ന്യൂദല്‍ഹി : അന്ന ഹസാരെയുടെ അറസ്റ്റിനെ ന്യായീകരിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. ലോക്സഭയില്‍ സുഷമാ സ്വരാജും രാജ്യസഭയില്‍ അരുണ്‍ ജയ്റ്റ്ലിയും സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായി പ്രതികരിച്ചു.
രാജ്യത്തു മനുഷ്യാവകാശത്തിനു സര്‍ക്കാര്‍ വില നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് വ്യക്തമാക്കണം. സമരങ്ങളെല്ലാം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ 1975ലെ അടിയന്തരാവസ്ഥ കാലത്തെ അനുഭവം ആവര്‍ത്തിക്കുമെന്ന എല്‍.കെ. അദ്വാനിയുടെ വാക്കുകള്‍ ഓര്‍ക്കണം. മൂന്നു ദിവസം സമരം നടത്താമെന്നു പൊലീസല്ല തീരുമാനിക്കേണ്ടത്. എത്ര ദിവസം സമരം നടത്തണമെന്നു തീരുമാനിക്കേണ്ടതു സമരക്കാരാണ്. നിബന്ധനകള്‍ അടിച്ചേല്പ്പിക്കുന്നതു ഭൂഷണമല്ലെന്നും സുഷമ വ്യക്തമാക്കി.
അഴിമതിക്കെതിരേ പൊരുതാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ലെന്ന് അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തി. പാര്‍ലമെന്റിന് മേല്‍ ആരെങ്കിലും നിയമം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ല. പാര്‍ലമെന്റിനാണ് നിയമം നടപ്പാക്കാനുള്ള അവകാശമെന്ന് എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ അഴിമതിക്കെതിരേ സംസാരിക്കുമ്പോള്‍ സര്‍ക്കാര്‍ പിന്നോട്ടു പോകുന്നു. അഴിമതി ഇല്ലാതാക്കാന്‍ മാന്ത്രിക വടിയില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പൊതു സമൂഹത്തിലെ നിരവധി ആളുകള്‍ സമരവുമായി മുന്നോട്ടു വരും. ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും ജെയ്റ്റ്ലി ആവശ്യപ്പെട്ടു.
സ്പീക്കറുടെ നടപടി അംഗീകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് എല്‍.കെ അദ്വാനി പറഞ്ഞു. ഇന്നലെ ചര്‍ച്ച നടത്താമെന്ന സ്പീക്കറുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും ആരോപണമുണ്ടായി. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ചവേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ അനുവദിച്ചു. എന്നാല്‍ പ്രധാനമന്ത്രി സഭ വിട്ടുപോയത് പ്രക്ഷുബ്ദമായ രംഗങ്ങള്‍ ഉണ്ടാക്കി. ഇതേത്തുടര്‍ന്നുണ്ടായ ബഹളത്തില്‍ ലോക്സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. 1975നെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നലെ ഉണ്ടായതെന്ന് അദ്വാനി ആരോപിച്ചു. ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: