Categories: India

തമിഴ്‌നാട്ടില്‍ ഏകീകൃത വിദ്യാഭ്യാസ പദ്ധതി തുടരാം – സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: തമിഴ്‌നാട്ടില്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഏകീകൃത വിദ്യാഭ്യാസ പദ്ധതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കരുണാനിധിയുടെ കാലത്ത്‌ രൂപീകരിച്ച ‘സമാചീര്‍ കല്‍വി’ എന്ന പദ്ധതി റദ്ദു ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ജയലളിത നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞുകൊണ്ടാണ്‌ സുപ്രീം കോടതിയുടെ ഈ ഉത്തരവ്‌.

നിര്‍ബന്ധിത സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പു നല്‍കുന്നതാണ് സമചീര്‍ കല്‍വി പദ്ധതി. മെയ്‌മാസം മുതല്‍ സംസ്ഥാനത്ത്‌ ഈ വിദ്യാഭ്യസ പദ്ധതി നിര്‍ത്തലാക്കിയിരുന്നു. പദ്ധതിയില്‍ രണ്ടു മുതല്‍ അഞ്ച്‌ ക്ലാസും ഏഴു മുതല്‍ പത്ത്‌ ക്ലാസുകളെയും ഈ അദ്ധ്യയന വര്‍ഷം മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനിരിക്കുകയായിരുന്നു.

സുപ്രീംകോടതിയുടെ വിധിയോടെ നാലു ബോര്‍ഡ്‌ ഒഫ്‌ എഡ്യുക്കേഷനുകളിലും ഒരൊറ്റ സിലബസും പാഠ്യപുസ്‌തകങ്ങളും പരീക്ഷകളുമുള്ള ആദ്യ സംസ്ഥാനമാകും തമിഴ്‌നാട്‌. പത്തു ദിവസത്തിനകം നിയമം നടപ്പാക്കണമെന്നാണ് ജസ്റ്റിസുമാരായ ജെ.എം. പഞ്ചാല്‍, ദീപക് വര്‍മ, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ബില്‍ രാഷ്‌ട്രീയ പ്രേരിതവും വിദ്യാഭ്യാസ നിലവാരം തകര്‍ക്കുന്നതുമാണെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.

2006 ല്‍ നിലവില്‍ വന്ന ‘സമാചീര്‍ കല്‍വി’ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനപത്രികയില്‍ ഉള്‍പ്പെട്ടതായിരുന്നു. 2010 ല്‍ ഒന്നാം ക്ലാസ്‌ മുതല്‍ ആറാം ക്ലാസ്‌ വരെ പദ്ധതി നടപ്പിലാക്കി. തുടര്‍ന്ന്‌ രണ്ടു മുതല്‍ അഞ്ചുവരെ ക്ലാസുകളിലും ഏഴുമുതല്‍ പത്തു ക്ലാസുകളിലും ഈ അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനിരിക്കെയായിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന എ.ഐ.എ.ഡി.എം കെ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്‌ നീട്ടിവയ്‌ക്കുകയും മെയ്‌ മാസത്തില്‍ മറ്റൊരു ഭേദഗതി നടപ്പില്‍ വരുത്തുകയും ചെയ്‌തു.

പഴയ സിലബസ്‌ പ്രകാരം പാഠപുസ്‌തകങ്ങള്‍ അച്ചടിക്കുന്നതിനായി സ്കൂള്‍ തുറക്കുന്നത്‌ ജൂണ്‍ 15 വരെ നീട്ടുകയും ചെയ്‌തു. 200 കോടി രൂപ ചെലവില്‍ നേരത്തെ അച്ചടിച്ച കല്‍വി പദ്ധതിയുടെ പാഠ്യപുസ്‌തങ്ങള്‍ വേണ്ടെന്ന്‌ ജയലളിത തീരുമാനിച്ചതോടെയായിരുന്നു ഇത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by