Categories: Ernakulam

കണക്കുകളില്‍ പൊരുത്തക്കേട്‌ ടോള്‍പിരിവിനുപിന്നില്‍ അഴിമതിയെന്ന്‌ സൂചന

Published by

മരട്‌: ഇടപ്പള്ളി അരൂര്‍ ബൈപാസിലൂടെ കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഏജന്‍സിയുടേയും, ദേശീയ പാതാ അധികൃതരുടെയും കണക്കുകളില്‍ പൊരുത്തക്കേട്‌. ഇതോടെ ടോള്‍പിരിവിനു പിന്നില്‍ കോടികളുടെ അഴിമതി നടത്തുന്നതിനുള്ള ഗൂഢാലോചനയുണ്ടെന്ന്‌ സംശയം ബലപ്പെട്ടു.

വിവരാവകാശനിയമ പ്രകാരം എന്‍എച്ച്‌എഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസം ശരാശരി 10736 വാഹനങ്ങള്‍ ബൈപാസ്‌ വഴികടന്നുപോവുന്നു എന്നാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഇതനുസരിച്ച്‌ ഒരു വര്‍ഷത്തില്‍ ടോള്‍ ഇനത്തില്‍ 10 കോടിയില്‍പരം രൂപ മാത്രമെ വരുമാനം ലഭിക്കുകയുള്ളു എന്നു കണക്കാക്കിയിരിക്കുന്നു. പദ്ധതിനിര്‍മാണത്തിനായി 183 കോടിയില്‍ പരം രൂപ എന്‍എച്ച്‌എഐ ചെലവാക്കിയെന്നും വര്‍ഷങ്ങള്‍തന്നെ വേണ്ടിവരും ഇതിന്റെ മുതലും പലിശയും ഈടാക്കാന്‍ എന്നും പ്രൊജക്ട്‌ ഡയറക്ടര്‍ സി.ടി.എബ്രഹാം ഒപ്പുവെച്ച്‌ നല്‍കിയ രേഖയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ദേശീയ പാതാ അധികൃതര്‍ നല്‍കിയിരിക്കുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ വ്യാജമാണെന്നാണ്‌ ഇപ്പോള്‍ വ്യക്തമാക്കപ്പെടുന്നത്‌.

ബൈപാസിലെ വാഹന സാന്ദ്രതയെപ്പറ്റി നാറ്റ്‌ പാക്‌ എന്ന സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ ഇടപ്പള്ളി അരൂര്‍ ബൈപാസില്‍ കുമ്പളം പാലം വഴി ശരാശരി ദിവസത്തില്‍ 50268 വാഹനങ്ങള്‍ കടന്നുപോവുന്നതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ കേവലം രണ്ടരവര്‍ഷത്തെ ടോള്‍ പിരിവുകൊണ്ട്‌ മുടക്കുമുതലും, പലിശയും തിരിച്ചുപിടിക്കാന്‍ ദേശീയപാതാ അധികൃതര്‍ക്കുകഴിയുമെന്നും, ചുരുങ്ങിയത്‌ 10 വര്‍ഷം തുടര്‍ച്ചയായി ടോള്‍പിരിവുനടത്തിയാല്‍ കുമ്പളത്തെ ടോളില്‍ നിന്നുമാത്രം 1000 കോടിയില്‍ പരം രൂപ എന്‍എച്ച്‌എഐക്ക്‌ അധിക വരുമാനം ഉണ്ടാക്കാന്‍ കഴിയും എന്നുമാണ്‌ കണക്കുകള്‍ നല്‍കുന്ന സൂചന.

എന്നാല്‍ ടോള്‍പ്ലാസവഴി പതിനായിരത്തില്‍ പരം വാഹനങ്ങള്‍ കടന്നുപോവുന്നു എന്ന്‌ ഔദ്യോഗികമായി എന്‍എച്ച്‌എഐ സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞ സ്ഥിതിക്ക്‌ ഈ അനുപാതത്തിലുള്ള തുകമാത്രമെ സര്‍ക്കാരിലേക്ക്‌ അടക്കേണ്ടതുള്ളു. അപ്രകാരമെങ്കില്‍ ടോള്‍ ഇനത്തില്‍ ലഭിക്കുന്ന കോടികണക്കിന്‌ രൂപ ഓരോവര്‍ഷവും ഉദ്യോഗസ്ഥരും, രാഷ്‌ട്രീയലോബിയും ചേര്‍ന്ന്‌ അഴിമതി നടത്തികൊള്ളയടിക്കുന്നു എന്നാണ്‌ ഞെട്ടിക്കുന്ന വിവരം.

ടോള്‍പിരിവ്‌ കരാറുകാരും, ഒരു വിഭാഗം ഉദ്യോഗസ്ഥരും, ചില രാഷ്‌ട്രീയ നേതാക്കളും ഇതിനു പിന്നിലുണ്ടെന്നും സംശയിക്കപ്പെടുന്നു. ഓരോ ടോള്‍ബൂത്തില്‍ കൂടി കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണം കുറച്ചുകാണിച്ച്‌ വന്‍തുക കൈക്കലാക്കുന്ന കരാറുകാര്‍ക്കു പിന്നില്‍ രാഷ്‌ട്രീയ ലോബിയുണ്ടെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by