Categories: India

ഫേസ്‌ ബുക്കും ട്വിറ്ററും ഇന്ത്യയില്‍ നിരീക്ഷണത്തില്‍

Published by

ന്യൂദല്‍ഹി: ഫേസ്‌ ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ വെബ്സൈറ്റുകളെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇത്തരം വെബ്സൈറ്റുകള്‍ ഭീകരര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തെ ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ്‌ ഈ തീരുമാനം.

ജനപ്രിയ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ കൂടാതെ ബ്ലോഗിംഗ്‌ സൈറ്റുകളും വേണ്ടിവന്നാല്‍ ഇ-മെയില്‍ സന്ദേശങ്ങളും കര്‍ശനമായി നിരീക്ഷിക്കണമെന്ന്‌ ആഭ്യന്തരമന്ത്രാലയം ടെലികോം ഡിപ്പാര്‍ട്ട്മെന്റിനോട്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണം അനുവദിക്കണമെന്ന്‌ ഗൂഗിള്‍, സ്കൈപ്പ്‌ പോലുള്ള കമ്പനികളോട്‌ സര്‍ക്കാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സൈറ്റുകളെ നിരീക്ഷിക്കാന്‍ ടെലികോം വിഭാഗത്തെ ചുമതലപ്പെടുത്തിയ വിവരം കേന്ദ്ര ഐടി മന്ത്രി മിലിന്ദ്‌ ഡിയോറയാണ്‌ പുറത്തുവിട്ടത്‌. രാജ്യത്തെ ഐടി നിയമപ്രകാരം പാസ്‌വേര്‍ഡ്‌ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക്‌ നല്‍കാന്‍ ഇന്റര്‍നെറ്റ്‌ സര്‍വ്വീസ്‌ നടത്തുന്നവരും, വെബ്സൈറ്റ്‌ അധികൃതരും ബാധ്യസ്ഥരാണ്‌.

കോടതിയുടെ ഉത്തരവിന്റെ അഭാവത്തില്‍ ഉപഭോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ കൈമാറാനാകില്ലെന്ന നിലപാടാണ്‌ ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള കമ്പനികള്‍ പിന്തുടരുന്നതെങ്കിലും ദേശസുരക്ഷ സംബന്ധിച്ച കാര്യമായതിനാല്‍ ഇവര്‍ക്ക്‌ വിശദാംശങ്ങള്‍ നല്‍കേണ്ടതായി വരും. നിയമപരമായ ഇടപെടലിനും, നിരീക്ഷണത്തിനും ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷന്‍സ്‌ സേവനം നടത്തുന്നവര്‍ സൗകര്യം ചെയ്തുതരുന്നുണ്ടെന്നും മന്ത്രി ഡിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ സൈറ്റുകളുടെ രഹസ്യ സ്വഭാവത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ നിരോധനമുള്ള ബ്ലാക്ക്ബെറി മൊബെയിലിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനിടയുണ്ടെന്നാണ്‌ സൂചന.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by