രാജ്യം അതിന്റെ 65-ാം പിറന്നാള്‍ആഘോഷിച്ചത് തിങ്കളാഴ്ച. ബ്രിട്ടീഷുകാരന്റെ കാല്‍ച്ചുവട്ടില്‍നിന്ന് ഇന്ത്യന്‍ സ്വത്വത്തെ അതിന്റെ തനിമയും ഓജസ്സും ചൂണ്ടിക്കാട്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത് ലോകം എന്നും ആദരവോടെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ബാപ്പുജിയുടെ നിസ്തന്ദ്രപ്രവര്‍ത്തനങ്ങള്‍ വഴി . അതിന്റെ ഇനിയും വിവരിക്കാന്‍ കഴിയാത്ത ആവേശത്തിന്റെ പ്രോജ്വലിക്കുന്ന ഓര്‍മകളാണ് ഓരോ ആഗസ്ത് 15ലും ജനകോടികള്‍ ആഹ്ലാദത്തോടെ ആഘോഷിക്കുന്നത്. അതിന്റെ ഉള്‍ത്തുടിപ്പുകളില്‍ ആമഗ്നരാവാന്‍ ഓരോകുഞ്ഞുകുട്ടിയും അഹമഹമികയാ മുന്നോട്ടുവരുന്നുണ്ടെങ്കില്‍ കാരണക്കാരന്‍ ഗാന്ധിജി തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അഹിംസ ജീവിത വ്രതമായെടുക്കുകയും അത് ആര്‍ക്കും സ്വീകരിക്കാവുന്ന വിധത്തില്‍ ചിട്ടപ്പെടുത്തുകയും ആചരിക്കാന്‍ നിഷ്ക്കളങ്കമായി ആഹ്വാനം ചെയ്യുകയും ചെയ്ത ഗാന്ധിജിയുടെ ഓര്‍മകള്‍ മുന്‍നിര്‍ത്തിയാണ് അണ്ണാഹസാരെ എന്ന വന്ദ്യവയോധികന്‍ ജനങ്ങളെ സ്നേഹിക്കുന്നത്; രാഷ്‌ട്രത്തെ ആദരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന്റെ ആഹ്ലാദപ്പൊലിമകള്‍ക്ക് തിരശ്ശീല വീഴുന്നതിന് മുമ്പെ, ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ ചെങ്കോല്‍ കൈയ്യേന്തിയെന്ന് അഭിമാനിക്കുന്ന ഭരണകൂടം ആ ഗാന്ധിയനെ ഇരുമ്പഴിക്കുള്ളിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിന് ഭരണകൂടം കൂച്ചുവിലങ്ങിട്ടിരിക്കുന്നു. എന്തിനതു ചെയ്തുവെന്ന ഹൃദയഭേദകമായ ചോദ്യം കോടിക്കണക്കായ ജനങ്ങള്‍ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യദിനത്തലേന്ന് പ്രഥമപൗരയായ പ്രതിഭാപാട്ടീലും പിറ്റേന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തപ്പോള്‍ ചൂണ്ടിക്കാട്ടിയത് ഒരു മഹാവിപത്തിനെയായിരുന്നു. സമൂഹത്തെ കാര്‍ന്ന്തിന്നുന്ന കാന്‍സറായി അഴിമതിയെക്കണ്ട പ്രതിഭാപാട്ടീലും സമൂഹത്തിലെ ക്രിമിനല്‍കുറ്റമായി വിലയിരുത്തിയ മന്‍മോഹന്‍സിംഗും ഇത്‌എങ്ങനെയും തടയണമെന്ന കാര്യത്തില്‍ ഒറ്റ നിലപാടുതന്നെയാണ് സ്വീകരിച്ചത്. അക്കാര്യം ശക്തിയുക്തം തന്നെ ജനങ്ങളുടെ ഹൃദയത്തില്‍ കോറിയിടാന്‍ അവര്‍ അവുന്നത്ര പരിശ്രമിച്ചു. തികച്ചും സ്വാഗതംചെയ്യപ്പെടേണ്ട ഒന്നു തന്നെയായി അതിനെ കാണേണ്ടതുണ്ട്. കാരണം അഴിമതി അത്ര ഭീകരമായി നമ്മുടെ രാഷ്‌ട്രഗാത്രത്തെ കാര്‍ന്നുതിന്നുന്നു.
എന്നാല്‍ ഈ അഴിമതിയെ തുറന്നുകാട്ടാനും അതിനെതിരെ ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനും ശ്രമിക്കുന്ന ഗാന്ധിയന്‍ ഹസാരെയെ യുപിഎ ഭരണകൂടം തടവിലിടുകയാണ് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഫാഷിസത്തിന്റെ ഒരു അഴിഞ്ഞാട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത് എന്നാരോപിച്ചാല്‍ തെറ്റാവില്ല. ജനാധിപത്യം പുലരുന്നുവെന്ന് ആവേശത്തോടെ അവകാശപ്പെടുകയും അതിന്റെ അഹ്ലാദാരവങ്ങള്‍ നെഞ്ചേറ്റി മണിക്കൂറുകള്‍ കഴിയുംമുമ്പെ തികച്ചും ജനാധിപത്യക്രമപ്രകാരമുള്ള സമരപരിപാടികള്‍ക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നു. ഇന്നലെ മുതല്‍ രാജ്ഘട്ടില്‍ നിരാഹാര സമരം നടത്താനൊരുങ്ങിയ അണ്ണാഹസാരെയെ ഭരണകൂട ഭീകരത പൊടുന്നനെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. അതിനൊപ്പം അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ അരവിന്ദ് കേജരിവാള്‍, കിരണ്‍ബേദി, ശാന്തിഭൂഷണ്‍ എന്നിവര്‍ക്കു നേരെയും വാളോങ്ങിയിരിക്കുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിക്കാന്‍ പോന്ന ആര്‍ജവം മഹാത്മാഗാന്ധിക്ക് കൈവന്നത് അതിശക്തമായ നിരാഹാര സമരമെന്ന ആയുധത്തിലൂടെയായിരുന്നു. അഹിംസയും നിരാഹാര സമരമുറയും ഒത്തുചേര്‍ന്നപ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ അസ്തമനമുണ്ടായി. ഇവിടം അഴിമതിയും സ്വജനപക്ഷപാതവും അതുമായി ബന്ധപ്പെട്ട ഒട്ടുവളരെ ഹിംസകളുടെയും വിളനിലമായിരിക്കുന്നു. അതിന്റെ അസ്തമനത്തിനും അതേ സമരമുറ തന്നെയല്ലേ അഭികാമ്യം? യുപിഎ ഭരണകൂടത്തിന് താങ്ങായി നില്‍ക്കുന്ന കോണ്‍ഗ്രസിന് എങ്ങനെയും ഭരണത്തില്‍ തുടരണമെന്ന വാശിയാണ്. കാരണം, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് തങ്ങളുടെ സമരത്തിന്റെ ആത്യന്തിക ഫലമാണെന്ന് അവര്‍ ഊറ്റംകൊള്ളുന്നു. അങ്ങനെ സ്വതന്ത്രമാക്കപ്പെട്ട ഇന്ത്യയില്‍ എന്തും ചെയ്യാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന ധാര്‍ഷ്ട്യത്തിലാണവര്‍.
അഴിമതിക്കെതിരെ, ഇന്ത്യ സ്വതന്ത്രമായ അവസരത്തില്‍ ധീരമായ നിലപാടെടുത്ത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഒടുവില്‍ കളം മാറിച്ചവിട്ടിയത് നമുക്കറിയാം. എല്ലാവര്‍ക്കും ഗാന്ധിമാരാകാന്‍ കഴിയുമോ എന്ന് അന്നത്തെ കാലത്തുപോലും മാധ്യമപ്രവര്‍ത്തകരോട് ചോദിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഗാന്ധിയന്‍ രീതികളെ കുഴിച്ചുമൂടാന്‍ ഇന്നത്തെ കോണ്‍ഗ്രസിന് എന്താണ് വിഷമം? ഭരണത്തില്‍ അള്ളിപ്പിടിക്കാന്‍ ഏതു മാര്‍ഗവും അവലംബിക്കാന്‍ കഴിയുമെന്നതിന്റെ സൂചനതന്നെയല്ലേ അണ്ണാഹസാരെയെന്ന ഗാന്ധിയനെ കാക്കിധാരികളെക്കൊണ്ട് വലിച്ചിഴപ്പിച്ചത്. നിരാഹാരമെന്ന തികച്ചും ആദര്‍ശപരമായ ഒരു സമരപരിപാടിയെപ്പോലും യുപിഎ ഭരണകൂടത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥിതി ഭയാനകമല്ലേ?
