ബെയ്റൂട്ട്: സ്വന്തം ജനങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിറിയയ്ക്ക് തുര്‍ക്കിയുടെ അന്ത്യശാസനം. ആക്രമണം അവസാനിപ്പിക്കാത്തപക്ഷം അനന്തര നടപടികളിലേക്കു കടയ്ക്കുമെന്നും തുര്‍ക്കി ഭരണകൂടം വ്യക്തമാക്കി.
സ്വന്തം പൗരന്മാര്ക്ക് നേരെ നടക്കുന്ന ആക്രമണം ഉപാധിരഹിതമായി ഉടന്‍ അവസാനിപ്പിക്കാനാണ് സിറിയയോട് തുര്‍ക്കി ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് സിറിയയുടെ ആഭ്യന്തര കാര്യമായി മാത്രം കാണാനാവില്ലെന്ന് തുര്‍ക്കി ധനമന്ത്രി അഹമ്മദ് ദൗതോഗ്ലു പറഞ്ഞു.
ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രസിഡന്റ് ബഷര്‍ ആസാദ് ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് തുര്‍ക്കി നിലപാട് കര്‍ശനമാക്കിയത്. ലതാക്കയില് തിങ്കളാഴ്ച നടന്ന വ്യോമാക്രമണത്തില്‍ 34 പേര് കൊല്ലപ്പെട്ടിരുന്നു.
ഇവിടത്തെ പലസ്തീന് അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. പതിനായിരത്തോളം അഭയാര്‍ഥികള്‍ ക്യാംപ് വിട്ട് ചിതറിയോടി. 11 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ആസാദ് ഭരണകൂടത്തോടു നല്ല ബന്ധത്തിലായിരുന്നു അയല്‍ രാജ്യമായ തുര്‍ക്കി.
കഴിഞ്ഞ അഞ്ചുമാസമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാടും അക്രമവുമാണ് ലോക രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോഴും സിറിയന്‍ സര്‍ക്കാരും പ്രക്ഷോഭകാരികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: