Categories: Vicharam

സിപിഎം സ്വാഭാവിക ‘മരണ’ത്തിലേയ്‌ക്ക്‌

Published by

സിപിഎമ്മില്‍ കത്തിനില്‍ക്കുന്ന വിഭാഗീയത ഒരു പൊട്ടിത്തെറിയിലവസാനിക്കുമെന്ന്‌ കരുതേണ്ടതില്ല. കാരണം ആ പാര്‍ട്ടി അതിന്റെ സ്വാഭാവിക മരണത്തിലേക്കാണ്‌ കൂപ്പുകുത്തുന്നത്‌. ഒരു സംഘടനയ്‌ക്ക്‌ അതിന്റെ ലക്ഷ്യത്തിലെത്താന്‍ പ്രത്യയശാസ്ത്രവും മാര്‍ഗവും ആവശ്യമാണ്‌. ഇതിന്റെ അഭാവത്തില്‍ സംഘടന ‘ആള്‍ക്കൂട്ടം’ മാത്രമായി അധഃപതിക്കും. ആള്‍ക്കൂട്ടം എത്ര വലുതായാലും അതിന്റെ കരുത്ത്‌ വ്യക്തികളിലേക്ക്‌ മാത്രമായിട്ടാണ്‌ ചുരുങ്ങുക. സിപിഎം എന്ന സംഘടന വ്യക്താധിഷ്ഠിതമായി മാറിയതും ഇതുകൊണ്ടാണ്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഒരക്ക സംഖ്യയായി ചുരുങ്ങിയതിന്റെ ബഹുമതി വി.എസ്‌.അച്യുതാനന്ദനില്‍ മാത്രം ചാര്‍ത്തപ്പെട്ടതും ഈ നിലയ്‌ക്കാണ്‌.

സിപിഎമ്മിന്റെ പ്രത്യയശാസ്ത്രരാഹിത്യമാണ്‌ ആ പാര്‍ട്ടിയെ കോണ്‍ഗ്രസുമായി അടുപ്പിച്ചത്‌. ബിജെപിയെ അധികാരത്തില്‍നിന്ന്‌ മാറ്റിനിര്‍ത്തലാണ്‌ പ്രധാന അജണ്ടയെന്ന സിപിഎം നേതൃത്വത്തിന്റെ അടിവരയിടല്‍ സ്വന്തം പാര്‍ട്ടിയുടെ ഉണ്ടെന്ന്‌ പറയുന്ന ‘പാര്‍ട്ടി പരിപാടി’യെത്തന്നെ നിരാകരിക്കലായിട്ടാണ്‌. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങളെ താലോലിക്കുന്ന കോണ്‍ഗ്രസിനെ തൊഴിലാളി വര്‍ഗം ശത്രുപക്ഷത്ത്‌ നിര്‍ത്തി പൂര്‍ണമായി തോല്‍പ്പിച്ചെങ്കില്‍ മാത്രമെ ജനകീയ ജനാധിപത്യ വിപ്ലവം സാധ്യമാകൂ എന്നതാണ്‌ സിപിഎമ്മിന്റെ എഴുതപ്പെട്ടതും അംഗീകരിച്ചതുമായ പാര്‍ട്ടി പരിപാടി.

സിപിഐ അതിന്റെ ആരംഭത്തില്‍ തന്നെ, വര്‍ഗശത്രുവാണെങ്കിലും കോണ്‍ഗ്രസുമായി സഹകരിക്കാവുന്ന മേഖലകളിലൊക്കെ സഹകരണമാകാമെന്ന വെള്ളം ചേര്‍ക്കലോടെയാണ്‌ ദേശീയ ജനാധിപത്യ വിപ്ലവം എന്ന പാര്‍ട്ടി പരിപാടി അംഗീകരിച്ചത്‌. എന്നാല്‍ 1964ല്‍ പിളര്‍ന്ന്‌ രണ്ടായി മാറിയ സിപിഎമ്മിന്റേയും സിപിഐയുടേയും അരനൂറ്റാണ്ട്‌ പോലും ആയിട്ടില്ലാത്ത ആയുസ്സ്‌ പരിശോധിക്കുമ്പോള്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമാണ്‌ ഈ പാര്‍ട്ടികളുടെ അടവ്‌ തന്ത്രങ്ങള്‍ക്ക്‌ ഉള്ളതെന്ന്‌ മനസിലാകും. പാര്‍ട്ടി പരിപാടിക്ക്‌ കണ്ണാടിക്കൂട്ടില്‍ പോലും സ്ഥാനമില്ലെന്നുള്ളത്‌ ഇവിടെ തിരിച്ചറിയപ്പെടുന്നു.

ഇത്തരമൊരു അവസ്ഥയില്‍ സിപിഐയെ അപേക്ഷിച്ച്‌ പ്രബലമായ സിപിഎമ്മില്‍ പിണറായി-വിഎസ്‌ ഗ്രൂപ്പ്‌ പോര്‌ മൂര്‍ച്ഛിച്ച്‌ പൊട്ടിത്തെറിയിലെത്തിയെന്നും വരാന്‍പോകുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ കലാപകലുഷിതമാകുമെന്നുമുള്ള പൊടിപ്പും തൊങ്ങലും വെച്ചുള്ള വിലയിരുത്തലുകള്‍ അസ്ഥാനത്താണ്‌.

അധികാരത്തിലമര്‍ന്നിരിക്കാന്‍ തക്കം പാര്‍ത്ത്‌ നടക്കുന്ന ഭിക്ഷാംദേഹികള്‍ക്കിടയിലെ സ്വാഭാവികമായ തര്‍ക്കങ്ങളും കുതികാല്‍ വെട്ടലുകളുമാണ്‌ വിഎസ്‌-പിണറായി പോരിന്‌ പിന്നില്‍. വിഎസ്‌ അനുകൂല പ്രകടനങ്ങളിലും പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ നടപടികളിലും ഒളിക്യാമറ പ്രയോഗത്തിലും ഗ്രൂപ്പ്‌ യോഗങ്ങളിലും പരസ്പ്പരമുള്ള പ്രസ്താവനാ യുദ്ധങ്ങളിലും മറ്റുമായി ഇത്‌ മറനീക്കി പുറത്ത്‌ വരികയാണ്‌. ഇങ്ങനെ നേതൃതലത്തിലുള്ള വ്യക്തിവിരോധവും വിഴുപ്പലക്കലും കീഴ്ഘടകമായ പാര്‍ട്ടി ബ്രാഞ്ച്‌ കമ്മറ്റികളിലടക്കം സാര്‍വത്രികമായതാണ്‌ സിപിഎം എന്ന കക്ഷിയുടെ സ്വാഭാവിക നാശത്തിന്‌ ആക്കം കൂട്ടുന്നത്‌.

പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ടവന്റെ വീട്ടില്‍ പോകരുതെന്നും ഭക്ഷണം കഴിക്കരുതെന്ന വിലക്കും ഊതി വീര്‍പ്പിക്കേണ്ടതില്ല. വിലക്കുള്ളതുകൊണ്ട്‌ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ‘പാര്‍ട്ടി’ ശത്രുവിന്റെ വീട്‌ സന്ദര്‍ശനത്തിനും അവിടെനിന്നുള്ള ഭക്ഷണം കഴിക്കലിനും വിഎസ്‌ തയ്യാറാകുമോ, ഇല്ലയോ എന്ന ചര്‍ച്ചയാണ്‌ പ്രശ്നത്തിന്‌ എരിവ്‌ പകരാന്‍ ആദ്യംതന്നെ പ്രയോഗിക്കപ്പെട്ടത്‌. ഈയൊരു തന്ത്രം പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല പൊതുസമൂഹത്തിലും പ്രശ്നത്തെ സജീവ ചര്‍ച്ചയാക്കി. താക്കീതിനെ അവഹേളിക്കാനും അതിജീവിക്കാനും നടപടിയില്‍നിന്ന്‌ രക്ഷപ്പെടാനും മാത്രമല്ല, ഔദ്യോഗികമെന്ന ശത്രുപക്ഷത്തെ കരിവാരിത്തേക്കാനും വിഎസിനായി. തനിക്ക്‌ പറയാനുള്ളതൊക്കെ ശത്രുപക്ഷത്തിനെതിരെ താന്‍ ചെന്നുകണ്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെക്കൊണ്ട്‌ പറയിപ്പിക്കാനും അതിന്‌ വന്‍ വാര്‍ത്താ പ്രാധാന്യമുണ്ടാക്കിക്കാനും പാര്‍ട്ടിക്കുള്ളിലെ തന്റെ ഗ്രൂപ്പിന്‌ വന്‍ വിജയമാക്കി അത്‌ ആഘോഷിക്കാനും വിഎസിന്‌ കഴിഞ്ഞു.

ഔദ്യോഗിക പക്ഷത്തിന്റെ പാര്‍ട്ടി കേന്ദ്രത്തിന്‌ നല്‍കിയ പരാതിക്ക്‌ ബദല്‍ പരാതി നല്‍കി പ്രശ്നം തെരുവിലെ വിഴുപ്പലക്കലാക്കി മാറ്റപ്പെട്ടപ്പോള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം നിശ്ശബ്ദരാക്കപ്പെടുകയും ചെയ്തു.

പാര്‍ട്ടിയില്‍ ഉണ്ടെന്ന്‌ പറയപ്പെടുന്ന മൂല്യമെന്തെന്ന്‌ തിരിച്ചറിയാനോ പുറത്ത്‌ പറയാനോ ശേഷിയില്ലാതായ സാധാരണ ബ്രാഞ്ച്‌ കമ്മറ്റി അംഗങ്ങള്‍ക്ക്‌ മുതല്‍ സംഘടനാ സംവിധാനത്തിന്റെ അങ്ങേയറ്റത്തുള്ള പോളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ക്കുപോലും പാര്‍ട്ടിയുടെ മുന്നോട്ട്‌ പോക്കില്‍ വ്യക്തത ഇല്ലാതായിരിക്കുകയാണ്‌. ഈ അവസ്ഥയാണ്‌ വിഴുപ്പലക്കലിന്റെ ദുര്‍ഗന്ധമായി പിണറായി വിജയന്റെ മകളുടെ കല്യാണത്തിന്‌ ക്ഷണം കിട്ടിയവരുടെ ലിസ്റ്റ്‌ വായിക്കലിലും മുന്‍പാര്‍ട്ടി താത്വികാചാര്യന്റെ വീട്ടിലെ ഭക്ഷണ-സന്ദര്‍ശന വിലക്കുകളിലും ഉയരുന്നത്‌. ഇത്‌ സിപിഎം എന്ന കക്ഷിയുടെ ആസന്നമരണത്തിന്‌ അടിവരയിടുകയാണ്‌.

പി.പി.ദിനേശ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by