Categories: Kerala

ഗോപി കോട്ടമുറിക്കലിനെ സിപിഎം സംസ്ഥാന കമ്മറ്റിയില്‍നിന്ന്‌ ഒഴിവാക്കിയേക്കും

Published by

കൊച്ചി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന്‌ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യപ്പെട്ട ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണം തിരുവനന്തപുരത്ത്‌ നടന്നുവരുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നറിയുന്നു. ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന കമ്മറ്റിയില്‍നിന്നും ഒഴിവാക്കിയേക്കും. ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടശേഷവും സംസ്ഥാന കമ്മറ്റി അംഗം എന്ന നിലയില്‍ അദ്ദേഹം ജില്ലയില്‍ നടന്നുവരുന്ന പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്‌. ഇതിനെതിരെ വിഎസ്‌ വിഭാഗം ശക്തമായ അമര്‍ഷം പ്രകടിപ്പിച്ചുവന്നിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന ആരോപണം ഒഴിവാക്കാന്‍ വേണ്ടി എതിര്‍പ്പ്‌ പരസ്യമായി പ്രകടിപ്പിക്കാന്‍ വിഎസ്‌ പക്ഷം തയ്യാറായിട്ടില്ല.

സിപിഎം ജില്ലാ കമ്മറ്റി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം കൊണ്ടുവന്നത്‌ ആസൂത്രിത ഗൂഢാലോചനയെത്തുടര്‍ന്നാണെന്നാണ്‌ ഔദ്യോഗിക വിഭാഗം കരുതുന്നത്‌. വിഎസ്‌ പക്ഷത്തെ രണ്ട്‌ പ്രമുഖ നേതാക്കള്‍ക്കും ഓഫീസ്‌ ജീവനക്കാരായ നാല്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ്‌ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നുതന്നെയാണ്‌ കരുതപ്പെടുന്നത്‌. ഗോപി കോട്ടമുറിക്കലിനെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ നിലനിര്‍ത്താന്‍ തന്നെയാണ്‌ പിണറായി പക്ഷത്തിന്റെ തീരുമാനം. വിഎസ്‌ വിഭാഗത്തിന്‌ ഭൂരിപക്ഷമുള്ള ജില്ലാ കമ്മറ്റിയുടെ നിയന്ത്രണം പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളും സജീവമാണ്‌. ഇതിന്റെ ഭാഗമായി എറണാകുളം, തൃപ്പൂണിത്തുറ ഏരിയ കമ്മറ്റികള്‍ വിഭജിക്കുന്നതിന്‌ കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി തീരുമാനിച്ചിരുന്നു. പുതിയതായി രൂപീകരിക്കുന്ന വൈറ്റില, മുളന്തുരുത്തി ഏരിയ കമ്മറ്റികളുടെ നിയന്ത്രണം ഔദ്യോഗിക വിഭാഗത്തിനായിരിക്കുമെന്നാണ്‌ സൂചന.

വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും അച്ചടക്ക നടപടികള്‍ ഏകപക്ഷീയമെന്ന്‌ ആക്ഷേപമുണ്ടാകാതിരിക്കുന്നതിനും കൂടിയാണ്‌ ആരോപണവിധേയനായ ജില്ലാ സെക്രട്ടറിയെ സംസ്ഥാന കമ്മറ്റിയില്‍നിന്നും ഒഴിവാക്കുന്നത്‌. സംസ്ഥാന കമ്മറ്റിയില്‍നിന്നും ഒഴിവാക്കി ഗോപി കോട്ടമുറിക്കലിന്‌ പുതിയ ചുമതല നല്‍കി പാര്‍ട്ടി നേതൃത്വത്തില്‍തന്നെ നിലനിര്‍ത്തും. അതോടൊപ്പം തന്നെ ഒളിക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തെളിവ്‌ ശേഖരിച്ചവര്‍ പാര്‍ട്ടിക്ക്‌ പുറത്താകുകയും ചെയ്യും.

പൂവത്തിങ്കല്‍ ബാലചന്ദ്രന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by