Categories: Ernakulam

ടോള്‍ പിരിവുകാര്‍ ബസ്‌ ഡ്രൈവറെ മര്‍ദ്ദിച്ചു; കുമ്പളം ടോള്‍ പ്ലാസയില്‍ സംഘര്‍ഷം

Published by

മരട്‌: സ്വകാര്യ ബസ്‌ തൊഴിലാളികളെ ടോള്‍ പിരിവുകാര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്‌ കുമ്പളം ടോള്‍ പ്ലാസയില്‍ സംഘര്‍ഷം. ഇന്നലെ രാവിലെ 7 മണിയോടെയാണ്‌ ബൈപ്പാസില്‍ ടോള്‍ബൂത്തിന്‌ മുമ്പിലെ പ്രശ്നങ്ങള്‍ക്ക്‌ തുടക്കം. സ്വകാര്യ ബസ്‌ ഡ്രൈവറും ടോള്‍ ജീവനക്കാരും തമ്മിലുണ്ടായ വാക്കേറ്റമാണ്‌ സംഘര്‍ഷത്തിലേക്കും ഒടുവില്‍ പോലീസ്‌ ഇടപെടലിലും കലാശിച്ചത്‌.

വാക്കേറ്റം മൂര്‍ഛിച്ചതോടെ ടോള്‍പ്ലാസയിലെ അന്യസംസ്ഥാനക്കാരായ ജീവനക്കാര്‍ സംഘടിച്ച്‌ ബസ്‌ ഡ്രൈവറെയും കണ്ടക്ടറേയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ എരമല്ലൂര്‍-കലൂര്‍ റൂട്ടില്‍ ഓടുന്ന ‘സായ്കൃപ’ ബസ്സിന്റെ ഡ്രൈവര്‍ അജീഷ്‌, കണ്ടക്ടര്‍ സജീര്‍ എന്നിവര്‍ക്ക്‌ പരിക്കേറ്റു. ഇതേത്തുടര്‍ന്ന്‌ പ്രകോപിതരായി ഇതുവഴി സര്‍വീസ്‌ നടത്തുന്ന പതിനഞ്ചോളം ബസ്സുകള്‍ ടോള്‍പ്ലാസക്കരികില്‍ നിര്‍ത്തിയിട്ട്‌ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന്‌ ടോള്‍ പിരിവുകാരെ നേരിട്ടു. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം സ്തംഭിക്കുകയും സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തു. ഇതിനിടെ മര്‍ദ്ദനമേറ്റ ബസ്‌ തൊഴിലാളികളെ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്‌ ജീവനക്കാര്‍ സംഘടിച്ച്‌ ടോള്‍ ബൂത്തിന്‌ മുമ്പില്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചപ്പോള്‍ ബസ്‌ യാത്രക്കാരും നാട്ടുകാരും ഒപ്പം ചേര്‍ന്ന്‌ പ്രതിഷേധം പ്രകടിപ്പിച്ചു.

സംഘര്‍ഷത്തെത്തുടര്‍ന്ന്‌ പനങ്ങാട്‌ എസ്‌ഐ കെ.വി.ബെന്നിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ബസ്‌ ജീവനക്കാരെ മര്‍ദ്ദിച്ച ടോള്‍പ്ലാസയിലെ രണ്ട്‌ ജീവനക്കാരെ പോലീസ്‌ കസ്റ്റഡിയിലെടുത്തതോടെയാണ്‌ ബസ്‌ ജീവനക്കാര്‍ സമരം അവസാനിപ്പിച്ച്‌ യാത്ര തുടരാന്‍ തയ്യാറായത്‌. ടോള്‍ പിരിവുകാര്‍ മാരകായുധങ്ങളുമായാണ്‌ തങ്ങളെ ആക്രമിക്കാന്‍ മുതിര്‍ന്നതെന്ന്‌ ബസ്‌ തൊഴിലാളികള്‍ പറഞ്ഞു. ജീവനക്കാരെ കസ്റ്റഡിയിലെടുത്തതോടെ കുറച്ചു സമയത്തേക്ക്‌ ഫീസ്‌ പിരിവ്‌ നിര്‍ത്തിവച്ചു. അന്യസംസ്ഥാനക്കാരായ ടോള്‍ ജീവനക്കാര്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കെഎസ്‌ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവവും സംഘര്‍ഷം സൃഷ്ടിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by