മെഡലിനുള്ള ലിസ്റ്റിലേക്കുള്‍പ്പെടുത്തിയത്‌. മാനദണ്ഡങ്ങള്‍ മറികടന്നാണ്‌ മെഡല്‍ദാനമെന്നാണ്‌ പോലീസിനുള്ളില്‍നിന്നുതന്നെ ഉയര്‍ന്നിരിക്കുന്ന പരാതി.

മാറാട്‌ കൂട്ടകൊലയുമായി ബന്ധപ്പെട്ട്‌ നടപടികളില്‍ വീഴ്ചവരുത്തിയെന്ന്‌ ജസ്റ്റിസ്‌ തോമസ്‌ പി. ജോസഫ്‌ കമ്മീഷന്‍ കണ്ടെത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ്‌ സിംഗ്ല. സംഭവത്തിനുശേഷം ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘത്തലവനായ സിംഗ്ലയുടെ അന്വേഷണരീതികള്‍ ഹിന്ദു സംഘടനകളുടേയും മാറാട്‌ നിവാസികളുടെയും പരാതിക്കു കാരണമായിരുന്നു. മറാട്‌ സംഭവവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി മുമ്പാകെയെത്തിയ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പിന്‍വലിക്കുന്നതിനു പിന്നിലും സിംഗ്ല പ്രവര്‍ത്തിച്ചിരുന്നു. ഹര്‍ജിയുടെ വിചാരണ കോടതിയില്‍ നടന്ന വേളയില്‍ ഹൈക്കോടതി ആവശ്യപ്പെടാതെ തന്നെ സിംഗ്ല കോടതിയലെത്തി കേസിലെ കുറ്റപത്രം 90 ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സമര്‍പ്പിക്കണമെന്നതടക്കം നിരവധി ഉറപ്പുകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കോടതിക്ക്‌ മുന്നിലുണ്ടായിരുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പിന്‍വലിക്കപ്പെട്ടത്‌. എന്നാല്‍ നല്‍കിയ ഉറപ്പുകളൊന്നും സിംഗ്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിന്നീട്‌ പാലിച്ചിരുന്നില്ല.

മാറാട്‌ സംഭവത്തിനു പിന്നിലെ ബാഹ്യ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും സിംഗ്ലയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ അട്ടിമറിക്കപ്പെട്ടിരുന്നു. ഇതിനിടെ എന്‍ഡിഎഫ്‌ ബന്ധമുള്ള വ്യവസായി കെ.എം. അബൂബക്കറും സിംഗ്ലയുടെ പിതാവ്‌ ഭഗവാന്‍ദാസും ബിസിനസ്‌ പങ്കാളികളൊന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നതാണ്‌. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളുയര്‍ന്ന സിംഗ്ലയെ പിന്നീട്‌ ഒരുഘട്ടത്തിലും ഉയര്‍ന്ന ബഹുമതികള്‍ക്കായി കേരളാ പോലീസും കഴിഞ്ഞ ഇടതു സര്‍ക്കാരും പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ ശുപാര്‍ശപ്പട്ടികയില്‍ സിംഗ്ലയുടെ പേര്‍ കടന്നുകൂടുകയായിരുന്നു. സിംഗ്ലയ്‌ക്ക്‌ വേണ്ടി ആഭ്യന്തരവകുപ്പില്‍ ഇടപെടലുകള്‍ നടത്തിയത്‌ മുസ്ലിംലീഗിലെ പ്രമുഖനേതാവാണെന്നും അറിയുന്നു.

എസ്‌.സന്ദീപ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by