ലോകത്തെ നടുക്കിയ കൊടുംഭീകരതയുടെ സൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിന്ലാദന് വധിക്കപ്പെട്ടതോടെ അല്‍ഖ്വയ്ദ ഉള്‍പ്പെടെയുള്ള സായുധ പോരാട്ട പ്രസ്ഥാനങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. അവ്യക്തതകള്‍ അവശേഷിപ്പിച്ചുകൊണ്ട് പാക്കിസ്ഥാനെ ഊരാക്കുടുക്കില്പ്പെടുത്തിയ ലാദന്‍വധം ഇന്ത്യക്ക്മുമ്പില്‍ കനത്ത വെല്ലുവിളിക്കൊപ്പം അസുലഭ അവസരംകൂടിയാണ് ഒരുക്കിയിട്ടുള്ളത്. പാക്കിസ്ഥാനിലെ അബോട്ടബാദില്‍ അല്‍ഖ്വയ്ദാ നേതാവ് ബിന്ലാദന് രാജകീയ സൗകര്യങ്ങളോടെ ആര്‍ഭാട ജീവിതം നയിച്ചത് പാക്കിസ്ഥാന്റെ അറിവോടെയെന്ന സത്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. പാക്കിസ്ഥാന് സൈനിക വ്യൂഹത്തിന്റെ മൂക്കിന് താഴെ അറുപതോളം അംഗരക്ഷകരുടെ സംരക്ഷണയില്‍ സര്‍വ്വസന്നാഹങ്ങളുമായി കഴിഞ്ഞ അല്‍ഖ്വയ്ദ തലവനെ തിരഞ്ഞുപിടിച്ച് മിന്നലാക്രമണത്തില്‍ വകവരുത്തുക വഴി അമേരിക്ക നേടിയ വിജയം ഇസ്ലാമിന്റെ പേരില്‍ ചിലര്‍ നടത്തുന്ന ഭീകരവാദത്തിനേറ്റ കനത്ത തിരിച്ചടിയാണ്. പരിഷ്കൃത സമൂഹത്തിനും നിയമവാഴ്ചയിലൂന്നിയ ഭരണസംവിധാനങ്ങള്‍ക്കും ഭീതിപകര്ന്നുകൊണ്ട് ആഗോള ഭീകരപ്രസ്ഥാനം നടത്തിയ കൊടിയ പാതകങ്ങളുടെ ഇരകളായി തീര്‍ന്ന ഇന്ത്യയെപോലെയുള്ള നിരവധി രാജ്യങ്ങളിലെ നിഷ്ക്കളങ്കരായ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കുന്നതാണ് യു.എസ്.എമ ബിന്‍ലാദന്റെ അന്ത്യം.
ഭീകരതയുടെ ആഗോള ശൃംഖല ആവോളമുള്ള അല്‍ഖ്വയ്ദ ഇല്ലാതാക്കാന്‍ ഉന്നമാക്കി പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2001 സെപ്തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ്സെന്റര്‍ ആക്രമണത്തോടെയാണ് വലിയതോതില്ഈ ഭീകരപ്രസ്ഥാനം ലോകം ശ്രദ്ധിക്കാനിടയായത്. എന്നാല്‍ ഇന്ത്യയെ ശത്രുപക്ഷത്താക്കി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അതിനും ഒരു ദശകം മുമ്പുതന്നെ അവര്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ്. അല്‍ഖ്വയ്ദയുടെ താത്വികാചാര്യനും ഒസാമ ബില്ദാനെ രൂപപ്പെടുത്തിയ ഗുരുനാഥനുമായ അബ്ദുള്ള അസ്സാം പാലസ്തീന് ജോര്‍ദാനിയന്‍ പശ്ചാത്തലത്തിലാണ് ഇസ്ലാമിനെവ്യാഖ്യാനിച്ചതെങ്കിലും ഇന്ത്യാവിരുദ്ധത അദ്ദേഹത്തിന്റെ വാക്കിലും വരികളിലും പണ്ടേ പ്രകടമായിരുന്നു.1979 കാലത്ത് ഇറാനില്‍ വിജയം കണ്ട ഇസ്ലാമിക്ക് വിപ്ലവവും അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ വിജയകരമായി മുന്നേറിയ പോരാട്ടവുമാണ് അല്‍ഖ്വയ്ദയ്ക്ക് രൂപം നല്കാന് അസ്സാം-ലാദന് കൂട്ടുകെട്ടിന് പ്രചോദനമായത്. 1987ലാണ് അല്‍ഖ്വയ്ദ എന്ന പ്രസ്ഥാനത്തിന്റെ ആശയ-സംഘടനാ തലങ്ങള്‍ പുറംലോകത്തെ അല്ജിഹാദെന്ന ജേര്‍ണല്‍ വഴി ലേഖനരൂപത്തില്‍ അസ്സാം അറിയിച്ചത്. മാക്ക് എന്ന പേരില്‍ പെഷവാര്കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ രൂപാന്തരമായിട്ട് അല്‍ഖ്വയ്ദ രംഗപ്രവേശം ചെയ്തത്. (ഇന്‍സൈഡ് അല്‍ഖ്വയ്ദ-റോഹന്‍ ഗുറാടുന്ന)
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും കേന്ദ്രമാക്കിയുള്ള അസ്സാം-ഉസ്സാമ കൂട്ടായ്മയാണ് അല്‍ഖ്വയ്ദയെന്ന ആദ്യ ആഗോള വ്യാപക മുസ്ലിം ഭീകരത പ്രസ്ഥാനത്തിന് അടിത്തറയിട്ടതെങ്കിലും ആദ്യഘട്ടപ്രവര്‍ത്തന കേന്ദ്രങ്ങളില്‍ 35 എണ്ണം അമേരിക്കയിലായിരുന്നു തഴച്ചുവളര്‍ന്നത്. സോവിയറ്റ് യൂണിയനെതിരെ ഇസ്ലാമിക ഭീകരതയെ തോളിലേറ്റി പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് ബിന്ലാദന് യു.എസ്. സൃഷ്ടിയെന്ന് രാഷ്ട്രീയ നിരീക്ഷര്‍ പലപ്പോഴും പറയാറുള്ളത്.
അല്‍ഖ്വയ്ദ ട്രെയിനിംഗ് മാനുവലില്‍ നല്‍കിയിട്ടുള്ള നിര്‍വചനം നോക്കിയാല്‍ തന്നെ ഈ സംഘടനയുടെ ഭീകര സ്വഭാവവും ശൈലിയും ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. അവര്‍ കൈവരിക്കാനാഗ്രഹിക്കുന്ന ലോക ഇസ്ലാമിക ഭരണ സംവിധാനത്തെകുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു. ഇസ്ലാമിക ഭരണകൂടം ഒരിക്കലും സമാധാന മാര്‍ഗ്ഗത്തിലൂടെ സ്ഥാപിക്കാവുന്നതോ കൈവരിക്കാവുന്നതോ അല്ലാത്തതും അപ്രകാരം കഴിയാത്തതുമാകുന്നു. അവ എല്ലായ്പോഴും പേനയും തോക്കുംകൊണ്ട്;വാക്കും വെടിയുണ്ടയും വഴിയും നാക്കും പല്ലുമുപയോഗിച്ചും നേടേണ്ടതാണ്. (ഇന്‍സൈഡ് അല്‍ഖ്വയ്ദ-പേജ് 7) ഈ ലക്ഷ്യത്തിനായി സൗദി അറേബ്യ ഈജിപ്ത്, ആള്‍ജീരിയ, യു.എസ്., യു.കെ. തുടങ്ങിയ രാജ്യങ്ങളെ ഉപയോഗപ്പെടുത്തികൊണ്ട് അഫ്ഗാനിലും പാകിസ്ഥാനിലും അവര്കേന്ദ്രമാക്കുകയാണുണ്ടായത്. 1988 ല്‍ അല്‍ ജിഹാദ് വഴി പുറത്തിറക്കിയ അല്‍ഖ്വയ്ദയുടെ പ്രമാണ രേഖയില്‍ 8 അടിസ്ഥാന കാര്യങ്ങള്‍ അംഗങ്ങള്‍ക്കായി നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ കൊണ്ടുനടക്കുന്നതുപോലെ പോരാളികള്‍ക്ക് നല്‍കേണ്ട പരിശീലനത്തിലുള്പ്പെടുന്ന കാര്യപദ്ധതികള്‍ വിവരിച്ചിട്ടുള്ളത്. മാനവികതക്കേല്പ്പിക്കാവുന്നകൊടുംക്രൂരതകളാണ് വരച്ചു കാട്ടിയിട്ടുള്ളത്.
