തൃശൂര്‍ : അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രസുരക്ഷ സംബന്ധിച്ച് ആശങ്കയുണര്‍ത്തുന്ന ഊമക്കത്തുകള്‍ തുടരെ തുടരെ ലഭിക്കുന്നത് ഭക്തജനങ്ങളിലും അധികാരികളിലും ഒരുപോലെ ആശങ്കയും സംശയവും ഉണ്ടാക്കുന്നു. തീവ്രവാദ അക്രമങ്ങള്‍ക്ക് സാധ്യത കല്പിച്ച് മേറ്റ്വിടെയുമെന്നപോലെ ഗുരുവായൂര്‍ ക്ഷേത്രസുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് സ്വാഭാവികമാണ് എന്നാല്‍ അത് ഭക്തജനങ്ങളെ ക്ഷേത്രത്തില്‍ നിന്നകറ്റുന്നതരത്തിലാവുന്നത് ക്ഷേത്രസംസ്കാരത്തിന് വെല്ലുവിളിയും തീവ്രവാദികളുടെ വിജയവുമാവുകയാണ്. ഇടക്കിടെ ബോംബ് ഭീഷണിയുമായി ദേവസ്വത്തില്‍ ലഭിക്കുന്ന ഊമക്കത്തുകള്‍ പോലീസിന് കൈമാറുന്നതോടെ ക്ഷേത്രത്തിനകത്തും പുറത്തും പരിസരവും സായുധപോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കുകയെന്നതാണ് നയം. എന്നാല്‍ പിന്നീട് മറ്റ് പലകാര്യങ്ങള്‍ക്കും വേണ്ടി ഇതേ പോലീസിനെ പിന്‍വലിക്കുകയും ചെയ്യും. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രപരിസരത്ത് പോലീസിന്റെ സാന്നിധ്യം പോലുമില്ലായിരുന്നു. അന്നൊന്നും ക്ഷേത്രത്തില്‍ അനിഷ്ടകരമായി ഒന്നും ഉണ്ടായിട്ടില്ല.
ഇവിടെയാണ് ഊമക്കത്തുകള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന സംശയം ഉയരുന്നത്. മാത്രമല്ല ലോകത്തൊരിടത്തും വിശിഷ്യ ഇന്ത്യയില്‍ തന്നെ പലഭാഗത്തും ബോംബ് സ്ഫോടനങ്ങള്‍ നടന്നത് മുന്‍കൂട്ടി ഭീഷണി അയച്ചിട്ടല്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഭഗവദ് ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലും അകത്തേക്ക് കൊണ്ടുപോകുന്ന പൂജാദ്രവ്യങ്ങള്‍ അശുദ്ധമാക്കുന്ന തരത്തിലും ക്ഷേത്രത്തിനകത്തും പ്രധാന കവാടങ്ങള്‍ക്കും അന്യമതസ്ഥരും അവിശ്വാസികളും അടക്കമുള്ളവരെ കാവല്‍നിര്‍ത്തി സായുധ പരിശോധന നടത്തുന്നതുകൊണ്ട് ക്ഷേത്രസുരക്ഷ ഉറപ്പുവരുമെന്ന് കരുതാനാവില്ല. വെറും നോക്കുകുത്തിയായി മാത്രം നിലകൊള്ളുന്ന മൂന്ന് മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട് എന്നാല്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തജനങ്ങളെ ഇപ്പോഴും കൈകൊണ്ടുള്ള ദേഹപരിശോധന കഴിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
ബാഗജ് സ്കാനര്‍, മൊബെയില്‍ജാമര്‍, ഹാന്റ് ടൈപ്പ് മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങി അത്യാധുനിക സുരക്ഷാക്രമീകരണങ്ങള്‍ ഉപയോഗിച്ച് ഭക്തരെ ബുദ്ധിമുട്ടിക്കാതെ ക്ഷേത്രസുരക്ഷ ഉറപ്പുവരുത്താമെന്നിരിക്കെ ഇവയൊന്നും നടപ്പില്‍ വരുത്താതെ ഭക്തരുടെ കൈവശമുള്ള സഞ്ചിയില്‍ കൈകടത്തി നോക്കുന്നതും ദേഹത്ത് തൊട്ടുകൊണ്ടുള്ള അശാസ്ത്രീയവും അപരിഷ്കൃതവുമായ കാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. പല കുറ്റവാളികളും സുരക്ഷിത ഒളിവുജീവിതത്തിന് ഗുരുവായൂരിലെ ആള്‍ക്കൂട്ടത്തില്‍ അഭയം കണ്ടെത്തിയതുപോലെ ഹവാലപണത്തിന്റെ സുരക്ഷിത വിനിയോഗം ഫ്ലാറ്റുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, കടമുറികള്‍ എന്നിവയുടെ ക്രയവിക്രിയത്തിലൂടെ ഗുരുവായൂരില്‍ കേന്ദ്രീകരിക്കുന്നതായും സംശയമുയര്‍ന്നിട്ടുണ്ട്. ബോംബുമായി ക്ഷേത്രത്തിനകത്തോ പരിസരത്തോ എത്തിച്ചേരുന്നതും കാത്ത് അവിടെ വെച്ച് ദേഹപരിശോധന നടത്തി പിടികൂടുവാന്‍ വലവിരിച്ചു കാത്തുനില്ക്കുന്ന പോലീസിന്റെ അശാസ്ത്രീയ നീക്കം ചില സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിഗൂഢ തന്ത്രത്തിന്റെ കൂടി ഭാഗമാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ഇപ്പോള്‍ തന്നെ പാവപ്പെട്ട ഭക്തജനങ്ങള്‍ക്ക് ഉപയോഗപ്പെടേണ്ട സൗജന്യ നിരക്കുള്ള സത്രത്തിലെ രണ്ടു ഹാളും, പോലീസിന്റെ കൈവശത്തിലാണ് പാഞ്ചജന്യത്തിലേയും കൗസ്തുഭത്തിലെയും മുറികള്‍ പോലീസ് സ്റ്റേഷന് എന്നിവയുടെ വാടകയിനത്തിലും വെള്ളം, ചാര്‍ജ്ജ് ഇനത്തിലും വന്‍സംഖ്യയാണ് കുടിശ്ശിക നില്‍ക്കുന്നത്. ഇത് അടക്കാതിരിക്കാനും, തുടര്‍ന്നും ഈ സൗകര്യങ്ങള്‍ നിലനിര്‍ത്താനും, പൊതുസ്ഥാപനങ്ങളായ പോലീസ് സ്റ്റേഷനും, ഫയര്‍ സ്റ്റേഷനും ദേവസ്വത്തിന് വേണ്ടിയാണെന്ന് വരുത്തിത്തീര്‍ത്ത് ദേവസ്വം പൊന്നും വില കൊടുത്തും നിരവധി എതിര്‍പ്പുകള്‍ നേരിട്ടും അക്വയര്‍ ചെയ്ത ഭൂമിയും അതില്‍ കെട്ടിടവും തരപ്പെടുത്താനും വേണ്ടിയുള്ള പരോക്ഷ സമ്മര്‍ദ്ദ ശ്രമങ്ങള്‍ ഊമക്കത്തുകള്‍ക്ക് പിന്നിലുണ്ടോയെന്ന് സംശയിക്കപ്പെടുന്നുണ്ട്. ക്ഷേത്രാന്തരീക്ഷത്തിന് കോട്ടം തട്ടുന്ന പോലീസ് വിന്യാസം ക്ഷേത്രത്തിലെ വരുമാനത്തിലും വന്‍കുറവുണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അഭൂതപൂര്‍വ്വമായ പ്രാധാന്യം കുറക്കുന്നതിനും ഭീകരതയുടെ മറവില്‍ ആശങ്ക പടര്‍ത്തി ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണം കുറക്കാനും ചില കോണുകളില്‍ നിന്നും മനപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോയെന്ന സംശയവും ആരാധനാലയങ്ങള്‍ക്ക് ബോംബ് ഭീഷണിയോ തീവ്രവാദഭീഷണിയോ ഊമക്കത്ത് പ്രവാഹമോ ഇല്ലാത്തത് ഗുരുവായൂരിലെ പോലെയുള്ള അമിത താത്പര്യം പോലീസിന് മറ്റിടങ്ങളില്‍ ഇല്ല എന്നതിനാലാണെന്ന് പറയപ്പെടുന്നു. പരിശോധനയും സുരക്ഷാക്രമീകരണങ്ങളും സായുധ പോലീസ് വിന്യാസവും 100 മീറ്റര്‍ ചുറ്റളവ് പരിധിക്ക് പുറത്തേക്ക് കൊണ്ടുവരികയും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജുകള്‍ ഫ്ലാറ്റുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നതിന് ഫോട്ടോ ഐഡന്റിറ്റി നിര്‍ബന്ധമായും അന്യസംസ്ഥാനക്കാരടക്കമുള്ള അപരിചിതരായ തൊഴിലാളികളുടെയും കടകളിലടക്കമുള്ള ജീവനക്കാരുടെയും കാര്യത്തില്‍ സസൂക്ഷ്മ നിരീക്ഷണം ഉറപ്പുവരുത്തുകയും ചെയ്യാതെ ബോംബും കയ്യില്‍പ്പിടിച്ച് ക്ഷേത്രകവാടത്തിലെത്തുന്ന തീവ്രവാദികളേയും കാത്തിരിക്കുകയാണ് പോലീസ്. ഫലത്തില്‍ ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ടും മാനസിക പ്രയാസമുണ്ടാക്കാനും ക്ഷേത്രചൈതന്യത്തിന് അശുദ്ധിയുണ്ടാക്കാനുമാണ് ഇത് സഹായിക്കുക. നടപടികള്‍ നിരീക്ഷിക്കുമ്പോള്‍ ക്ഷേത്രത്തിനകത്തും, പരിസരത്തും നിന്ന് മാറാന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസ് എന്ന് കാണാം. ഗുരുതരമായ ഭവിഷ്യത്ത് പ്രതീക്ഷിക്കുമ്പോഴും വളരെ ബാലിശമായ ചെപ്പടി വിദ്യാകള്‍ കാട്ടിയുള്ള നടപടികള്‍ ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും പൊതുവില്‍ ഗുരുവായൂരിന് തന്നെയും അലോസരമായിട്ടുണ്ട്. ക്ഷേത്രത്തിനകത്തോ പരിസരത്തോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍പോലും അത് തരണം ചെയ്യുന്നതിന് ഏറ്റവും അത്യാവശ്യവും തുറസ്സായതും ദേവസ്വത്തിന്റെ പൂര്‍ണനിയന്ത്രണത്തിലുള്ളതുമായ സ്ഥലമാണ്. അതിനുള്ള അക്വിസിഷന്‍ നടപടികളാണ് ചില നിക്ഷിപ്ത താത്പര്യക്കാരും രാഷ്ട്രീയക്കാരും ചേര്‍ന്ന് തടയാന്‍ നീക്കം നടത്തുന്നത്.
ഇത്തരം കാര്യങ്ങളില്‍ ഗുരുവായൂര്‍ ദേവസ്വം അധികാരികളും സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് ചുമതലകള്‍ ഏറ്റെടുക്കാതെ ഉത്തരവാദിത്തം പോലീസിന് വിട്ടുകൊടുക്കുന്ന പ്രവണതയാണ് നടന്നുവരുന്നത്. ദേവസ്വം ഓഫീസ് ഇടക്കിടെ കടുത്ത സുരക്ഷാക്രമീകരണത്തിന് വേദിയാവുന്നുണ്ടെങ്കിലും മെമ്പര്‍മാരുടെ മുറികളില്‍ ഇടതടവില്ലാതെ അപരിചിതര്‍ സ്ഥിരമായും, ഇടക്കിടെയും താമസിക്കുന്നത് മെമ്പര്‍മാരുടെ അറിവോടെ തന്നെയാണെന്നത് അപവാദങ്ങള്‍ക്കിട നല്‍കിയിരുന്നു. ഗണപതി ക്ഷേത്രത്തിനടുത്ത് എത്തുന്ന തെക്കുഭാഗത്തെ വഴിയുടെ നിയന്ത്രണവും താക്കോലും ഇപ്പോഴും ഒരു നക്ഷത്ര ഹോട്ടലുകാരുടെ കൈവശമാണ് എന്ന് പറയുന്നു. ഇത്തരത്തില്‍ നിരവധി പഴുതുകള്‍ കണ്ടില്ലെന്ന് നടിച്ചാണ് ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സംവിധാനം തുടരുന്നത്. എന്ത് തന്നെയായാലും ഗുരുവായൂരിലെ ഭക്തര്‍ക്ക് സ്വതന്ത്രമായും സ്വസ്ഥമായും ശുദ്ധമായും ക്ഷേത്രദര്‍ശനത്തിന് സാഹചര്യമൊരുക്കണമെന്നതില്‍ രണ്ടുപക്ഷമില്ല. പരോക്ഷമായി ദേവസ്വം സമ്പത്ത് കൈവശപ്പെടുത്തുകയും ദേവസ്വത്തിന് വേണ്ടിയാണ് എന്ന് വരുത്തി ദേവസ്വം ഫണ്ട് പൊതുസ്ഥാപനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ചെലവഴിക്കുകയും തീവ്രവാദഭീഷണി മുന്‍ നിര്‍ത്തി പോലീസ് മേധാവികളും വകുപ്പ് മന്ത്രിയും സര്‍ക്കാരും ഗൗരവമായി കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ക്ഷേത്രകവാടത്തിലെ പരിശോധന നേരത്തെ ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിന് വന്നിട്ടുള്ള ബോംബ്ഭീഷണിക്ക് ശേഷം പോലീസ് ഈ വിഷയത്തില്‍ ഭക്തജനങ്ങളുടെ ആശങ്കയും പരിഭ്രാന്തിയും അകറ്റുവാന്‍ കഴിഞ്ഞിട്ടില്ല. ഗുരുവായൂര്‍ ദേവസ്വത്തിലേക്ക് ഇതുവരെ പതിനഞ്ചോളം ബോംബ് ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. ആദ്യകാലങ്ങളില്‍ പോസ്റ്റല്‍ കാര്‍ഡുകളിലായിരുന്നു ഭീഷണിക്കത്തുകള്‍ അധികവും തമിഴ്നാട്ടില്‍ നിന്നാണ് വന്നിട്ടുള്ളത്. കഴിഞ്ഞ ജൂലായ് 27ന് അല്‍-ഖ്വയ്ദയുടെ പേരില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് വന്നതും തമിഴ്നാട്ടില്‍ നിന്നാണ്. ഇതിനു പിന്നില്‍ തമിഴ്നാട്ടിലെ ഐപിഎസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് പറയപ്പെട്ടെങ്കിലും തുടര്‍ അന്വേഷണം നടത്താത്തതിനെത്തുടര്‍ന്ന് ഒരു സ്വകാര്യ വ്യക്തിയുടെ അന്യായപ്രകാരം ചാവക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡി.ശ്രീകുമാറിന്റെ ഉത്തരവ് വേണ്ടിവന്നു അന്വേഷണം തുടങ്ങാന്‍. ഇതിന് മുമ്പ് പലതവണ ബോംബ് ഭീഷണികളുടെ അന്വേഷണം എവിടെയും എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: