Categories: World

അഫ്ഗാനില്‍ വിജയം അമേരിക്കക്കെന്ന്‌ ഒബാമ

Published by

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ദൗത്യത്തില്‍ അമേരിക്ക വിജയിക്കുമെന്ന്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ വ്യക്തമാക്കി. ഈയടുത്ത ദിവസമാണ്‌ അമേരിക്കയുടെ ഒരു ഹെലികോപ്ടര്‍ ആക്രമിച്ച്‌ 30 അമേരിക്കന്‍ സൈനികര്‍ മരിച്ചത്‌. “നമ്മുടെ പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനെ ശക്തമാക്കുന്നതിനും ഭീകരവാദികളെ അവിടെനിന്ന്‌ തുരത്തുന്നതിനും കഠിന പ്രയത്നം ചെയ്യുമെന്ന്‌ ഉറപ്പാണ്‌. നമ്മള്‍ നിരന്തരം പൊരുതുകയും വിജയം പ്രാപിക്കുകയും ചെയ്യും”.
തന്റെ വസതിയായ വൈറ്റ്‌ ഹൗസില്‍ ഒബാമ വാര്‍ത്താലേഖകരെ അറിയിച്ചു. താന്‍ സൂചിപ്പിച്ച യോഗ്യതകളുള്ളവര്‍ അമേരിക്കയിലെ പ്രതിരോധ സേനകളല്ലാതെ മറ്റാരുമല്ല. അഫ്ഗാനിസ്ഥാനിലെ സൈനിക നീക്കങ്ങള്‍ക്കിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ തങ്ങള്‍ക്ക്‌ 30 ജീവനുകള്‍ നഷ്ടമായി. ഇത്‌ രാജ്യത്തിനുവേണ്ടി പ്രതിരോധസേനാംഗങ്ങള്‍ അനുദിനം നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ ഉദാഹരണമാണ്‌. രാവുകള്‍തോറും ഇത്തരം ദൗത്യങ്ങളുമായി ശത്രുവിന്റെ വെടിയുണ്ടകള്‍ക്കും ഭീകരമായ അപകടങ്ങള്‍ക്കുമിടയില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഈ ദൗത്യത്തില്‍ മറ്റേതിലുമെന്നപോലെ അവരുടെകൂടെ അഫ്ഗാന്‍ പട്ടാളക്കാരുമുണ്ടായിരുന്നു. ഏഴുപേര്‍ക്കാണ്‌ അവരില്‍ മരണം സംഭവിച്ചത്‌, ഒബാമ തുടര്‍ന്നു. വീരചരമമടഞ്ഞ സൈനികരേയും അവരുടെ കുടുംബാംഗങ്ങളേയും കൃതജ്ഞതയോടെ ഓര്‍ക്കേണ്ട സമയമാണിത്‌. നമ്മുടെ രാജ്യത്തിനുവേണ്ടിയാണ്‌ അവര്‍ ജീവിതം ഹോമിച്ചത്‌. അവര്‍ പല പ്രദേശത്തുനിന്നും പല പശ്ചാത്തലങ്ങളില്‍നിന്നും വന്നുചേര്‍ന്നവരാണ്‌. അമേരിക്കയുടെ സമൃദ്ധമായ വൈവിധ്യത്തിന്റെ പ്രതീകങ്ങളാണവര്‍, ഒബാമ തുടര്‍ന്നു.

ഇതിനിടെ, അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 30 അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന്‌ മറയ്‌ക്കാന്‍ പെന്റഗണ്‍ ശ്രമിക്കുന്നു.

ഡെലവാരെയിലെ ഡോവര്‍ വ്യോമസേനാ താവളത്തിലാണ്‌ പതാകയില്‍ പൊതിഞ്ഞ്‌ ശവമഞ്ചങ്ങളില്‍ മൃതദേഹങ്ങള്‍ എത്തുന്നത്‌. തിരിച്ചറിയാന്‍ കഴിയാത്തവിധം വികൃതമായതുകൊണ്ടാണ്‌ ഇവിടെ മാധ്യമങ്ങള്‍ക്ക്‌ പ്രവേശനം നിഷേധിക്കുന്നതെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ രഹസ്യവിവരം ലഭിച്ചിട്ടുണ്ട്‌.

അമേരിക്കന്‍ സൈനികരേയും അഫ്ഗാന്‍ കമാന്റോകളെയും അന്തര്‍ദേശീയ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്തേക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ ഒരു റോക്കറ്റ്‌ വിമാനത്തില്‍ പതിച്ചത്‌. ഇതിന്റെ ഫലമായി വിമാനം അന്തരീക്ഷത്തില്‍ വെച്ച്‌ തകരുകയും അതിനകത്തുണ്ടായിരുന്നവര്‍ മരണപ്പെടുകയുമായിരുന്നു.

ഹെലികോപ്റ്റര്‍ തകര്‍ച്ചയുടെ ഭീകരതയാല്‍ ചിതറിത്തെറിച്ച സേനാംഗങ്ങളുടെ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ്‌ സേനക്ക്‌ ലഭിച്ചത്‌. മോര്‍ച്ചറി അഫയേഴ്സ്‌ അവ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ്‌, നേവി ക്യാപ്റ്റര്‍ ജേണ്‍ കാമ്പ്‌ ബെല്‍ അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളെ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ ബന്ധുക്കള്‍ക്ക്‌ വിഷമമുണ്ടാക്കുമെന്നതിനാലാണ്‌ മാധ്യമങ്ങളെ ഒഴിവാക്കിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്ക്‌ മൃതദേഹങ്ങളുടെ കൈമാറ്റത്തില്‍ സാക്ഷികളാകാന്‍ തീര്‍ച്ചയായും അവസരം ലഭിക്കും. കഴിഞ്ഞ ബുഷ്‌ ഭരണത്തിലും യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ കാണാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ അടുത്ത ബന്ധുക്കള്‍ അനുവദികുന്നുവെങ്കില്‍ മാത്രം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ കാണാമെന്നാണ്‌ ഒബാമ ഭരണകൂടം അഭിപ്രായപ്പെട്ടത്‌. പക്ഷേ ഇത്തവണ പ്രതിരോധ മന്ത്രാലയം തന്നെയാണ്‌ ഇത്തരമൊരു വിലക്ക്‌ ഏര്‍പ്പെടുത്തുന്നത്‌. ഈ നടപടി പുനഃപരിശോധിക്കണമെന്ന്‌ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി പെന്റഗണ്‍ പ്രസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ നാന്‍സി യൂസഫ്‌ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by