ബ്രിട്ടീഷുകാരന്‍ കാണിച്ച മര്യാദപോലും ഇന്ത്യന്‍ ഭരണകൂടം ജനങ്ങളോടും അവരുടെ നേതാക്കളോടും കാണിക്കുന്നില്ലെങ്കില്‍ എന്ത് പുരോഗമനമുണ്ടായിട്ടും കാര്യമുണ്ടോ? സ്വാതന്ത്ര്യദിന നാളില്‍ അഴിമതിക്കെതിരെ അട്ടഹാസം മുഴക്കിയ മന്‍മോഹന്‍സിങ് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഒരു സമീപനം സ്വീകരിക്കേണ്ടേ? ഭരണം കൈവിട്ടുപോകുമെന്ന ഭീതികൊണ്ട് പണ്ടൊരു ഭരണാധികാരി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശവും തടഞ്ഞ് അടിയന്തരാവസ്ഥയെന്ന മാരണം ഇന്ത്യക്കുമേല്‍ കെട്ടിവെച്ചു. തന്റെ കൂട്ടാളികളെയും ഒത്താശക്കാരെയും സഹായിക്കാനായി ഒട്ടുവളരെ കാര്യങ്ങള്‍ അന്ന് ചെയ്തുകൂട്ടി. ഇന്ത്യന്‍ മനസ്സിനെ ഭീകരമായി പൊള്ളലേല്‍പ്പിച്ച സംഭവമായിരുന്നു അത്.
അന്നത്തെ അതേ ഫാഷിസത്തിന്റെ വഴിയിലേക്കാണ് യുപിഎ ഭരണകൂടം ഇപ്പോള്‍ നീങ്ങുന്നത്. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങു തകര്‍ക്കുന്ന ആധുനിക ഇന്ത്യയുടെ പേടിസ്വപ്നമാണ് അണ്ണാഹസാരെ ഉയര്‍ത്തിവിടുന്ന ആവേശം. അനുദിനം അത് ശക്തിപ്പെടുകയല്ലാതെ ക്ഷയിക്കില്ല. രാജ്യമൊന്നടങ്കം ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതിനാലാണ് ഹസാരെയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സര്‍ക്കാരിന് അക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രമന്ത്രി അംബികാസോണി അഭിപ്രായപ്പെട്ടിരിക്കുന്നത്.
പണ്ട് ഇന്ദിരാഗാന്ധിക്കും അംബികാസോണിമാരെപ്പോലുള്ള ഉപദേശികള്‍ ഉണ്ടായിരുന്നു. അവരുടെ വാക്കുകേട്ട് വന്‍ അബദ്ധത്തില്‍ ചാടേണ്ട ഗതികേടാണ് ഒടുവില്‍ ഇന്ദിരക്കുണ്ടായത്. അക്കാര്യങ്ങളൊക്കെ അറിയാത്ത വ്യക്തിയല്ല മന്‍മോഹന്‍സിങ്. സോണിയയുടെ സാന്നിധ്യം ഇന്ദ്രപ്രസ്ഥത്തിലില്ലെങ്കിലും മാനസിക സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ മന്‍മോഹന്‍ തന്റെ വിഡ്ഢിവേഷം ആടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍സ്വത്വത്തെ അപകടപ്പെടുത്തുന്ന പരിപാടികള്‍ അവസാനിപ്പിക്കാനെങ്കിലും അദ്ദേഹം മുന്നിട്ടിറങ്ങിയില്ലെങ്കില്‍ പ്രവചനാതീതമായ സ്ഥിതിഗതികള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരും. അതില്ലാതാക്കാന്‍ ഒരിക്കലെങ്കിലും വ്യക്തിത്വത്തോടെ മന്‍മോഹന്‍സിങ് പ്രധാനമന്ത്രി പദത്തിന്റെ ആധികാരികത പ്രായോഗികതലത്തില്‍ നടപ്പാക്കണം; അണ്ണാഹസാരെയെന്ന ഗാന്ധിയനെ സ്വാതന്ത്ര്യപൂര്‍വം കാര്യങ്ങള്‍ നടത്താന്‍ അനുവദിക്കണം. അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അങ്ങനെയെങ്കിലും എളിയൊരു സഹായം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: