ജമ്മു: ജമ്മുകാശ്മീരിലെ രജൗരി ജില്ലയില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാക് പട്ടാളം വെടിവെപ്പു നടത്തി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ ഇത് രണ്ടാം പ്രാവശ്യമാണ് വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന് ലംഘിക്കുന്നത്. വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ ജവാന് പരിക്കേറ്റു.
രജൗരി സെക്ടറില്‍പ്പെട്ട കേരി പ്രദേശത്ത് ഇന്നലെ അസാധാരണമായ നീക്കങ്ങള്‍ നിയന്ത്രണ രേഖക്കടുത്ത് ശ്രദ്ധയില്പ്പെടതിനെത്തുടര്ന്ന് ഉടന്‍തന്നെ ഇന്ത്യന്‍ പട്രോള്‍ സംഘം സ്ഥലത്തേക്ക് നിയോഗിക്കപ്പെട്ടതായി ഒരു ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥന് അറിയിച്ചു.
പാക്കിസ്ഥാന് പട്ടാളം ഇന്ത്യന്‍ സൈനികര്‍ക്കെതിരെ വെടിവെച്ചുവെന്നും അതിര്‍ത്തിരക്ഷാസേന തിരിച്ചും വെടിവെച്ചുവെന്നും ഈ ആക്രമണ പ്രത്യാക്രമണങ്ങള്‍ കുറേനേരത്തേക്ക് തുടര്‍ന്നുവെന്നും പട്ടാള ഉദ്യോഗസ്ഥന് അറിയിച്ചു. അക്രമികള്‍ രക്ഷപ്പെട്ടതായും പരിക്കേറ്റ ജവാനെ ആശുപത്രിയിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വളരെ വ്യക്തമായ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ്. ഞങ്ങള്‍ ഇന്നുതന്നെ പാക്കിസ്ഥാനെ പ്രതിഷേധമറിയിക്കും ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
സാംബ ജില്ലയില്‍ സ്വാതന്ത്ര്യദിനത്തിന് പാക്കിസ്ഥാന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തിരുന്നു. ആഗസ്റ്റ് 15-ാം തീയതി വെളുപ്പിന് 3.15 നാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: