പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ആലുവ റൂട്ടില്‍ പാലക്കാട്ടുതാഴം പാലത്തിന് സമീപം പ്രവര്‍ത്തിച്ചുവന്ന കൈതാരന്‍ ഗ്ലാസ് ഹൗസ് എന്ന സ്ഥാപനം തീപിടിത്തത്തില്‍ കത്തിനശിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. ആലുവ സ്വദേശി കൈതാരന്‍ ജോസിന്റെ ഉടമസ്ഥതയില്‍ രണ്ട് മാസം മുമ്പ് പ്രവര്‍ത്തനമാംരഭിച്ച സ്ഥാപനമാണ് ബുധനാഴ്ച വെളുപ്പിന് 2 മണിയോടെ അഗ്നിക്കിരയായത്. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സ്ഥാപന ഉടമ പെരുമ്പാവൂര്‍ പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ ഉച്ചയോടെ ഫോറന്‍സിക് വിദഗ്ദ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായി സ്ഥാപന ഉടമ അറിയിച്ചു.
ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടിത്തമുണ്ടായതെന്നായിരുന്നു വൈദ്യുതിവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇതിന് ഒരു ശതമാനം പോലും സാധ്യതയില്ലെന്നും സ്ഥാപനഉടമയും പറയുന്നു. സ്ഥാപനത്തില്‍ ക്യാമറ ഘടിപ്പിക്കുവാന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ശേഷം കരാറുകാരന് വന്നില്ല എന്നും സ്ഥാപനത്തിന്റെ ആരംഭകാലത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വരാറുണ്ടായിരുന്നില്ല എന്നും ഉടമ പറഞ്ഞു. സ്ഥാപനത്തിലെ ജീവനക്കാര്‍ പൂട്ടിപ്പോകുന്ന സമയത്ത് എല്ലാ വൈദ്യൂതി ബന്ധങ്ങളും വിഛേദിച്ചുവെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പോകാറുള്ളതെന്നും ജോസ് പറഞ്ഞു.
ഈ സ്ഥാപനം ഇവിടെ പണിതുടങ്ങിയ കാലം മുതല്ക്കേ നാട്ടുകാരും മറ്റുമായി പലകാര്യങ്ങളിലും ശത്രുതയിലാവേണ്ടിവന്നുവെന്നും നോക്കുകൂലി പോലുള്ള കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. മൂവാറ്റുപുഴ, അങ്കമാലി, ആലുവ, കോതമംഗലം തുടങ്ങിയ പട്ടണങ്ങളെ അപേക്ഷിച്ച് പ്ലൈവുഡ്, ഗ്ലാസ് ഉത്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയിലാണ് ഇവിടെ വിറ്റുവന്നിരുന്നത്. അതിനാല്‍ അന്യനാടുകളില്‍ നിന്നും പെരുമ്പാവൂരിലെ ഈ സ്ഥാപനം തേടിയെത്തുന്നവരുടെ എണ്ണവും വളരെ കൂടുതലായിരുന്നു വെന്നും പറയുന്നു.
വരും ദിവസങ്ങളില്‍ തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവരുമെന്നും സത്യം പുറത്തുവരുമെന്ന പ്രതിക്ഷയിലുമാണ് സ്ഥാപന ഉടമ ജോസ്. മുകളിലത്തെ മൂന്ന് നിലകളും പോലീസ് ബന്തവസിലാണെങ്കിലും താഴെയുള്ള ഒറ്റ നിലയില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ തന്നെ പുനരാരംഭിച്ചതായും ഉടമ ജോസ് കൈതാര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: