Categories: India

ഷീലാ ദീക്ഷിതിന്റെ രാജി : പാര്‍ലമെന്റ് സ്തംഭിച്ചു

Published by

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും സ്തംഭിച്ചു. കോമണ്‍‌വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് വിമര്‍ശിച്ച ഷീലാ ദീക്ഷിത് രാജി വയ്‌ക്കും വരെ സമരം തുടരാനാണ് എന്‍.ഡി.എയുടെ തീരുമാനം.

രാവിലെ പതിനൊന്ന് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ വിഷയം ചോദ്യോത്തര വേള ഒഴിവാക്കി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം എഴുന്നേറ്റു. എന്നാല്‍ ഇരു സഭകളിലെയും അധ്യക്ഷന്മാര്‍ ഇതിന് വഴങ്ങിയില്ല. ബഹളം മൂലം 12 മണിവരെ നിര്‍ത്തിവച്ച ലോക്‍സഭയും രാജ്യസഭയും പിന്നീട് ഇന്നത്തേക്കു പിരിയുകയായിരുന്നു.

ഷീലാ ദീക്ഷിത് രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം. ഇതിനിടെ സുരേഷ്‌ കല്‍മാഡിയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി അധ്യക്ഷനാക്കിയത്‌ എന്‍.ഡി.എ ഭരണകാലത്താണെന്ന കേന്ദ്രമന്ത്രി അജയ്‌ മാക്കന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കി.

ഇന്ന് രാവിലെ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എ യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി അജയ്‌മാക്കന്റെ പ്രസ്‌താവനയ്‌ക്കെതിരെ എന്‍.ഡി.എ ലോക്‌സഭയിലും രാജ്യസഭയിലും അവകാശലംഘനത്തിന്‌ നോട്ടീസ്‌ നല്‍കാന്‍ യോഗം തീരുമാനിച്ചിരുന്നു. ഷീല ദീക്ഷിത്തിന്റെ രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പു നയം സ്വീകരിക്കുകയാണെന്നും യോഗം വിലയിരുത്തി.

രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്റ്റിലി, എന്‍. ഡി.എ കണ്‍‌വീനറും ജെ.ഡി.യു പ്രസിഡന്റുമായ ശരത്‌ യാദവ്‌, ശിവസോ നേതാവ്‌ മനോഹര്‍ ജോഷി, എസ്‌.എ.ഡി രാജ്യസഭാ അംഗം നരേഷ്‌ ഗുജ്‌റാള്‍ എന്നിവരും പങ്കെടുത്തു. ഇന്നലെ എല്‍.കെ.അദ്വാനിയുടെ വീട്ടില്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗം കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്തിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by