മുംബൈ: മുംബൈ തീരത്തിനരികില്‍ മുങ്ങിത്താണ ചരക്കുകപ്പലായ എം.വി. റാക്കില്‍നിന്നുള്ള എണ്ണച്ചോര്‍ച്ച പരിസ്ഥിതിക്ക് ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. കപ്പലിനുള്ളിലെ എണ്ണ സംഭരണിയില്‍ വെള്ളം കയറിത്തുടങ്ങിയതിനെത്തുടര്‍ന്ന് മണിക്കൂറില്‍ ഒന്നര മുതല്‍ രണ്ട് ടണ്ണോളം എണ്ണയാണ് സമുദ്രത്തില്‍ കലരുന്നതെന്നും ഇത് കടലിലെ ജന്തു സസ്യജാലങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
ചരക്കുകപ്പല്‍ കിടക്കുന്നതിന് ഏഴ് നോട്ടിക്കല്‍ മെയില്‍ ചുറ്റളവില്‍ എണ്ണ പടര്‍ന്നതായും ഇതുമൂലമുണ്ടാകുന്ന മലിനീകരണം തടയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും തീരസംരക്ഷണസേനയുടെ പട്രോളിംഗ് കപ്പലായ സമുദ്ര പ്രഹരിയിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സമുദ്രജലത്തില്‍ കലരുന്ന എണ്ണ നിര്‍വീര്യമാക്കുന്നതിനുള്ള നടപടികള്‍ സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായാണ് സൂചന. ഇതോടൊപ്പം എണ്ണ കലര്‍ന്ന് മലിനമായ സമുദ്രഭാഗത്തുനിന്നും മത്സ്യബന്ധനം പാടില്ലെന്ന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സംഭവസ്ഥലത്തെത്തി ജലസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയില്‍നിന്നും ഗുജറാത്തിലേക്ക് കല്‍ക്കരിയുള്‍പ്പെടെയുള്ള ഇന്ധനങ്ങളുമായി വന്ന എം.വി. റാക്കിന്റെ എഞ്ചിന് കനത്ത വേലിയേറ്റത്തെത്തുടര്‍ന്ന് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുങ്ങിത്താഴാന്‍ തുടങ്ങിയ കപ്പലില്‍നിന്നും ജീവനക്കാരെ തീരസംരക്ഷണസേന വ്യാഴാഴ്ച രക്ഷപ്പെടുത്തിയിരുന്നു.എന്നാല്‍ ചരക്കുകപ്പല്‍ മുങ്ങിയതുമൂലം പരിസ്ഥിതിക്ക് ഭീഷണിയില്ലെന്നായിരുന്നു അധികൃതര്‍ നേരത്തെ അവകാശപ്പെട്ടിരുന്നത്. 60,000 മെട്രിക് ടണ്‍ കല്‍ക്കരിയും 290 ടണ്ണോളം ദ്രാവകഇന്ധനവും അന്‍പത് ടണ്‍ ഡീസലുമാണ് മുങ്ങിയ കപ്പലിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: