ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ 2006 ല്‍ ജപ്പാനില്‍നിന്നും ഇന്ത്യയിലേക്ക് പ്രധാനമന്ത്രിയെ അറിയിച്ചശേഷം കൊണ്ടുവന്നിരുന്നോ എന്ന് സംശയമുണരുന്നു.
നേതാജിയെക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധു എഴുതിയ പുസ്തകത്തില്‍ തയ്വാനില് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ജപ്പാനില്‍നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതായുള്ള വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയാണ്. 1945 ആഗസ്റ്റ് 18 ന് തയ്വാനിലെ വിമാനാപകടത്തിലാണ് നേതാജി കൊല്ലപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. ടോക്കിയോവിലെ രങ്കോജി ക്ഷേത്രത്തിലാണ് ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈയിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാല അധ്യാപകനും നേതാജിയുടെ ബന്ധുവുമായ പ്രൊഫസര്‍ സുഗതാബോസ് എഴുതിയ ഹിസ് മജസ്റ്റീസ് ഒപ്പോണന്റ് (രാജ്ഞിയുടെ ശത്രു) എന്ന തന്റെ പുസ്തകത്തിന്റെ അവസാന അധ്യായത്തിലെ അടിക്കുറിപ്പില്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു. ടോക്കിയോയിലെ ഇന്ത്യന്‍ ഇന്റിപെന്റന്റ് ലീഗിന്റെ സ്ഥാപകനായ രാമമൂര്‍ത്തി ഭൗതികാവശിഷ്ടങ്ങളുടെ ഒരു ഭാഗം രഹസ്യമായി തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. 2006 ല്‍ ഭാരതത്തിലേക്ക് പ്രധാനമന്ത്രിയുടെ അറിവോടുകൂടി അത് കൊണ്ടുവന്നിരുന്നുവെന്നതുമാണ് വിവരങ്ങള്‍.
ഈ കാര്യങ്ങള്‍ അറിയാന്‍ ചന്ദ്രചൂര്‍ ഖോസ് എന്ന വ്യക്തി വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ കാര്യാലയത്തിന് ഒരു വിവരവുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഗ്രന്ഥകാരനുമായി ബന്ധപ്പെടുവാനുള്ള ശ്രമം വിഫലമായി. മൂര്ത്തികുടുംബം പറയുന്ന പ്രകാരം ഭൗതികാവശിഷ്ടം ഭാഗിക്കുകയും ഒരു ഭാഗം തന്റെ ഭവനത്തില്‍ സൂക്ഷിച്ചുവെക്കുകയും ചെയ്തു. ഇങ്ങനെ ഒരു സത്യവാങ്മൂലം ടോക്കിയോവിലെ ഇന്ത്യന്‍ എംബസിയില്‍ രാമമൂര്‍ത്തിയുടെ മരുമകന് ആനന്ദമൂര്‍ത്തി എഴുതുകയും എംബസി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം നടന്നത് 2008 ആഗസ്റ്റ് 18നാണെന്നും അടിക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.
മറ്റൊരു അടിക്കുറിപ്പ് പ്രകാരം മൂര്‍ത്തിയുടെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന നേതാജിയുടെ ചിതാഭസ്മം 2006 ല്‍ നേതാജിയുടെ മകള്‍ അനിതയുമായുള്ള ആശയവിനിമയത്തിനുശേഷം കൊണ്ടുവന്നതായും പ്രധാനമന്ത്രിക്ക് ഈ വസ്തുതകളെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചിതാഭസ്മം രങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പാത്രം ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും അറിയിച്ചു.
എന്നാല്‍ നേതാജി കയറിയ ഒരു വിമാനവും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന വിവരാവകാശ അപേക്ഷ നല്കിയ ഖോസിന്റെ കൂട്ടാളിക്ക് തയ്വാന് സര്‍ക്കാരില്‍നിന്ന് ലഭിച്ച മറുപടി ഇതുസംബന്ധിച്ച് അന്വേഷിച്ച മുഖര്‍ജി കമ്മീഷന് റിപ്പോര്‍ട്ട് 2006 മെയ് 17ന് പാര്‍ലമെന്റില്‍ വക്കുകയുണ്ടായി. റിപ്പോര്‍ട്ട്പ്രകാരം നേതാജി തയ്വാനില് വച്ചല്ല കൊല്ലപ്പെട്ടതെന്നും ഒരു ജപ്പാന് സൈനികന്റെ ഭൗതികാവശിഷ്ടങ്ങളാണ് നേതാജിയുടേതായി തെറ്റിദ്ധരിക്കപ്പെടുന്നതെന്നും അറിയിക്കുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: