ഇങ്ങനെ കെട്ടപ്പെട്ടവനെപ്പോലെ കിടക്കാനും നിന്റെ മുമ്പില്‍ വരാനും ഒരു കാരണമുണ്ട്. നിന്റെ നന്മയ്ക്കുവേണ്ടി ചില നല്ലകാര്യങ്ങള്‍ പറയാനാണ് ഞാന്‍ വന്നത്. ബുദ്ധിയില്ലാത്തവരുടെ മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരം നീക്കാന്‍ ബുദ്ധിയുള്ളവര്‍ സഹായിക്കണം. അത് ലോകനിയമമാണ്. അധര്‍മികള്‍ക്ക് മോക്ഷമാര്‍ഗം കാണിച്ചുകൊടുക്കുന്നത് കരുണയും ബുദ്ധിയുമുള്ളവരുടെ ധര്‍മമാണ്. അജ്ഞാനസമുദ്രത്തില് മുങ്ങിക്കഴിയുന്ന നിന്റെ മനസ്സിലെ രാക്ഷസബുദ്ധിയെ ഉപേക്ഷിച്ചിട്ട് ഈശ്വരവഴിയിലൂടെ നീ സഞ്ചിരിക്കുക.
ഈശ്വരചിന്തയിലൂടെ ജനനമരണത്തില്‍ നിന്നും മോചനം കിട്ടും. സംസാരദുഃഖത്തില്‍ നിന്നും കരയറാനും സാധിക്കും. അമൃതതുല്യനും നിര്‍മലനുമായ ഈശ്വരെ കുറിച്ച് ചിന്തിക്കുവാന്‍ തക്കരീതിയില്‍ നീയും ഉത്തമവംശത്തില്‍ ജനിച്ചവന്‍തന്നെയാണ്. നിന്റെ മനസ്സില്‍ നിന്നും കാമക്രോദാധികള് കളഞ്ഞ് പകരം ആത്മജ്ഞാനം നിറയ്ക്കുക. ബ്രഹ്മദേവന്റെ വംശത്തില്‍ ജനിച്ച നീരാക്ഷസസ്വഭാവം വെടിയുക. രാക്ഷസദേവ പക്ഷിമൃഗാദികളെ ഭേദബുദ്ധിയോടെ കാണരുത്. ഞാന്‍ എല്ലാ മായയ്ക്കും സത്വരജസ്തമോ ഗുണങ്ങള്‍ക്കും അടിമപ്പെട്ട നീ ജീവിനും ദേഹവും ആത്മാവല്ലെന്നറിയുക.
അമൃതസ്വരുപന് ജന്മമില്ലാത്തവന്‍ പരിശുദ്ധന് നാശമില്ലാത്തവന്‍ ഒന്നിനോടും കലരാത്തവന് അതുല്യന്‍ അളക്കാന്‍ കഴിയാത്തവന് ദുഃഖമില്ലാത്ത്വന് സത്വരജസ്തമോഗുണങ്ങളില്ലാത്തവന് പരിപൂര്ണന് എന്റേതെന്ന ഭാവമില്ലാത്തവന്‍ പരിശുദ്ധന് ശ്രേഷ്ഠമായ വേദത്തിന് ഇരിപ്പിടമായവന്‍ അടിയും അന്ത്യവും ഇല്ലാത്തവന് രൂപമില്ലാത്തവന് ബ്രഹ്മാവ് വിഷ്ണു ശിവന് മുതലായവര്‍ക്ക് അറിഞ്ഞുടാത്തവന് അജ്ഞാനികള്‍ക്ക് അപ്രാപ്യന്‍ ജ്ഞാനികള്‍ വേദാന്തജ്ഞാനംകൊണ്ട് അറിയുന്നവന് ഇങ്ങനെയുള്ള ഈശ്വരന് മാത്രമേ സത്യമായിട്ടുള്ളൂ. ഈ ലോകം മുഴുവന്‍ മായയാണ്.
ഈ ലോകം അനിത്യമാണ്. ജന്മം വാര്‍ദ്ധക്യം മരണം ഇവ ദുഃഖമയമാണ്. ആത്മാവിനെ ആത്മാവില്‍ കണ്ട്കൊണ്ട് ജീവിക്കുക. നിനക്കുമോക്ഷം കിട്ടുന്നതിന് ഒരുപദേശം ഞാന്‍ പറഞ്ഞുതരാം. വിഷ്ണുഭക്തികൊണ്ട് മനസ്സിലെ പാപം മുഴുവന്‍ കഴുകിക്കളയാം. അത് വഴി മനസ്സ് പരിശുദ്ധമാവുകയും തത്ത്വജ്ഞാമുദിക്കുകയും ചെയ്യും.
കളങ്കമറ്റ നിന്റെ മനസ്സില്‍ ഭഗവാനെ അറിഞ്ഞാല്‍ പരമാനന്ദത്തിന്റെ അനുഭവം കൊണ്ട് തത്ത്വജ്ഞാനമുണ്ടാകും. രാക്ഷസന്മാരാകുന്ന വനത്തെ മുഴുവന്‍ ദഹിപ്പിക്കാന്‍ കഴിവുള്ള രാമനാമ മന്ത്രം ജപിക്കുകയും ലൗകിക വിഷയങ്ങളിലുള്ള ആശ ഉപേക്ഷിക്കുകയും ശ്രീരാമദേവനെ ഭജിക്കുകയും ചെയ്താല്‍ നിന്റെ സംസാരദുഃഖങ്ങള്‍ മുഴുവന്‍ നശിക്കും. ചെറിയ നന്മ നിന്റെ മനസ്സില്‍ ഉണ്ടെങ്കില്‍ ഭക്തലോകത്തില് കോടിസൂര്യനെപ്പോലെ ശോഭിക്കുന്ന വിഷ്ണുപാദത്തെ നമസ്കരിക്കുക.
വിഷ്ണുദേവന്റെ ഇരുപാദങ്ങളും മൂഢതകളഞ്ഞ് നീ സേവിക്കുക, ഇനിയെങ്കിലും നിന്റെ ദുഷ്കര്‍മ്മമെല്ലാം അവസാനിപ്പിച്ച് മോക്ഷപദത്തിനുള്ള വഴി നോക്കുക. അന്യരുടെ ഭാര്യ, ധനം എന്നിവയിലുള്ള മോഹംകൊണ്ട് പാപകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് നരകത്തില്‍ പതിക്കാതെ ശ്രീനാരായണനെ ശരണം പ്രാപിച്ച് മോക്ഷമാര്‍ഗത്തെ കുറിച്ച് ചിന്തിക്കുക.
വിഷ്ണുദേവനെ അത്യന്തം ഭക്തിയോടും വിശ്വാസത്തോടും കൂടി സേവിച്ച് ‘നീ തന്നെ ശരണം’ എന്ന് പറഞ്ഞുകൊണ്ട് പാദങ്ങളില്‍ വീഴുക. അപ്പോള്‍ ഭഗവാന് ശത്രുഭാവം കളഞ്ഞ് സന്തോഷത്തോടെ നിന്നെ സ്വീകരിക്കും. നീ ദേഷ്യത്തില്‍ എന്തെങ്കിലും തെറ്റ് ദേവനോട് ചെയ്തിട്ടുണ്ടെങ്കിലും ശരി, ആശ്രയിച്ചുകഴിഞ്ഞാല്‍ അതെല്ലാം എന്റെ സ്വാമി ക്ഷണിക്കും. ഈ വിധത്തിലുള്ള കാരുണ്യം വേറെ ആരും കാണിക്കുകയില്ല. വിഷ്ണുഭഗവാനെ മനസ്സില്‍ വിചാരിക്കുന്ന ഒരുവന് വേറൊരു ജന്മം ഉണ്ടാവുകയില്ല. ബ്രഹ്മാദികള്‍ക്കുപോലും സമ്മതമായിട്ടുള്ള സനകമുനികളുടെ ഇത്തരത്തിലുള്ള വചനങ്ങള്‍ നീ ഓര്‍ക്കുക.”
മാരുതപുത്രന്റെ അമൃതതുല്യവചനങ്ങള്‍ അത്യന്തം ദേഷ്യത്തോടെ കേട്ട രാവണന് തന്റെ ഉരുപതുകണ്ണുകളില് നിന്നും അഗ്നിജ്വലിക്കുമാറ് ഉരുട്ടിക്കൊണ്ട് പറഞ്ഞു: “ഇവനെ എള്ളിന് തുല്യമായി വെട്ടിനുറുക്കുവിന്‍. എന്റെ അടുത്ത് എന്നോടൊപ്പമിരുന്ന് ധിക്കാര വാക്കുകള്‍ പറയാന്‍ ഇവനല്ലാതെ മറ്റ് ജന്തുക്കള്‍ ഇങ്ങനെ അഹങ്കാരം കാണിക്കുമോ? ഭയവും വിനയവുമില്ലാത്ത ഇവന് പാപിയും നീചനും ദുഷ്ടനുമാണ്. ഇവന് എപ്പോഴും പറയുന്ന രാമന് ആര്? കാനനവാസി സുഗ്രീവന് ആരെന്ന് പറയുക. രാമനെയും സുഗ്രീവനെയും സീതയേയും കോന്നിട്ട് ദുഷ്ടനായ നിന്നെയും ഞാന്‍ കൊല്ലും.”
രാവണവാക്കുകള്‍ കേട്ട് കോപം പൂണ്ട ഹനുമാന് പല്ലുകടിച്ചുകൊണ്ട് പറഞ്ഞു. “നിന്റെ മനസ്സിലെ വിചാരം വളരെ വിചിത്രമായിരിക്കുന്നു. നിന്നെപ്പോലെ രാക്ഷസകുലപതികളായ നൂറുരാവണന്മാര് ഒരുമിച്ച് വന്നാലും എന്റെ ചെറുവിരലിന് സമമാവുകയില്ല. പിന്നെയല്ലേ നിസ്സാരനായ നീ. ദുഷ്ടാ നീ എന്നെ എന്തുചെയ്യുമെന്ന് കാണട്ടെ.”
ഹനുമാന് പറഞ്ഞതുകേട്ട രാവണന് അടുത്തുനിന്നവരോട് പറഞ്ഞു: “ഇവനെക്കൊല്ലുവാന്‍ ആയുധം കയ്യിലുള്ള ഒറ്റ രാക്ഷസന്പോലും ഇവിടെയില്ലേ.” അപ്പോള്‍ ഹനുമാന്റെ നേര്ക്കം ആയുധവുമായി ഓടിയടുത്ത രാക്ഷസനെ തടഞ്ഞുകൊണ്ട് അതെല്ലാം കണ്ടുനിന്ന വിഭീഷണന് പറഞ്ഞു:
“പാടില്ല, ദൂതനെ കൊല്ലുന്നത് ഉചിതമല്ല. അത് മഹാദുരിതത്തിന് കാരണമാകാം. മാത്രമല്ല, അത് രാജാക്കന്മാര്ക്ക് ചേരുന്ന പ്രവൃത്തിയുമല്ല. ഇപ്പോള്‍ ഹനുമാനെ കൊന്നാല്‍ ഇവിടുത്തെ വൃത്താന്തമെങ്കിലും ശ്രീരാമന് എങ്ങനെ മനസ്സിലാക്കും. അതുകൊണ്ട് ഇവനെ കൊല്ലുന്നതിപകരം ഇവനില്‍ ഒരു അടയാളമുണ്ടാക്കി അങ്ങോട്ട് അയയ്ക്കുന്നതാണ് രാജധര്‍മ്മം.” രാവണസഹോദരനായ വിഭീഷണന്റെ വാക്കനുസരിച്ച് അങ്ങനെതന്നെ ചെയ്യാന്‍ രാവണന് കല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: