Categories: India

രാജീവിന്റെ കൊലയാളികളുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി

Published by

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ടിരുന്ന മൂന്നുപേരുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി.

നിരോധിത സംഘടനയായ എല്‍ടിടിഇയുടെ പ്രവര്‍ത്തകരായിരുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരാണ്‌ രാഷ്‌ട്രപതി മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌. 1999 മെയില്‍ സുപ്രീംകോടതി ഇവര്‍ക്കും മറ്റൊരു പ്രതിയായ നളിനിക്കും വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ നളിനിയുടെ വധശിക്ഷ പിന്നീട്‌ കോടതി ജീവപര്യന്തമായി ഇളവ്‌ ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ എല്‍ടിടിഇ 1991 മെയ്‌ 21 ന്‌ നടത്തിയ ചാവേറാക്രമണത്തിലാണ്‌ രാജീവ്ഗാന്ധി കൊല്ലപ്പെടുന്നത്‌. കൊലപാതകം ആസൂത്രണം ചെയ്തത്‌ പ്രതികള്‍ മൂവരുമാണെന്ന്‌ വ്യക്തമാണെന്നും ഇക്കാരണത്താല്‍ ഇവരുടെ ദയാഹര്‍ജി സ്വീകരിക്കാനാവുകയില്ലെന്നും രാഷ്‌ട്രപതിഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതികളുടെ ജാമ്യഹര്‍ജി സംബന്ധിച്ച തങ്ങളുടെ നിലപാട്‌ ആഭ്യന്തരമന്ത്രാലയം നേരത്തെതന്നെ രാഷ്‌ട്രപതിയെ അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍നിന്നുള്ള ശുപാര്‍ശയെത്തുടര്‍ന്ന്‌ കഴിഞ്ഞ മെയില്‍ രണ്ട്‌ ദയാ ഹര്‍ജികള്‍ രാഷ്‌ട്രപതി തള്ളിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by