Categories: Ernakulam

സ്പിരിറ്റ്‌ വേട്ട: അന്വേഷണസംഘം എത്തി; സ്ഥലമുടമ വിദേശത്തേക്ക്‌ കടന്നു

Published by

ആലുവ: പറവൂര്‍ കവലയില്‍ സ്പിരിറ്റ്‌ കണ്ടെടുത്ത കേസിന്റെ അന്വേഷണം ഊര്‍ജിതമാക്കി. സ്പിരിറ്റ്‌ കടത്തിന്‌ ചെന്നൈയില്‍ മോഡല്‍ ഗേളായ യുവതിയും സഹായിയായി എന്നത്‌ അടിസ്ഥാനമാക്കിയും ഓണക്കാല വിപണി മുന്‍നിര്‍ത്തിയുള്ള പരിശോധനയില്‍ സംസ്ഥാനത്ത്‌ നടന്ന ഏറ്റവും വലിയ സ്പിരിറ്റ്‌വേട്ട എന്ന നിലയ്‌ക്കുമാണ്‌ വിജിലന്‍സ്‌ വിഭാഗം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്‌. കേസിന്റെ അന്വേഷണം വിലയിരുത്താന്‍ എക്സൈസ്‌, വിജിലന്‍സ്‌ വിഭാഗം എസ്പി കെ.ഹരിദാസ്‌ ഇന്നലെ ആലുവയിലെത്തിയിട്ടുണ്ട്‌.

കേസ്‌ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന്‌ എക്സൈസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ ലഭിച്ച വിവരവും എസ്പിയുടെ പരിശോധനയിലുണ്ട്‌. മാന്യവേഷം ധരിച്ച സ്ത്രീകളെ മറയാക്കി വന്‍ വ്യാജ മദ്യകടത്ത്‌ നടത്തുന്ന തന്ത്രം ഇതാദ്യമാണെന്നാണ്‌ വിലയിരുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്‌. എക്സൈസിന്‌ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോയ്‌ക്ക്‌ സമാനമായ വിഭാഗമില്ലാത്തത്‌ പ്രതികളുടെ പൂര്‍വകാല ചരിത്രവും ഇവര്‍ ഒളിവില്‍ കഴിയാനിടയുള്ള സംഘങ്ങളും കണ്ടെത്തുന്നതില്‍ തടസമായെന്നാണ്‌ വ്യക്തമാവുന്നത്‌. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനും അന്വേഷണ പുരോഗതി വിലയിരുത്താനും വിജിലന്‍സ്‌ എസ്പിക്ക്‌ നിര്‍ദേശം ലഭിച്ചിട്ടുണ്ട്‌.

പോലീസില്‍നിന്നും ഡെപ്യൂട്ടേഷനിലെത്തുന്ന എക്സൈസിന്റെയും പോലീസിന്റെയും അന്വേഷണം ഏകോപിപ്പിക്കാനും അധികാരമുണ്ട്‌. ഇതിനിടെ സ്പിരിറ്റ്‌ കണ്ടെത്തിയവര്‍ക്ക്‌ ഷോപ്പ്‌ കെട്ടിടം ആലുവ ഗ്രാന്റ്‌ ജംഗ്ഷനിലുള്ള ഇക്ബാല്‍ ജ്വല്ലറി ഉടമയും എന്‍ഡിഎഫ്‌ നേതാവുമായ ഇക്ബാല്‍ വിദേശത്തേക്ക്‌ കടന്നതായി അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. മറ്റൊരു പാര്‍ട്ട്ണറായ ഷംശ ജ്വല്ലറി ഉടമ ഹബീബിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

മാസങ്ങളായി വര്‍ക്ക്ഷോപ്പ്‌ കേന്ദ്രീകരിച്ച്‌ സ്പിരിറ്റ്‌ കൈമാറ്റം നടന്നിരുന്നതായി അന്വേഷണസംഘത്തിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. അന്യസംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറി, മത്സ്യം, സവാള, കെട്ടിടസാമഗ്രികള്‍ തുടങ്ങിയവയുടെ മറവില്‍ വലിയ വണ്ടികളില്‍ ആലുവയില്‍ എത്തിച്ചിരുന്ന സ്പിരിറ്റ്‌ വര്‍ക്ക്ഷോപ്പില്‍ സംഭരിച്ച്‌ തെക്കന്‍ ജില്ലകളിലേക്ക്‌ വിതരണം നടത്തിവരികയായിരുന്നു. അറസ്റ്റിലായ സ്പിരിറ്റ്‌ കടത്ത്‌ സംഘാംഗവും തമിഴ്‌ സീരിയല്‍ നടിയും മോഡലുമായ കാഞ്ഞിരപ്പള്ളി സ്വദേശിനി അശ്വനിയെ എക്സൈസ്‌ ഇന്റലിജന്‍സ്‌ സംഘം വിശദമായി ചോദ്യംചെയ്ത്‌ വരികയാണ്‌. എറണാകുളത്തെ നിരവധി പ്രമുഖരുമായി അശ്വനിക്ക്‌ ബന്ധമുണ്ടെന്ന്‌ എക്സൈസ്‌ ഇന്റലിജന്‍സിന്‌ സൂചന ലഭിച്ചിട്ടുണ്ട്‌. ഇവരുമായി ബന്ധമുള്ളവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. എക്സൈസ്‌ ഇന്റലിജന്‍സ്‌ എസ്പി ഹരിദാസ്‌ ആലുവ പാലസില്‍ തങ്ങിയാണ്‌ അന്വേഷണം വിലയിരുത്തുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by