ആത്മീയതയും ഭൗതികതയും മാക്സിസവും ഗാന്ധിസവും വിശ്വാസവും അവിശ്വാസവുമൊക്കെ ഇന്ന് മനുഷ്യരുടെ ദുര്‍ബലതയെ ചൂഷണം ചെയ്യുവാനുള്ള മാര്‍ഗങ്ങളായി അധഃപതിച്ചിരിക്കുന്നു. ഇന്ന് ഘോരഘോരം ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍ക്കെല്ലാം ഒരു രഹസ്യ അജന്‍ഡ ഉണ്ട്. ജീവത്രാണം, അധികാരഭ്രമം, ചൂഷണം. ചുരുക്കിപ്പറഞ്ഞാല്‍ ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’. പണ്ട് അധികാരിക്ക് വേണ്ടിയിരുന്നത് കരബലവും ധനബലവുമായിരുന്നു. ഇന്നത് ബുദ്ധിബലത്തിലേക്ക് മാറിയിരിക്കുന്നു. ഇനിയുമത് മനോബലത്തിലേക്കാണ് രൂപാന്തരപ്പെടുന്നത്. ബുദ്ധിബലത്തിന്റെ (മുഷ്ക്ബലം) കാലം അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. മനഃശുദ്ധിയുടെയും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും കാലമാണ് വരാനിരിക്കുന്നത്. ഭരണകൂടങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമാകണം (വര്‍ഗവര്‍ണ്ണ ചൂഷണ രഹിത സമൂഹം).
ഇന്നത്തെ ഭരണം, രണ്ടുശതമാനം ബുദ്ധിമാന്മാര് ബാക്കിവരുന്ന സാധാരണക്കാരെ ചൂഷണം ചെയ്യുന്നതാണ്. ഇത്തരം ചൂഷകരെ അധികാരത്തിലെത്തിക്കുന്ന ജനങ്ങളും ശിക്ഷാര്‍ഹരാണ്. ഈ പ്രവണത പ്രകൃതി നശിപ്പിക്കും. ഭൂകമ്പമായോ സുനാമിയായോ അഗ്നിപര്‍വതമായോ സൗരകൊടുങ്കാറ്റായോ ആഗോളതാപനമായോ മഹാമാരിയായോ അതിനുള്ള ശിക്ഷ പ്രകൃതി തന്നെ നല്‍കും. അതിനുള്ള കാലം വിദൂരമല്ല.
അധികാരം, അഹന്ത, ആഡംബരം, ക്ഷണികസുഖം (മദ്യം, മാംസം, മദിരാക്ഷി) എന്നിവയില്‍ ആസക്തരാണ് ഇന്നത്തെ ഭരണാധികാരികളില്‍ ബഹുഭൂരിപക്ഷവും. ആസക്തികളെ അതിജീവിക്കാനോ ആത്മാവിനെ അറിയുവാനോ കഴിയാത്ത മന്ദബുദ്ധികള്‍. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടാലും, കാലുകള്‍ക്ക് ശേഷി കുറഞ്ഞാലും കസേരകള്‍ക്കായി കടിപിടി കൂട്ടുന്നു. പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പേരില്‍ അധികാരം കൈക്കലാക്കുവാന്‍ അക്ഷീണം പരിശ്രമിക്കുന്ന അധാര്മ്മികരാണിവര്. മദ്യ-മത്സ്യ-മാംസാദികള്‍ കഴിച്ച് ശരീരത്തില്‍ എല്ലാവിധ രോഗങ്ങളെയും ആവാഹിച്ചുകൊണ്ട് ആരോഗ്യപൂര്‍ണമായ ജനതയെക്കുറിച്ച് സംസാരിക്കുന്നവരാണിവര്‍. ഇവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ജനങ്ങളുടേതല്ല. ഇവരുടെ അഹന്തയുടേതു മാത്രമാണ്. ഇവര്‍ക്ക് ഒരുതരത്തിലും ഈ പ്രകൃതിയേയും ഇതിലെ ജീവജാലങ്ങളേയും ഗുണപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുകയില്ല.
അധികാരത്തിന്റേയും പണത്തിന്റേയും പിന്‍ബലത്തില്‍ മനുഷ്യന് മനുഷ്യനു നേരെ നടത്തുന്ന ഓരോ അധാര്‍മ്മിക പ്രവൃത്തികളോടും കരുണാപൂര്‍വ്വം കലഹിക്കുന്ന ആളുകളുടെ കൂട്ടായ്മയാണ് ഇനി സമൂഹത്തിനു വേണ്ടത്. അവര്‍ നന്മാഭിമുഖമായി മാത്രം സഞ്ചരിക്കുകയും സ്വാഭാവികമായി തിന്മകള്ക്കെതിരാവുകയും ചെയ്യും. ഇവരാണ് പുതുയുഗത്തിന്റെ യഥാര്‍ത്ഥ വഴികാട്ടികള്‍. വാക്കിനേക്കാള്‍ മൗനത്തെ ഇഷ്ടപ്പെടുന്നവരാണിവര്‍. അഹന്തയല്ല, ആത്മബോധ മാണ് അവരെ നയിക്കുന്നത്. സസ്യഭുക്കുകളും സാധകരുമാണിവര്. പ്രകൃതിസ്നേഹവും പ്രകാശനിര്ഭരതയുമാണ് ഇവരുടെ മുഖമുദ്ര. ഇവര്‍ ഒരു മതത്തിലും കേന്ദ്രീകരിക്കുന്നില്ല. ഇവര്‍ മാറ്റത്തിനായി നിലകൊള്ളുന്നു. അതാവട്ടെ സമ്പാദിക്കലിന്റെ വഴിയിലല്ല. വിനിമയം ചെയ്യലിന്റെ പാതയിലാണ്. ഇവര്‍ തുല്യതയ്ക്കായല്ല. എല്ലാ മനുഷ്യരുടെയും അതുല്യതയ്ക്കായി അക്ഷീണം പരിശ്രമിക്കുന്നു. ഒരു ഏകലോക സമൂഹം ഇവര്‍ സ്വപ്നം കാണുന്നു. ഇവര്‍ നീതിപൂര്‍വ്വകമായി മാത്രം മൊഴിയുകയും സ്വാഭാവികമായി അനീതിയോട് കലഹത്തിലാവുകയും ചെയ്യുന്നു. സ്നേഹവും കാരുണ്യവും പരിശുദ്ധിയും ചേര്‍ന്ന ആത്മാവിനെ സംബന്ധിക്കുന്നതാണ് ആത്മീയത. സൂര്യയോഗിലൂടെ അത് വീണ്ടും പുനര്‍ജനിക്കും.
സൂര്യാജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: