Categories: Ernakulam

മെട്രോ റെയിലിന്‌ ഭൂമി ഏറ്റെടുക്കുമ്പോള്‍ വ്യാപാരികളുടെ താല്‍പര്യം പരിഗണിക്കും

Published by

കൊച്ചി: വ്യാപാരികളുടെ താത്പര്യം പരിഗണിച്ചേ മെട്രൊ റെയിലിനു വേണ്ടി ഭൂമി ഏറ്റെടുക്കൂ എന്ന്‌ കൊച്ചി മെട്രോ മാനേജിങ്‌ ഡയറക്റ്റര്‍ ടോം ജോസ്‌. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍പോകുന്ന പുതിയ പുനരധിവാസ പാക്കേജ്‌ വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം വില്ലേജില്‍ മാത്രം 23 കെട്ടിടങ്ങള്‍ പൊളിക്കണമെന്നാണ്‌ നിര്‍ദ്ദേശം വന്നിട്ടുള്ളതെന്ന്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ. വെങ്കിടേശ്‌ പൈ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതുകൂടാതെ 21 ഓളം കെട്ടിടങ്ങളുടെ ഭിത്തികളും ഗേറ്റും പൊളിക്കേണ്ടിവരും. ഇതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്ക്‌ ആശങ്കയുണ്ടെന്നും പൈ ചൂണ്ടിക്കാട്ടി. കച്ചേരിപ്പടിയില്‍ എക്സൈസ്‌ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 60 സെന്റും അതിനോടു ചേര്‍ന്നുള്ള കോര്‍പ്പറേഷന്റെ 75 സെന്റും ചേര്‍ത്ത്‌ ഒറ്റ പ്ലോട്ടാക്കി അവിടെ വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള പദ്ധതി വ്യാപാരികള്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ സര്‍ക്കാറില്‍നിന്ന്‌ ഉറപ്പ്‌ ലഭിക്കണമെന്ന്‌ തുടര്‍ന്ന്‌ സംസാരിച്ച യൂണിയന്‍ മുന്‍ പ്രസിഡന്റ്‌ കെ.എം. ജോണ്‍ ആവശ്യപ്പെട്ടു.

മെട്രോ സംബന്ധിച്ച ഒരു കാര്യങ്ങളും ഒളിച്ചുവയ്‌ക്കാന്‍ ആഗ്രഹമില്ലെന്ന്‌ ഈ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കവെ ടോം ജോസ്‌ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഇല്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ല. എങ്കിലും ഏറ്റെടുക്കല്‍ പരമാവധി കുറയ്‌ക്കാനുള്ള ശ്രമം നടത്തുകയാണ്‌. റോഡിന്‌ ്യ‍ൂനടുവിലൂടെയുള്ള പില്ലറുകളിലാണ്‌ മെട്രോ പോകുന്നതെങ്കിലും സ്റ്റേഷന്‍, ഡിപ്പോ, വര്‍ക്ഷോപ്പ്‌ എന്നിവയ്‌ക്കു ഭൂമി ഏറ്റെടുക്കാതെ മറ്റു വഴിയില്ല. ഇക്കാര്യത്തില്‍ വ്യാപാരി താത്പര്യം നിശ്ചയമായും പരിഗണിക്കും.

ട്രയല്‍ റണ്‍ നടത്തി ഗതാഗതം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന്‌ ഉറപ്പു ലഭിക്കാതെ നോര്‍ത്ത്‌ പാലം പൊളിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. പുല്ലേപ്പടി – തമ്മനം റോഡ്‌ നവീകരിച്ചതിനുശേഷം മാത്രം പാലം പൊളിക്കുകയെന്നത്‌ പ്രായോഗികമല്ല. നഗരത്തിലെ റോഡുകള്‍ നവീകരിക്കാന്‍ സംസ്ഥാന റോഡ്സ്‌ ആന്‍ഡ്‌ ബ്രിഡ്ജസ്‌ കോര്‍പ്പറേഷന്‍ ഏല്‍പ്പിച്ചിട്ടുണ്ട്‌. മൂന്നു ദിവസം മഴ മാറിനിന്നാല്‍ റോഡ്‌ അറ്റകുറ്റപ്പണി തുടങ്ങാമെന്നാണ്‌ അവര്‍ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by