ഒരു കുട്ടി ശൈശവ പ്രായം വിടുമ്പോഴേക്ക് മാതാപിതാക്കള്‍ അവനെ വിദ്യാഭ്യാസത്തിന് തള്ളിവിടുന്നു. ‘പഠിപ്പ്’ എന്ന ആശയം മാതാപിതാക്കളില്‍ നിന്നും കുഞ്ഞില്‍ നിന്നും വരുന്നു. എന്തിനുവേണ്ടി പഠിക്കണം എന്ന് അവന് അറിയില്ല. പക്ഷേ, മാതാപിതാക്കളും അദ്ധ്യാപകരും മറ്റും അവനെ ധരിപ്പിച്ചിരിക്കുന്നത്, പഠിച്ച് ജോലി നേടി പണം സമ്പാദിക്കണം എന്നാണ്. കുഞ്ഞ് പഠിക്കുന്നു, എന്തിന് വേണ്ടി? ജോലി നേടി പണം സമ്പാദിക്കാന്‍. ഇതവന്റെ മനസ്സില്‍ പതിഞ്ഞു. പഠിപ്പും, ജോലിയും, പണവുമായി അവന്റെ ജീവിത ആദര്‍ശങ്ങള്‍. അങ്ങനെ പഠിപ്പ് കഴിഞ്ഞു ജോലിയും കിട്ടി. ഇനിയെന്ത്? ഉടനെ സമൂഹം പറയുന്നു, കല്യാണം കഴിക്ക്. അതിലാണ് കാര്യം. അതു ശരിയാണെന്ന് നമുക്കും തോന്നുന്നു. കാരണം ജോലികിട്ടിയവരൊക്കെ കല്യാണം കഴിക്കുന്നതാണല്ലോ നാം എല്ലാവരും കാണുന്നത്. പിന്നെ വിവാഹാലോചനയായി, പെണ്ണ് കാണലായി. കുടുംബക്കാര് കൂടലായി, ഒടുക്കം പെണ്ണും കെട്ടി. അതോടെ തുടങ്ങി പ്രശ്നങ്ങള്‍. അപ്പോള്‍ നമുക്ക് തോന്നി സ്വന്തമായി ഒരു വീടില്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു വീട് ഉണ്ടായാല്‍ എല്ലാം നേരെയായി. അതോടെ ഓട്ടം മുഴുവന്‍ വീടിന്റെ പുറകിലായി. കടംവാങ്ങി, സ്വത്ത് വിറ്റ് കഷ്ടപ്പെട്ട് വീടും കെട്ടി. തന്റെ വരുമാനവും ആവശ്യവും നോക്കിയല്ല വീട് കെട്ടുന്നത്. അപ്പുറത്തുള്ള വീടിനെക്കാള്‍ ഒരടിയെങ്കിലും പൊങ്ങണം. ഇതാണ് ചിന്ത.
വീട് കെട്ടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു. കാരണം ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ നാം പഠിച്ചിട്ടില്ലല്ലോ. അതിന്റെ കൂടെ വീടിന്റെ കടം, ചെലവുകള്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍. ഈ കലഹങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞും പിറന്നു. കുഞ്ഞ് പിറന്നപ്പോള്‍ വീണ്ടും പ്രതീക്ഷ. ഇവന്റെ ജാതകഫലംകൊണ്ട് ഞാന്‍ രക്ഷപ്പെടും. ജീവിതം മുഴുവന്‍ പിന്നെ കുഞ്ഞിന്റെ പുറകിലായി. കുഞ്ഞ് വളര്‍ന്നുവരുന്നതോടെ പുതിയ തലവേദനകള്‍. കുഞ്ഞിന് രോഗം, അവന്റെ പഠിപ്പ്, ഉദ്യോഗം, കല്യാണം അങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. കുഞ്ഞ് വിവാഹ പ്രായമായി കല്യാണം കഴിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ തീരുന്നില്ല. അവന് ഒരു കുഞ്ഞ് പിറന്ന് കണ്ടാല്‍ മതിയായിരുന്നു. പുതിയ ആഗ്രഹങ്ങള്‍ വീണ്ടും തലപൊക്കുന്നു. ഏതായാലും അപ്പോഴേക്ക് മണ്ണില്‍കുഴിതോണ്ടാനുള്ള സമയമായിട്ടുണ്ടാകും. ഇതാണ് നമ്മുടെ ജീവിതം.
ചിന്തിക്കൂ, എന്താണ് ഇതിന്റെയെല്ലാം പുറകിലുള്ള രഹസ്യം? വാസ്തവത്തില്‍ ഇന്നത്തെ ജീവിതത്തിന്റെ അര്ത്ഥശൂന്യതകള് നമുക്ക് ബോധ്യപ്പെടുത്തി തരികയല്ലേ പ്രകൃതി ചെയ്യുന്നത്. ഒന്ന് മടുക്കുമ്പോള്‍ മറ്റൊന്ന് മുന്നിലിട്ടുതരുന്നു. കുഞ്ഞിന്റെ മുന്നില്‍ പഠിപ്പ് ഇട്ടുകൊടുക്കുന്നു. പിന്നെ ജോലി, വിവാഹം, സന്താനം, വീട് അങ്ങനെ ഒന്നുകഴിയുമ്പോള്‍ മറ്റൊന്ന് ചന്തിച്ചുനോക്കൂ, ഓരോ തവണയും ഇതല്ല ഇതല്ല എന്ന് ആ ശക്തി നമുക്ക് ബോധ്യപ്പെടുത്തി തരുന്നില്ലേ? അതാണ് ‘നേതി നേതി’ എന്ന് വേദാന്തികള്‍ പറയുന്നത്. വേദാന്തികള്‍ അതിനെ വ്യാഖ്യാനിച്ച് സങ്കീര്‍ണ്ണമാക്കി. ‘നേതി നേതി’ എന്ന് പറഞ്ഞാല്‍ ശരീരം ഞാനല്ല, മനസ്സ് ഞാനല്ല, ബുദ്ധി ഞാനല്ല എന്നല്ല ചിന്തിക്കേണ്ടത്. ഇന്ന് നീ ജീവിക്കുന്ന ജീവിതം അല്ല കാര്യം എന്നാണ് തിന്റെ വിവക്ഷ : “ഇതല്ലെങ്കില്‍ പിന്നെയെന്ത്?” ഇങ്ങനെ ഒരു ചോദ്യം നമുക്ക് ഉണ്ടാകുമല്ലോ. അതിനുള്ള ഉത്തരം നീ അന്വേഷിച്ച് കണ്ടെടുത്തു, എന്നാണ് പ്രകൃതിക്ക് പറയാനുള്ളത്. ഇതിലൂടെ കടന്നുപോയി നീയത് കണ്ടെത്തണം. അതിനുവേണ്ടി പ്രകൃതി പല തലങ്ങളിലൂടെയും നമ്മെ കൊണ്ടുപോകുന്നു. വകതിരിവ് സ്വയം ഉണ്ടാകുന്നതുവരെ.
ഇത് ഒരു ജന്മംകൊണ്ട് സാധ്യമായെന്ന് വരില്ല. കോടി ജന്മങ്ങള് ഉണ്ണുക, ഉറങ്ങുക, പഠിക്കുക, പെണ്ണുകെട്ടുക, തല്ലും മല്ലും ഉണ്ടാക്കുക, അപ്പോ വേറൊന്ന് കെട്ടുക, അങ്ങനെ നാം നടക്കുന്നു രാജാവായി, മന്ത്രിയായി, പിച്ചക്കാരനായി, കള്ളനായി, കൊള്ളക്കാരനായി. എത്രയെത്ര ജന്മങ്ങള് പണത്തിന് പിന്നാലെ നടന്നു, വീടിന് പിന്നാലെ നടന്നു, ഭാര്യയുടെയും കുട്ടികളുടെയും പിന്നാലെ നടന്നു, ഒരിക്കലല്ല, എത്രയോ തവണ. വീട്ടില്‍ കിട്ടാത്തത് കള്ളുഷാപ്പിലും, വ്യഭിചാരശാലകളിലും തിരഞ്ഞു. എന്തേ നമുക്ക് ബോധ്യം വരാത്തത്? ചെയ്തവിനകളൊക്കെ പോരേ? ഇതല്ലെന്ന് ഹേ മനുഷ്യാ ഇനിയും നിനക്ക് ബോധ്യമായില്ലേ? ഇല്ലെങ്കില്‍ നീണ്ടുപോകുന്ന വഴിക്കുതന്നെ പോവുക. നിന്റെ സമയം വരുമ്പോള്‍ തിരിഞ്ഞുനോക്കുക. അപ്പോഴും ആ ശക്തി നിന്നെ സ്വീകരിക്കും. അത് അവിടുത്തെ കരുണയാണ്. പക്ഷേ ആ കരുണ ഇപ്പഴേ നിന്നോടൊപ്പം ഉണ്ടല്ലോ. അതിനെ തിരിഞ്ഞുനോക്കി സ്വീകരിക്കാന്‍ എന്തിന് മടിക്കണം? ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ക്ക് എന്തിന് ഭാരം വര്‍ധിപ്പിക്കണം? സുഖം തേടിയാണല്ലോ നീ ഓടുന്നത്. ഈ അന്വേഷിക്കുന്ന സുഖം നിന്റെ ഉള്ളില്‍ തന്നെയാണ് ഇരിക്കുന്നതെന്ന് നീ അറിയുന്നുണ്ടോ?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: