ചെന്നൈ: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് പോലീസ് എസ്പി രാജേഷ് ദാസാണ് മാര്‍ട്ടിനെ അറസ്റ്റു ചെയ്തത്.
ലോട്ടറി വ്യാപാരിയായ ബാനര്‍ജി, അങ്കുരാജ് എന്നിവര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ബാനര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലെക്സ് തട്ടിയെടുത്തുവെന്നാണ് പരാതി. കേന്ദ്രമന്ത്രി അഴഗിരിയുടെ ഭാര്യ കാന്തി നാലേക്കര്‍ ഭൂമി മാര്‍ട്ടിനില്‍നിന്ന് വാങ്ങിയത് അടക്കമുള്ള കേസുകള്‍ അന്വേഷിക്കുകയാണ്. കേരളത്തിലെ ലോട്ടറി കച്ചവടവുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരെ സിബിഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി അഴഗിരിയുമായി ബന്ധപ്പെട്ട ഭൂമിയിടപാടില്‍ മാര്ട്ടിന് ഉള്‍പ്പെട്ടത്. ഇതാണ് അറസ്റ്റിന് വഴിതെളിച്ചത്. പല്ലടത്തെ ഒരു വസ്ത്രവ്യാപാരിയ്ക്ക് ഭൂമി വിറ്റതുമായി ബന്ധപ്പെട്ടും മാര്‍ട്ടിനെതിരെ കേസുണ്ട്.
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിത അധികാരത്തില്‍ വന്നശേഷം സാന്റിയാഗോ മാര്ട്ടിന് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസുകളില്‍ അന്വേഷണം ഉൗര്ജ്ജിതമാക്കിയിരിക്കുകയാണ്. മുന്‍മുഖ്യമന്ത്രി കരുണാനിധിയുമായും ഡിഎംകെ സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മാര്ട്ടിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: