ആത്മീയം, ഭൗതികം എന്നീ രണ്ട് മണ്ഡലങ്ങളില്‍ ഒരേ സമയം ‘യോഗാഭ്യാസം’ നടത്തുന്നവര്‍ എന്നോ ഇരട്ടവ്യക്തിത്വങ്ങള്ക്കുടമകള് എന്നോ പറയേണ്ടുന്ന മൂന്നു പ്രധാന കഥാപാത്രങ്ങള്‍-ശ്രീരാമന്, സീത, ഹനുമാന്-അവരുടെ വിസ്മയകരമായ, ദ്വന്ദ്വാത്മകമായ കര്‍മരംഗം-ഇതാണല്ലോ അധ്യാത്മരാമായണത്തെ വിശിഷ്ടവും വിചിത്രവും ആയ കലാശില്പ്പമാക്കുന്നത്. വാല്മീകീ രാമായണത്തിന് ഇല്ലാത്ത ഈ സവിശേഷത, അധ്യാത്മ രാമായണത്തെ ഒരു ‘അത്യാധുനിക’ സാഹിത്യം എന്ന വിശേഷണത്തിനുകൂടി അര്‍ഹമാക്കുന്നു എന്നുപറയാം. അതിപൗരാണികതയും അത്യാധുനികതയും സമ്മേളിക്കുന്നതുകൊണ്ടാണ് ഇന്നും ആ ശില്‍പ്പം വര്‍ധമാനമായ ശ്രദ്ധക്ക് വിഷയമാകുന്നത് എന്നും പറയേണ്ടിവരുന്നു.
അപ്പോള്‍ ഒരു സമസ്യകൂടി ഉദിക്കുന്നു. വ്യാഖ്യാനത്തിന് വഴങ്ങാത്ത ചില മുന്‍വിധികള്‍ ഘടനാരൂപീകരണത്തിന്റെ, ശില്‍പ്പത്തിന്റെ പിന്നില്‍ ഉണ്ടാവുക എന്നത്. ഇത് അത്യാധുനിക രചനയിലെന്നപോലെ അതിപ്രാചീന കാര്യത്തിലും അടങ്ങുന്നു എന്നത്. ഇക്കാര്യം ഒരേസമയം നമ്മുടെ ആദരത്തിനും ശില്‍പ്പത്തെ സംബന്ധിച്ച ശങ്കക്കും ഇടം തരുന്നു. അതുകൊണ്ട് ആദരപൂര്‍വംതന്നെ ആ ശങ്കയെ എഴുന്നള്ളിക്കട്ടെ.
ഇരട്ട വ്യക്തിത്വങ്ങളുടെ പ്രകടനം ചിലയിടങ്ങളില്‍ ഔചിത്യഭംഗമുണ്ടാക്കുന്നില്ലേ എന്നതാണ് സംശയം. മനുഷ്യാവതാരമെടുത്ത് ദുഷ്ടനിഗ്രഹവും ലോക സംഗ്രഹവും സാധിക്കുകയാണ് തങ്ങളുടെ ദൗത്യം എന്നറിയാവുന്ന മൂന്ന് കഥാപാത്രങ്ങളുടെ കാര്യം നേരത്തേ പറഞ്ഞുവല്ലോ. അതില്‍ ഹനുമാന് മാത്രം ആ ദൗത്യത്തെപ്പറ്റി ഭാഗികമായ അറിവേ ഉള്ളൂ. സദാനേരവും ആ വിചാരം ഇല്ല. ആരെങ്കിലും ഓര്മിപ്പിക്കണം എന്ന വ്യത്യാസമുണ്ടുതാനും. ഈ സംവിധാനം കലാപരമായ ശ്രേഷ്ഠതയുള്ളതാണ്: നാടകീയത, വികാരപ്രകടനം തുടങ്ങിയ ജീവിതസന്ദര്‍ഭങ്ങളെ ആത്മീയതയുമായി സരസമായി ബന്ധിപ്പിക്കുവാന്‍ സാധിക്കുന്നു.
എന്നാല്‍, ഭാഗികമായിപ്പോലും അങ്ങനെയൊരു ചിന്ത ശ്രീരാമ പിതാവായ ദശരഥന് എന്തുകൊണ്ട് ഉണ്ടായില്ല. അതുണ്ടായാല്‍ കൈകേയിയുടെ ദുരുപദേശത്തിന് വഴങ്ങിപ്പോയ ദുര്ബലന് എന്ന കാഥാപാത്ര സ്വഭാവം ഇല്ലാതാവും. അതില്ലാതാവുമ്പോള്‍ കഥയുടെ ഭൗതികവും മാനുഷികവും ആയ വശം നഷ്ടപ്പെടും. ലൗകികര്‍ക്ക് ആകര്‍ഷകമായ തമോഗുണ വിലാസവും അതുവരുത്തുന്ന ദുരന്തവും നഷ്ടപ്പെടും. അതുകൊണ്ട് ദശരഥനെ, തന്റെ പുത്രന്റെ ദൗത്യത്തെപ്പറ്റി ബോധമില്ലാത്തവനായി ചിത്രീകരിക്കേണ്ടത് കലാകാരന്റെ, നാടകകൃത്തത്തിന്റെ ആവശ്യമായി വന്നു. ഇവിടെയാണൊരു പൊരുത്തക്കേട്.
വസിഷ്ഠന് ഏത് കാര്യത്തിനും ഉപദേശം നല്കി എപ്പോഴും ദശരഥന്റെ കൂടെയുണ്ടല്ലോ. രാജാവിന്റെ ഇഷ്ടം നോക്കി ഉപദേശം നല്കുന്ന ആളല്ല താനും. കുലഗുരു എന്ന നിലയില്‍ അന്തിമവാക്ക് അദ്ദേഹത്തിന്റേതാണ്. പുത്രന്റെ രാജാഭിഷേകം മുടങ്ങുന്നത് അതിനേക്കാള്‍ വരിഷ്ഠമായ മറ്റൊരു ലബ്ധിക്കുവേണ്ടിയാണെന്ന് വസിഷ്ഠന് അറിയാം താനും. ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍, മരണത്തിലേക്ക് നയിച്ച പുത്ര ദുഃഖത്തില്‍നിന്ന് പിതാവിനേ രക്ഷിക്കാന്‍ വസിഷ്ഠന് കഴിഞ്ഞേനെ. എന്തുകൊണ്ട് കുലഗുരു ഈ വിജ്ഞാനത്തെ ദശരഥനില്‍നിന്ന് മറച്ചുപിടിച്ചു?
എല്ലാം അറിയുന്ന നാരദമഹാമുനി സീതാരാമന്മാരുടെ വിവാഹാനന്തരം അയോധ്യയില്‍ വരുന്നുണ്ടല്ലോ. നാരദന്റെ മുമ്പില്‍പ്പോലും താന്‍ വെറുമൊരു ലൗകികനായ മനുഷ്യനാണെന്ന് ഭാവിക്കാന്‍ ശ്രീരാമന് തിടുക്കം കാട്ടുന്നതും ബ്രഹ്മജ്ഞനായ മുനിയെ എളിമയോടെ സ്വീകരിച്ചിരുത്തി സ്തുതിക്കുന്നതും എഴുത്തച്ഛന് അര്‍ത്ഥഗര്‍ഭമായി വിവരിക്കുന്നുണ്ട്. അമര്‍ത്തിയ പുഞ്ചിരിയോടെ ഈ സ്തുതിവചനം കേള്‍ക്കുന്ന നാരദന്റെ ചിത്രം നമ്മുടെ മനസ്സില്‍ വിടരും. ഒക്കെ കേട്ടിട്ട് മഹാമുനി പറഞ്ഞത്, എഴുത്തച്ഛന്റെ ഭാഷയില്‍, ഇങ്ങനെയാണ്.
“അങ്ങ് വെറും ലൗകികനായ ഗൃഹസ്ഥനാണെന്ന് പറഞ്ഞത് എത്രയോ ശരി. ലോകം മുഴുവന്‍ അങ്ങയുടെ ഗൃഹവും ലോകരെല്ലാം അങ്ങയുടെ മക്കളും ആണല്ലോ. ആ മക്കളെ പാലിക്കല്‍ മാത്രമാണ് അങ്ങയുടെ ജോലി എന്നു പറഞ്ഞതും വാസ്തവം. അതിനാണല്ലോ ദുഷ്ടനിഗ്രഹവും ലോകസംരക്ഷണവും എന്നു ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത്”, ഇങ്ങനെ നാരദന് ചേരുന്ന സാരസ്യത്തോടെയുള്ള ഈ പ്രത്യഭിവാദനത്തിനുശേഷം ഈശ്വരാവതാരത്തിന്റെ മുമ്പില്‍ വിനീതനായി നില്ക്കുന്ന നാരദനെ തന്റെ സ്ഥിരം ഭാവമായ നിര്‍മമതയോടെ, അനുഗ്രഹിക്കേണ്ടി വന്നു ശ്രീരാമന്. അവതാരോദ്ദേശ്യം രാജ്യഭരണ വ്യഗ്രതയുടെ സമ്മര്‍ദ്ദം മൂലം മാറ്റി വയ്ക്കപ്പെടുമോഎന്ന ആശങ്കയും അങ്ങനെ വന്നാല്‍ വനവാസത്തിലേക്കും രാവണനിഗ്രഹത്തിലേക്കും രാജകുമാരനെ ആനയിക്കണം എന്നുമുള്ള വിചാരത്തോടെയാണ് നാരദന് ആ സമയത്ത് എത്തിയത്. തന്റെ പ്രവര്‍ത്തി ഒന്നും തന്നെ തന്റേതല്ലെന്നും പരമാത്മാവാണ് കര്മപ്രേരകശക്തി എന്നും നാരദന് തീര്ച്ചയുണ്ടുതാനും. നിര്‍ദ്ദിഷ്ട കര്‍മം ഉടനെതന്നെ നിര്‍വഹിക്കപ്പെടുമെന്ന് മഹര്‍ഷിക്ക് ശ്രീരാമന് ഉറപ്പുനല്കുകയാണല്ലോ ഉണ്ടായത്. അങ്ങനെ ഏകപക്ഷീയമായി നിറവേറ്റുന്ന അവതാരോദ്ദേശ്യത്തെപ്പറ്റി മഹര്‍ഷിമാര്‍ക്കെല്ലാം അറിയാമെന്നിരിക്കെ, ലക്ഷ്മണന് ഉള്‍പ്പെടെയുള്ള സഹോദരന്മാരില്‍നിന്നും അത് മറച്ചുവെച്ചത് മനുഷ്യകഥയുടെ സ്വാഭാവികതയെ ബാധിക്കുന്ന ഒരു അനൗചിത്യമല്ലേ? സഹോദരന്മാര്ക്ക് കൈകേയിയോടുള്ള വിദ്വേഷം സൃഷ്ടിക്കുന്ന നാടകീയതക്ക് വിശ്വാസ്യത കുറയുന്നില്ലേ? പ്രത്യേകിച്ച് അപരാധം ചെയ്യാത്ത ദശരഥനെ ദുഃഖത്തില്‍ ആഴ്ത്താനല്ലേ ഇത് സഹായിച്ചുള്ളൂ. അഭിഷേകം നടക്കാത്തതിലുള്ള ദുഃഖം കൗസല്യാദേവിയില്‍ നാമമാത്രമായിരുന്നതിനു കാരണം പ്രസവാനന്തരം ശിശുവിനെ വിഷ്ണുരൂപത്തില്‍ കാണാനുള്ള സുകൃതം അവരെ അനുഗ്രഹിച്ചതു കൊണ്ടായിരുന്നു എന്നു നമുക്കറിയാം. ഇത്തരത്തിലെങ്കിലും ഒരു ദര്‍ശനത്തിന് യോഗ്യയായിരുന്നില്ലേ സുമിത്രയും?
അതുപോലെ മറ്റൊരു സമസ്യ ലക്ഷ്മണ ശത്രുഘ്ന ഭരതന്മാരുടെ ഭാര്യമാരെ വെറും നിഴലാക്കി നിര്‍ത്തി ഭൗതികമോ ആത്മീയമോ ആയ പങ്ക് അവര്‍ക്ക് നിഷേധിച്ചതെന്തിന്? കഥാഘടനയിലെ ഈ ശൂന്യത ബോധ്യപ്പെട്ടിട്ടാവണമല്ലോ മൈഥിലി ശരണ്ഗുപ്തയെപ്പോലെ ചില കവികള്‍ ഊര്മിളയെപ്പറ്റി പ്രത്യേകം കാവ്യം രചിക്കാന്‍ ഇടയായത്.
പി.നാരായണക്കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: