Categories: Vicharam

കര്‍ണാടക നിലപാട്‌ കേരളം തുടരുമോ?

Published by

അഴിമതി ആര്‌ നടത്തിയാലും കര്‍ശനമായി നേരിടേണ്ടതുണ്ട്‌. കൊടിയടയാളമോ കുലമഹിമയോ നോക്കി വിവേചനത്തോടെ അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുവാന്‍ പാടില്ല. എന്നാല്‍ കോണ്‍ഗ്രസ്‌ പക്ഷപാത സമീപനത്തോടെയാണ്‌ എക്കാലത്തും ഈ സാമൂഹിക വിപത്ത്‌ കൈകാര്യം ചെയ്തിട്ടുള്ളത്‌. വര്‍ത്തമാന ഇന്ത്യ കൈകാര്യം ചെയ്യുന്ന കുംഭകോണങ്ങളുടെ അടിവേരുകള്‍ കൂടുതല്‍ ആഴ്‌ന്നിറങ്ങിയിട്ടുള്ളത്‌ കോണ്‍ഗ്രസിന്റെ അകത്തളങ്ങളിലാണെന്ന സത്യം ആര്‍ക്കും നിഷേധിക്കാനാവില്ല.

പഞ്ചസാര കുംഭകോണമെന്ന ഒളിമിന്നല്‍ ചക്രവാളത്തിലെവിടെയോ തിമിലുയര്‍ത്തിയപ്പോള്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച്‌ ദേശീയനിലവാരത്തില്‍ കയ്യടിവാങ്ങിയ നേതാവാണ്‌ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍സിങ്ങ്‌. എന്നാല്‍ ഇവര്‍ ഉള്‍പ്പെടുന്ന കേന്ദ്രമന്ത്രിസഭക്കെതിരെ സമസ്തരംഗങ്ങളിലും കോഴയാരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കെയാണ്‌. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഗുരുതരമായ കൊള്ളയുടെ നാറുന്ന കഥകളാണ്‌ ഇപ്പോള്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പക്ഷേ ഇതൊക്കെ വിവാദങ്ങളും അപവാദങ്ങളുമായി പെരുമ്പറ മുഴക്കുമ്പോഴും മന്‍മോഹനും ആന്റണിയുമൊക്കെ ഒടുങ്ങാത്ത മൗനത്തിലാണുള്ളത്‌. കുറ്റകരമായ ഈ മൗനവും നിഷ്ക്രിയത്വവും രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്‌.

കര്‍ണാടകത്തിലെ മുഖ്യമന്ത്രി സ്ഥാ നത്തുണ്ടായിരുന്ന ശ്രീ യെദിയൂരപ്പക്കെതിരെ ലോകായുക്ത നടത്തിയ പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതായിരുന്നു. കോണ്‍ഗ്രസില്‍പ്പെട്ട രണ്ട്‌ എംപിമാര്‍ക്കും ജെഡിയു നേതാവ്‌ കുമാരസ്വാമിക്കുമെതിരെയും പ്രസ്തുത റിപ്പോര്‍ട്ടില്‍ നിഗമനവും ആക്ഷേപവും ഉണ്ടായിരുന്നു. ശ്രീ യെദിയൂരപ്പ താന്‍ നിരപരാധിയാണെന്ന്‌ പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായ വാദം ഉയര്‍ത്തിയിരുന്നു. പക്ഷെ റിപ്പോര്‍ട്ട്‌ കിട്ടി 24 മണിക്കൂറിനുള്ളില്‍ ബിജെപി നേതൃത്വം അദ്ദേഹത്തെ രാജിവെക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കര്‍ണാടക ബിജെപിയെ വിജയപഥത്തിലെത്തിയ ജനനായകനെക്കൊണ്ട്‌ രാജിക്ക്‌ സമ്മതിപ്പിക്കുവാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സോ ജെഡിയുവോ ഈ ധാര്‍മ്മിക പ്രതിബന്ധതയില്‍ നിന്നും സമര്‍ത്ഥമായി വഴുതി മാറുകയായിരുന്നു.

ലോകായുക്ത നിയമം അനുസരിച്ച്‌ അവരുടെ റിപ്പോര്‍ട്ട്‌ തള്ളാനോ കൊള്ളാനോ ഭരണകൂടത്തിന്‌ അവകാശമുണ്ട്‌. വിജിലന്‍സ്‌ കോടതിയെ പോലെ കുറ്റാരോപിതനെ വിചാരണ ചെയ്യുവാനോ ശിക്ഷിക്കുവാനോ ഈ നിയമഫോറത്തിന്‌ അവകാശമില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നേതാവ്‌ ശക്തന്‍ ഉള്‍പ്പെടെ രാജ്യത്തെവിടെയും ലോകായുക്ത പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കുന്ന പതിവുണ്ടായിട്ടില്ല. (കേരളത്തില്‍ രാമചന്ദ്രന്‍മാസ്റ്റര്‍ രാജിവെച്ചത്‌ കോണ്‍ഗ്രസിലെ തൊഴുത്തില്‍ കുത്തിന്റെ രൂപപരിണാമമായിരുന്നു). യെദിയൂരപ്പയുടെ രാജിയെ വിലയിരുത്തേണ്ടത്‌ ഈ അടിസ്ഥാനവ്യതിരിക്തത മാറ്റുരച്ചു വിശകലനം ചെയ്തുകൊണ്ടാവണമായിരുന്നു. പക്ഷേ അതുണ്ടായില്ല. അന്ധമായ ബിജെപി വിരോധത്താല്‍ ‘മാനിയാക്കുകളെ’പോലെയാണ്‌ രാജനൈതിക-മാധ്യമ മേഖലകള്‍ യെദിയൂരപ്പ പ്രശ്‌ നത്തെ കൈകാര്യം ചെയ്തത്‌. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തിരുവനന്തപുരം വിജിലന്‍സ്‌ ജഡ്ജി സ്വീകരിച്ച നടപടികളെ കോണ്‍ഗ്രസ്‌ എങ്ങിനെ സമീപിച്ചു എന്നത്‌ ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം.

പാമോലിന്‍ ഇറക്കുമതി ചെയ്തതില്‍ 2.32 കോടി ക.യുടെ നഷ്ടം കേരളത്തിന്‌ ഉണ്ടായി എന്നത്‌ പരക്കെ അംഗീകരിച്ച വസ്തുതയാണ്‌. അന്ന ത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. ഇതിനുമുമ്പ്‌ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാമോലിന്‍ കേസ്‌ എഴുതി തള്ളാന്‍ ശ്രമിച്ചയാളാണ്‌ അദ്ദേഹം. കോടതി നടപടികളില്‍ സര്‍ക്കാര്‍ താല്‍ പര്യപ്പെട്ടാല്‍ ഏതു സ്റ്റേ ഓര്‍ഡ റും രണ്ട്‌ മാസത്തിനുള്ളില്‍ തീര്‍ക്കാമെന്നിരിക്കെ മാറിമാറി വന്ന ഇടതു-വലതു ഭരണകൂടങ്ങള്‍ പാമോലിന്‍ കേസ്‌ ഒന്നരവ്യാഴവട്ടക്കാലം നീട്ടികൊണ്ടുപോയ കുറ്റത്തിന്‌ പ്രതികൂട്ടിലാണുള്ളത്‌. ഇപ്പോള്‍ ശ്രീ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന സിപിഎമ്മിന്‌ ഒരു ‘വഴിപാട്‌ സമരം’ എന്നതിനപ്പുറം ഇക്കാര്യത്തില്‍ താല്‍പര്യമില്ലെന്നതാണ്‌ സത്യം.

അക്കാലത്തെ ധനമന്ത്രിയുടെ പങ്ക്‌ അന്വേഷിച്ച്‌ മൂന്നുമാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ വിജിലന്‍സ്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ കുറ്റവാളിയാണോ എന്ന്‌ എനിക്കറിയില്ല. എന്നാല്‍ കോടതി ഉത്തരവ്‌ എന്ന നിലയില്‍ അതിന്‌ നിയമസാധുതയും ധാര്‍മ്മിക തലങ്ങളുമുണ്ട്‌. കേവലം ലോകായുക്തയുടെ ശുപാര്‍ശയെ മാത്രം കണക്കിലെടുത്ത്‌ കര്‍ണാടക മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ്‌ എന്തുകൊണ്ട്‌ വിജിലന്‍സ്‌ കോടതിയുടെ ഉത്തരവുണ്ടായിട്ടും ശ്രീ ഉമ്മന്‍ചാണ്ടിയോട്‌ രാജിവെക്കാന്‍ ആവശ്യപ്പെടുന്നില്ല. നീതിന്യായ സംവിധാനത്തില്‍ വിശ്വാസം ഉണ്ടെങ്കില്‍ അതല്ലേ ചെയ്യേണ്ടതായിട്ടുള്ളത്‌.

എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്‌ ഉമ്മന്‍ചാണ്ടിയെ കൊണ്ട്‌ രാജിവെപ്പിക്കാന്‍ തയ്യാറല്ല. പഞ്ചസാര കുംഭകോണമെന്ന്‌ കേട്ടമാത്രയില്‍ രാജിവച്ച എ.കെ.ആന്റണിപോലും ഉമ്മന്‍ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന്‌ അഭിപ്രായപ്പെട്ടിരിക്കുന്നു. ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണത്തില്‍ ജനവികാരം കത്തിജ്വലിച്ചപ്പോള്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക്‌ ചവാനെകൊണ്ട്‌ രാജിവെപ്പിച്ചത്‌ ആദര്‍ശ പ്രതിബദ്ധതയെന്ന്‌ പ്രചരിപ്പിക്കുന്നവര്‍ എന്തേ കേരളമുഖ്യമന്ത്രിയുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാട്‌ സ്വീകരിക്കന്നു? ആദര്‍ശ്‌ ഫ്ലാറ്റ്‌ കുംഭകോണത്തില്‍ കുറ്റാരോപിതരായ വിലാസ്‌ റാവു ദേശ്‌ പാണ്ഡെ, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരെ കേന്ദ്രകാബിനറ്റില്‍ ഇപ്പോഴും നിലനിര്‍ത്തികൊണ്ടാണ്‌ കോണ്‍ഗ്രസ്‌ ആദര്‍ശത്തിന്റെ ഗിരിപ്രഭാഷണം നടത്തുന്നത്‌. കോണ്‍ഗ്രസ്‌ സ്വീകരിക്കുന്ന ഇരട്ടതാപ്പാണ്‌ അഴിമതിക്ക്‌ എക്കാലത്തും തണല്‍വിരിക്കുന്നത്‌.

2 ജി സ്പെക്ട്രം കുംഭകോണം വഴി 1.75 ലക്ഷംകോടി ക രാജ്യത്തിന്‌ നഷ്ടപ്പെട്ടുവെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌ സിഎജി ആയിരുന്നു. കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടും മറിച്ചായിരുന്നില്ല. ഇതെല്ലാം അറിഞ്ഞിട്ടും വീണ്ടും എ.രാജയെ അതേ വകുപ്പില്‍ മന്ത്രിയാക്കിയ ആളാണ്‌ മന്‍മോഹന്‍സിങ്ങ്‌. സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി വന്നപ്പോഴും കേന്ദ്രഭരണകൂടവും സിബിഐയും ടുജി ഇടപാടില്‍ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ല, ശ്രീ എ.രാജ കുറ്റക്കാരനല്ല എന്നാണ്‌ വാദിച്ചത്‌. അവസാനം ഫയലുകള്‍ പരിശോധിച്ച്‌ പഠിച്ച സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ്‌ രാജയുടെ അറസ്റ്റും മറ്റും ഉണ്ടായത്‌.

കോണ്‍ഗ്രസ്‌ എംപിയും കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ പരമാധികാരിയുമായിരുന്ന സുരേഷ്‌ കല്‍മാഡിയുടെ കാര്യത്തിലും കോണ്‍ഗ്രസ്‌ സ്വമേധയാ അഴിമതി വിരുദ്ധ നടപടി എടുത്തതല്ല. ഷുംഗ്ലു കമ്മറ്റിയും കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലും പരമാവധി പറഞ്ഞിട്ടും നടപടി എടുക്കാതെ കുറ്റക്കാരെ സംരക്ഷിച്ച കോണ്‍ഗ്രസ്‌ ചരിത്രം നാടിന്‌ അപമാനകരമാണ്‌. കോമണ്‍വെല്‍ത്ത്‌ അഴിമതി ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ പങ്ക്‌ അന്വേഷണകമ്മീഷന്‍ ഉയര്‍ത്തികാട്ടിയെങ്കിലും കോണ്‍ഗ്രസ്‌ ഇപ്പോഴും അവരെ സംരക്ഷിക്കുകയാണ്‌. പാമോലിന്‍ കേസില്‍ പ്രതിയായ പി.ജെ.തോമസിന്‌ അഴിമതി വിരുദ്ധ സംവിധാനത്തിന്റെ തലവനായി നിയമിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സുപ്രീംകോടതി നടപടിമൂലം ഗത്യന്തരമില്ലാതെ വന്നപ്പോഴല്ലേ തോമസിന്റെ കാര്യത്തില്‍ വായ്‌ തുറക്കാനെങ്കിലും തയ്യാറായത്‌.

രാജ്യം നേരിടുന്ന അഴിമതിക്ക്‌ തടയിടണമെങ്കില്‍ ഭരണനേതൃത്വം ഇച്ഛാശക്തിയുള്ളവരും സംശുദ്ധത ഉയര്‍ത്തിപിടിക്കുന്നവരുമാകണം. കോണ്‍ഗ്രസിന്റെ അഴിമതിവിരുദ്ധ കണ്ഠക്ഷോഭം അറവുശാലയില്‍ നിന്നുയരുന്ന അഹിംസാമന്ത്രംപോലെ അപഹാസ്യമാണ്‌. ലോകനായക്‌ ജയപ്രകാശ്‌ നാരായണന്‍ 1970കളില്‍ ഉയര്‍ത്തികൊണ്ടുവന്ന തരത്തിലുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക്‌ പൊതുസമൂഹം മുന്നിട്ടിറങ്ങുക എന്നതാണ്‌ അഴിമതിക്കു തടയിടാനുള്ള ഫലപ്രദമായ മാര്‍ഗം.

പി.എസ്‌. ശ്രീധരന്‍പിള്ള

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by