കാലം ഏല്പിച്ച ചുമതലകളില്‍ ആത്മാര്‍ത്ഥതയോടെ സഞ്ചരിച്ച വാദ്യവിശാരദന്‍ കുഴൂര്‍ നാരായണമാരാര്‍. രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്കി ആദരിച്ചു. ക്ഷേത്രകലയുടെ അമരത്തേക്ക് ഏഴുപതിറ്റാണ്ടിന്റെ യാത്രക്കിടെ ലഭിച്ച വിശിഷ്ട പുരസ്കാരത്തിന് വലിയ താളവട്ടത്തിന്റെ മിനുപ്പ്. ശാന്തശീലനായ ഈ ആചാര്യനെ മനസ്സില്‍ പൂജിക്കാത്ത ഇളംതലമുറക്കാരില്ല. കാരണം അത്രയ്ക്ക് സ്നേഹം ആ മനസ്സിന്റെ വിശാലതയില്‍ നിറഞ്ഞുനില്ക്കുന്നു. വശ്യമായ പുഞ്ചിരിയില്‍ പൊതിഞ്ഞ വയോവൃദ്ധനായ കുഴൂര്‍ ആശാന് തിമിലയുമായി അരങ്ങില്‍നില്‍ക്കുമ്പോള്‍ ദേവചൈതന്യം പകര്ന്നുനല്കുന്ന ബലം കേള്‍വിക്കാരെ ധന്യരാക്കുന്നു. ഏവരേയും തന്റെ വരുതിയില്‍നിര്‍ത്തി ഒരുമയോടെ പഞ്ചവാദ്യം നയിക്കുമ്പോള്‍ ദേവസാന്നിധ്യത്തിന്റെ പരിവേഷം പരക്കുകയാണ്. ഋഷിതുല്യനായ ഗുരുവിന്റെ തഴക്കവും കാലദൈര്‍ഘ്യമുള്ള പരിചയവും ആശാനെ മറ്റുപലരില്‍നിന്നും വ്യത്യസ്തനാക്കുന്നു. പരിചയക്കുറവുള്ളവരെ ഒപ്പംനിര്‍ത്തി വലുതാക്കിയെടുക്കാനുള്ള തന്ത്രം ഈ മഹാന്റെ വിരലുകളില്‍നിന്നും പ്രവഹിക്കയാണ്. യുഗപ്രഭാവന്മാരായ ആചാര്യന്മാര് കണക്കൊപ്പിച്ചെടുത്ത ദേവവാദ്യമായ പഞ്ചവാദ്യം ഇമ്പമാര്‍ന്ന കലയാണ്. കാലം പിന്നിടുന്തോറും അതിന് മാറ്റങ്ങള്‍ സംഭവിച്ചു. ഒന്നരമണിക്കൂറിനകം ദൈര്‍ഘ്യമില്ലാത്ത ഈ വാദ്യവിശേഷം മൂന്നും മൂന്നരയും മണിക്കൂര്‍ തനിമചോരാതെ കൊട്ടിനിറയ്ക്കാന്‍ സാധിക്കും. ഇനിയും പരിണാമത്തിന്റെ ഗോപുരങ്ങള്‍ കടന്ന് മുന്നേറിയേക്കാവുന്ന തരത്തിലാണതിന്റെ സഞ്ചാരഗതി.
രാമമംഗലം, ചെങ്ങമനാട്, അന്നമനട, കുഴൂര്‍, ചോറ്റാനിക്കര, പല്ലാവൂര്‍ എന്നീ പ്രദേശങ്ങളിലെ പ്രശസ്തര്‍ക്കൊപ്പം പഞ്ചവാദ്യം വളര്‍ന്ന് വികാസംപ്രാപിക്കുകയായിരുന്നു. ഇവിടെ അര്‍പ്പണബുദ്ധിയോടെ, പക്വതയും ശാന്തവുമായ മനസ്സോടെ ആരോടും പരിഭവമില്ലാതെ പിണക്കത്തിന്റെ നാള്‍വഴിയില്‍ ഒരു വരപോലും കുറിക്കാതെ ധ്യേയമാര്ഗത്തിലൂടെ വിശ്രമമില്ലാതെ നീങ്ങുന്ന അമരനായ കഥാപാത്രമാണ് കുഴൂര്‍ നാരായണ മാരാര്‍.
ഓര്‍മയുടെ നല്ല നിലാവുമായി, അത്ഭുതത്തിന്റെ ഇന്ദ്രജാലം കാണിക്കുന്ന മാന്ത്രികവിരലുമായി ഇപ്പോഴും കാലംനിരത്തുകയാണ് കുഴൂര്‍. പലര്‍ക്കൊപ്പവും നടന്ന് കടഞ്ഞെടുത്ത മനസ്സും ഉള്‍ക്കനവുമായി ഇന്ന് പഞ്ചവാദ്യത്തിന്റെ നായകനായി നിറഞ്ഞുനില്ക്കുന്നു. വമ്പന്‍ ഉത്സവപ്പന്തലിലെല്ലാം യുവാക്കളുടെ പഞ്ചവാദ്യം കൊട്ടിത്തിമര്ക്കുമ്പോള് ആശാന് ഒതുങ്ങിയ ഗ്രാമങ്ങളിലെ പഞ്ചവാദ്യനിരയുടെ അമരക്കാരനായി ഒരുനാള്‍പോലും ഒഴിവില്ലാതെ കുതിക്കുകയാണ്. ഏറ്റെടുത്ത പരിപാടികള്‍ ഡയറിയില്‍ കുറിക്കാതെ മനസ്സില്കുറിച്ച് സൂക്ഷിക്കുന്ന കഴിവ് ഇദ്ദേഹത്തിനുമാത്രം സ്വന്തം.
ഏഴുപതിറ്റാണ്ട് തിമിലയില്‍ ഇടതടവില്ലാതെ പ്രയോഗിച്ചിട്ടും കൈകളില്‍ തഴമ്പില്ലെന്നത് ആരേയും അതിശയിപ്പിക്കും. ഒരുപക്ഷേ ഗിന്നസ് ബുക്കില്‍ കുറിക്കേണ്ട ഒന്നാവാം ഇത്. ചിറ്റിടാതെ പ്രയോഗിക്കുന്ന മറ്റൊരു തിമിലക്കാരന്‍ നമുക്കിടയില്‍ കാണില്ല.
ഇന്നത്തെ പഞ്ചവാദ്യനായകര്‍ക്ക് കൂടെ കുറച്ച് പ്രശസ്തര്‍ വേണമെന്ന നിബന്ധനയുണ്ട്. കുഴൂര്‍ ആശാന്റെ പഞ്ചവാദ്യത്തിന് അടുത്തിടെ അരങ്ങേറ്റം കഴിഞ്ഞവര്‍ കൂടെനിന്നാലും മതി. തെറ്റില്ലാത്തവിധം നല്ല രീതിയില്‍ കലാശിക്കാന്‍ സാധിക്കും എന്നത് ഈശ്വരാനുഗ്രഹം തന്നെയാണ്. ഇത് മറ്റാര്‍ക്കും ആലോചിക്കാനാവാത്ത ഒന്നാണ്. കുട്ടികള്‍ക്ക് പ്രോത്സാഹനവും ഉത്സാഹവും പകര്‍ന്ന് വരുതിയില്‍ നിര്‍ത്തിയാണ് ആശാന് കൊട്ടിനിറയ്ക്കുക. ഒരാളെ പറ്റിയും കുറ്റം പറയാതെയാണ് ഇദ്ദേഹത്തിന്റെ പ്രയാണം.
കുഴൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശീവേലി അടിയന്തരം നിത്യം നിര്‍വഹിച്ചുവേണം ഏട്ടന് കുട്ടപ്പനും അനുജന് നാരായണനും സ്കൂളില്‍ പോകാന്‍. സമയമേറെ കഴിഞ്ഞെത്തുന്ന ഇവരെ അധ്യാപകര്‍ നോട്ടപ്പുള്ളികളാക്കി അപമാനിക്കല്‍ തന്നെയാണ് ശിക്ഷ. അതിനാല്‍ ഇവര്‍ പുസ്തകത്തില്‍നിന്നും പാഠം കയ്യിലേക്ക് പകര്‍ന്നാട്ടം നടത്തി. ഏട്ടനും അനുജനും വാശിയോടെ തിമിലയും ചെണ്ടയും പഠിച്ചു. പതിനേഴ് വയസ്സായപ്പോഴേക്കും ഉത്സവപ്പറമ്പുകളിലേക്ക് തിരിഞ്ഞു. വിശ്രമമില്ലാതെ വിരിഞ്ഞുവരുന്ന കൈകളില്‍നിന്നും പുറപ്പെടാത്ത എണ്ണങ്ങളില്ലാതെയായി. രാമമംഗലത്തേയും അന്നമനടയിലേയും ആശാന്മാര്ക്ക് പഞ്ചവാദ്യം കൊഴുപ്പിച്ചെടുക്കാന്‍, കൊട്ടിക്കലാശിക്കാന്‍ ചെറുപ്പക്കാരുടെ നിര കൂടെ വേണം. യാതൊരു വിട്ടുവീഴ്ചയും സന്ധിയുമില്ലാതെ അറിഞ്ഞദ്ധ്വാനിക്കുന്ന കുഴൂരിലെ കുട്ടികള്‍ അക്കാലത്തെ പഞ്ചവാദ്യത്തിന് ഒഴിച്ചുകൂടാനാവാത്തതായിരുന്നു.
എണ്‍പത്തിയഞ്ച് വയസ് പിന്നിട്ട കുഴൂര്‍ നാരായണമാരാര്‍ മാണിക്യമംഗലം കൊച്ചുപ്പിള്ളക്കുറുപ്പിന്റേയും കുഴൂര്‍ മാരാത്തെ കുഞ്ഞുപ്പിള്ളയമ്മയുടേയും മകനാണ്. ഏട്ടന് ശങ്കരന് എന്ന കുട്ടപ്പനും നാരായണനും അനുജന് ചന്ദ്രനെന്ന ചന്ദ്രശേഖരനും തിമിലയിലെ പില്ക്കാലത്തെ ദിശാസൂചികയായിത്തീര്‍ന്നു. കൊഴക്കരപ്പിള്ളി രാമമാരാരില്‍നിന്ന് കേളിയും എരവിപുരത്ത് അപ്പുമാരാരും പെരുമ്പിള്ളി കേശവമാരാരും തിമിലയും അഭ്യസിപ്പിച്ചു. തായമ്പകയിലെ ഗുരു മാണിക്യമംഗലം നാരായണ മാരാരാണ്.
അന്നമനടയിലെ വാദ്യരത്നങ്ങളോടൊപ്പം ഇടപഴകി പഞ്ചവാദ്യത്തിലെ നിയതവും നൂതനവുമായ വഴികള്‍ സ്വീകരിച്ചു. കൊട്ടിന്റെ ചമല്‍ക്കാരവും സൗന്ദര്യവും വഴിയെ വന്നുചേര്‍ന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന് 41 വര്‍ഷം പാറമേക്കാവില്‍ മാത്രമായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചത്. നാല്‍പ്പത്തിയൊമ്പതാം വയസ്സില്‍ തൃശ്ശൂര്‍പൂരത്തിന്റെ നായകസ്ഥാനത്തെത്തി. 60-ാം വയസ്സില്‍ പിന്മാറുകയായിരുന്നു. ചോറ്റാനിക്കര നാരായണമാരാരായിരുന്നു തൃശ്ശൂര്‍ പൂരത്തിന്റെ പിന്നത്തെ പ്രമാണി.
എക്കാലവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കലയാണ് പഞ്ചവാദ്യം. തൃപുടതാളത്തില്‍ അധിഷ്ഠിതമായ ഈ വാദ്യവിശേഷത്തില്‍ വാദ്യോപകരണങ്ങള്ക്കുതന്നെ പരിണാമം വന്നു. ശ്രീപരമേശ്വരന്റെ ആയുധങ്ങളില്‍ ഒന്നായ ധിമിലയില്നിന്നും വ്യതിയാനം വന്നതാണ് തിമില. ത,തോം എന്ന രണ്ടക്ഷരമാണ് ഈ തുകല്വാദ്യത്തില്നിന്നുവരിക. എന്നാല്‍ പഞ്ചവാദ്യത്തില്‍ എന്തൊക്കെ നാദമാണ് ഉയരുന്നതെന്ന് പറഞ്ഞാല്‍ തീരില്ല. കുഴൂരിന്റെ ‘തൃപുട’ വായന സംഗീതാത്മകമാണ്. അമ്മ കൈകൊട്ടിക്കളിയഭ്യസിപ്പിച്ചിരുന്ന ‘ആശാത്തി’യായിരുന്നു. പിന്നെ മകന് സംഗീതം വരാതൊക്കുമോ. കൈപ്പടത്തില്നിന്നും ഉതിരുന്ന എണ്ണങ്ങള്‍ നിസ്സാരമാണെന്ന് തോന്നുമെങ്കിലും കൊട്ടി ഫലിപ്പിക്കുക പ്രയാസമാണെന്ന് കൂടെ പ്രവര്‍ത്തിക്കുന്നവര്‍ ഭയത്തോടെ പറയും.
ജ്യേഷ്ഠന് കുട്ടപ്പമാരാരോളം കൈശുദ്ധിയും ഘനവും നാദവും മറ്റൊരാളിലും കണ്ടിട്ടില്ലെന്നാണ് നാരായണമാരാരുടെ പക്ഷം. കൊരട്ടി ഗ്രാമത്തിലെ വാരണാട്ടുവീട്ടിലെ മഹാകവി ഒറവങ്കര കുട്ടിരാജന്റെമകളായ നാരായണി അമ്മയാണ് ആശാന്റെ ഭാര്യ. കൊരട്ടിവാരണാട്ടാണ് ആശാന് താമസിക്കുന്നത്. നാലാണ്മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്. കലാരംഗത്ത് ഇവരാരുമില്ല. മരുമക്കളാണ് ഈ രംഗത്ത് നിലവിലുള്ളത്.
ക്ഷേത്രവാദ്യരംഗത്ത് ആദ്യമായി കിട്ടിയ പത്മഭൂഷണ്‍ ബഹുമതി അര്‍ഹിക്കുന്ന കൈകളില്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വാദ്യലോകത്തുള്ളവര്. ഇന്നും ഒന്നിലേറെ പഞ്ചവാദ്യവുമായി അരങ്ങില്‍നിന്നും അരങ്ങിലേക്ക് യാത്രയാവുമ്പോള്‍ ഏവര്‍ക്കും അത്ഭുതമാണ്. പഞ്ചവാദ്യം തുടങ്ങിയാല്‍ അവസാനംവരേയും ആശാന് ഇപ്പോഴും രംഗത്ത് നില്ക്കും. പ്രധാനഭാഗം കൊട്ടിത്തീര്‍ന്നാല്‍ അരങ്ങില്നിന്നൊളിക്കാറില്ല.
ക്ഷേത്ര സോപാനത്തില്‍നിന്ന് ആരംഭിച്ച ജൈത്രയാത്രക്കിടയില്‍ നിരവധി പുരസ്കാരങ്ങള്‍ സംഗീതംവഴിയുന്ന ഈ കൈകള്‍ എറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പത്മഭൂഷണ്‍ ബഹുമതിയും. ഒരു വാദ്യക്കാരന് മാരാര്‍ ഇതിനര്ഹനാവുമോ എന്ന് ചോദിച്ചവര്‍ നമുക്കുചുറ്റുമുണ്ടാവും. ‘പരമാചാര്യരായ’ മുന്‍ഗാമികള്‍ക്കും സുഹൃത്തുക്കള്‍ക്കും കിട്ടിയ വൈഡൂര്യമാണീ പത്മപുരസ്കാരമെന്ന് കുഴൂരാശാന്‍ തറപ്പിച്ചു പറയുന്നു. ഇന്നും തിമില വായനയില്‍ യൗവ്വനം നിറഞ്ഞുനില്ക്കുന്ന കുഴൂരിന്റ തൃപുടവട്ടം മാത്രം മതി ഇദ്ദേഹത്തിന്റെ സ്ഥാനം നിര്‍ണയിക്കാന്‍. ഒരാളോടും ആവശ്യത്തിലധികം സംസാരിക്കാന്‍ ഇഷ്ടം കാണിക്കാത്ത മാരാര്‍ പഞ്ചവാദ്യത്തിന്റെ അലങ്കാരമാണ്. ഗുരുതുല്യമായ വാത്സല്യവുമായാണ് പുതുതലമുറയ്ക്കൊപ്പം നിരക്കുമ്പോള്‍. പലതും ആശാനില്‍നിന്നും ലഭിക്കാന്‍ കാത്തിരിക്കയാവും ശിഷ്യന്മാര്.
ലയമാധുരിയുടെ നിലാവില് കുളിച്ച് നിറഞ്ഞുനില്ക്കുന്ന ലാസ്യനര്ത്തകിയാണ് പഞ്ചവാദ്യം. വരിവൊത്ത മുദ്രകള്പോലെ വശ്യതയോടെ പഞ്ചവാദ്യത്തിന് അനുസാരി വാദ്യങ്ങള്‍ ഹരം പകരും. ദേവീചൈതന്യം നിറഞ്ഞുനില്ക്കുന്ന തിടമ്പെഴുന്നള്ളിച്ചുനില്ക്കുന്ന എണ്ണം പറഞ്ഞ ഗജരാജനുമുമ്പില് നമ്രശിരസ്കനായി നില്ക്കുന്ന കുഴൂര്‍ നാരായണമാരാരുടെ മനസ്സിന്റെ ധന്യതയാണ് പഞ്ചവാദ്യത്തിന്റെ വിജയം. മദ്ദളത്തോടൊപ്പം തിമിലയും ചേര്‍ന്ന് വായിച്ചെടുക്കുന്ന ഓരോ കാലവും എണ്ണവും അതിമനോഹരമാണ്. ഈ പഞ്ചവാദ്യ കലയുടെ നായകന് കുഴൂര്‍ നാരായണമാരാര്‍ എക്കാലവും നമുക്കുമുന്പില് തിമിലയുമായി നിലകൊള്ളും.
പാലേലി മോഹന്‍-
പ്രതികരിക്കാൻ ഇവിടെ എഴുതുക: