ന്യൂദല്‍ഹി: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും ബിഎംഎസ് മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന രാംപ്രകാശ് മിശ്ര (പണ്ഡിറ്റ്ജി-82) അന്തരിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിക്ക് ദല്‍ഹിയില്‍വെച്ചായിരുന്നു അന്ത്യം. മൃതദേഹം ദല്‍ഹി ബിഎംഎസ് കേന്ദ്രകാര്യാലയത്തില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം ഇന്ന് നടക്കും.
കല്‍ക്കരി ഖാനി, പ്രതിരോധം, തുണിമില്‍ തുടങ്ങിയ മേഖലകളില്‍ യൂണിയനുകള്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹം കുറച്ചുകാലം ഉത്തര്‍പ്രദേശ് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലെ മിത്തുപ്പൂര്‍ ഗ്രാമത്തില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് മിശ്ര ജനിച്ചത്. ദാരിദ്ര്യംമൂലം ചെറുപ്പത്തില്‍ത്തന്നെ തൊഴില്‍ തേടി കാണ്‍പൂരിലെത്തിയ അദ്ദേഹം സൈക്കിള്‍ റിക്ഷാ തൊഴിലാളിയായി. പഠിക്കാന്‍ സമര്‍ത്ഥനായിരുന്നു. സൈക്കിള്‍റിക്ഷ ചവുട്ടിക്കിട്ടുന്ന വരുമാനംകൊണ്ട് പഠിക്കുകയും ഭൂമിശാസ്ത്രത്തില്‍ എംഎ ബിരുദം നേടുകയും ചെയ്തു. ഗണിതശാസ്ത്രത്തില്‍ നിപുണനായിരുന്നു അദ്ദേഹം.
എംഎ നേടിയശേഷം കാണ്‍പൂരില്‍ അധ്യാപകനായിരിക്കെ അന്നത്തെ ബിഎംഎസ് അഖിലേന്ത്യാ നേതാവായിരുന്ന രാംനരേശ് സിംഗിന്റെ സ്വാധീനത്തില്‍ വരികയും ജോലി രാജിവെച്ച് മഴുവന്‍ സമയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനാകുകയും ചെയ്തു. കാണ്‍പൂര്‍ ടെക്സ്റ്റെയില്‍ മില്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഭാരവാഹിയായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം ബിഎംഎസ് അഖിലേന്ത്യാ സെക്രട്ടറിയും തുടര്‍ന്ന് ഉപാധ്യക്ഷനുമായി. പ്രതിരോധ മേഖലയിലെ യൂണിയന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ദേശീയതലത്തില്‍ ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി രൂപീകരിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് പ്രചാരണം നല്‍കുന്നതിന് പര്യാവരണ്‍മഞ്ച് എന്ന സംഘടന ആരംഭിച്ചു. ഹിന്ദിയില്‍ ഏതാനും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
പണ്ഡിറ്റ്ജിയുടെ അപ്രതീക്ഷിത നിര്യാണത്തിലൂടെ സമര്‍പ്പിത മനസ്കനും ഉന്നത ചിന്തകനുമായ ഒരു പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി.എന്‍. റായിയും പറഞ്ഞു. ആദര്‍ശത്തില്‍നിന്നും അണുവിട വ്യതിചലിക്കാത്ത ഒരു മാതൃകാ പ്രവര്‍ത്തകനെയാണ് പണ്ഡിറ്റ്ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് ബിഎംഎസ് കേരള സംസ്ഥാന സമിതി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: