Categories: World

ഇക്വഡോറില്‍ പോലീസുകാര്‍ക്ക്‌ നുണ പരിശോധന

Published by

ക്വിറ്റോ: അഴിമതി നിര്‍മാര്‍ജന ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പോലീസ്‌ ഓഫീസര്‍മാരെ നുണ പരിശോധനക്ക്‌ വിധേയമാക്കുമെന്ന്‌ ഇക്വഡോറിലെ പോലീസ്‌ മേധാവി അറിയിച്ചു. രാജ്യത്തെ 42000 പോലീസ്‌ ഓഫീസര്‍മാര്‍ ഇതിന്‌ വിധേയരാകുമെന്ന്‌ ജനറല്‍ വില്‍സണ്‍ അലുലിമ അറിയിച്ചു. പുതിയ അഴിമതി നിരോധനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ അവരുടെ സ്വത്ത്‌ വെളിപ്പെടുത്തേണ്ടതുണ്ട്‌. ഇതിലൂടെ അനധികൃതമായ സ്വത്ത്‌ സമ്പാദനം തടയാനാകുമെന്ന്‌ വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ സെപ്തംബറില്‍ ഉണ്ടായ പോലീസ്‌ ലഹളയെത്തുടര്‍ന്ന്‌ സേനയെ ആധുനികവല്‍ക്കരിക്കാന്‍ പ്രസിഡന്റ്‌ റഫേല്‍ കൊറിയ ഉത്തരവിട്ടിരിക്കുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി തങ്ങളുടെ ആനുകൂല്യങ്ങള്‍ വെടിക്കുറക്കുന്നതിനെതിരെ പോലീസുകാര്‍ പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പ്രതിഷേധം അക്രമാസക്തമാവുകയും കണ്ണീര്‍വാതക പ്രയോഗത്തില്‍ പരിക്കേറ്റ പ്രസിഡന്റിനെ പട്ടാളത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇത്‌ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമമായാണ്‌ പ്രസിഡന്റ്‌ കണക്കാക്കിയത്‌. പോലീസ്‌ സേനയെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം പോലീസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അഴിമതിക്കാരെ പുറത്താക്കാനുള്ള അധികാരം സര്‍ക്കാര്‍ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നല്‍കുമെന്ന്‌ താന്‍ പ്രതീക്ഷിക്കുന്നതായി പോലീസ്‌ മേധാവി പ്രത്യാശ പ്രകടിപ്പിച്ചു. ജോലിയില്‍നിന്ന്‌ സസ്പെന്റ്‌ ചെയ്ത്‌ 300 പോലീസുകാരെ കോടതികള്‍ തെളിവില്ലാത്തതിനാല്‍ തിരിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഡ്ജിമാര്‍ക്ക്‌ അവരുടെ പ്രവര്‍ത്തിയുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാവുന്നില്ലെന്നും പോലീസ്‌ മേധാവി അറിയിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തള്ളിപ്പറയുന്ന പ്രവര്‍ത്തകര്‍ക്ക്‌ ഇന്‍സെന്റീവുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by