6-8-1994ന് ലണ്ടനില്കൂടിയ പാന്‍ ഇസ്ലാമിക് കോണ്‍ഫറന്‍സാണ് യഥാര്‍ത്ഥത്തില്‍ പാന്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പ്രായോഗികവും അപകടകരവുമായ ആശയം നടപ്പാക്കാന്‍ ഭീകരസംഘടനകള്‍ക്ക് ആഹ്വാനം നല്‍കിയത്. 52രാജ്യങ്ങളുടെ അതിരുകള്‍ തട്ടിമാറ്റി ഒരു ഏക ഭരണാധിപന്റെ കീഴില്‍ ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കപ്പെടണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടത് (റ്റൈംസ് ഓഫ് ഇന്ത്യ 7-8-1994) ദേശീയതയെതകര്ക്കൂ ഖിലാഫത്ത് പുനസ്ഥാപിക്കൂ എന്ന മുദ്രാവാക്യം ഈ സമ്മേളനത്തിന്റെ സന്ദേശമായിരുന്നു.അല്‍ഖ്വയ്ദ, ലഷ്കര്‍ ഇ തൊയിബ,സിമി തുടങ്ങിയ സംഘടനകള്‍ പ്രസ്തുത സമ്മേളനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാണ്. ലോക മുസ്ലീം സമൂഹം ഈ ആഹ്വാനത്തിന് അത് എഴുതിയ പേപ്പറിന്റെ വിലപോലും നല്കാന് തയ്യാറായില്ല എന്നതാണ് ആശ്വാസകരമായ വസ്തുത. എന്നാല്‍ ബിന്ലാദന്റെതുപോലെയുള്ള ഭീകര പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക ദര്‍ശനങ്ങളുടെ അന്തസത്തയെ നിരാകരിക്കുകയും ജിഹാദും മറ്റും മാനവികതയെ കുത്തിമലര്ത്തുകയുമാണ് ചെയ്തത്.
ജനാധിപത്യ വ്യവസ്ഥിതിയും ഇസ്ലാമിക ചിന്തയും ചേര്‍ച്ചയുള്ളതും യോജിച്ചുപോകുന്നതുമാണെന്നും കുറെകാലമായി ഇസ്ലാമിക ചിന്താവ്യാഖ്യാനമേലലയില്(ഇജിത്തിഹാദ്) കാലികമായി ശ്രദ്ധിക്കപ്പെടാത്തതുകൊണ്ടാണ് തീവ്രവാദത്തോടും ഏകാധിപത്യ ഭരണത്തോടും അതിനെചിലര് ബന്ധിപ്പിക്കപ്പെടുന്നതെന്നും പാക്കിസ്ഥാനിലെ ഭരണാധിപയായിരുന്ന ബേനസീര്‍ ഭൂട്ടോ തന്റെ മരണമൊഴിപോലെ എഴുതി തയ്യാറാക്കി സ്ഫോടനമരണത്തിന് രണ്ട് ദിവസം മുമ്പ് പൂര്‍ത്തിയാക്കിയ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. (പേജ് 68-69 റി കണ്‍സിലിയേഷന്‍-ബേനസീര്‍ ഭൂട്ടോ) ചുരുക്കത്തില്‍ ഇസ്ലാമിന്റെ ആത്മീയവശം നിരാകരിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അക്രമത്തിനും അരാജകത്വത്തിനുമാണ് അന്താരാഷ്ട്ര ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്.
പാക്കിസ്ഥാന് ഭീകരപ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുകയും ഇന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള അന്യരാജ്യങ്ങളിലേക്ക് ഭീകരത കടത്തിവിടുന്ന അപകടമേഖലയായും ഇന്ന് മാറിയിട്ടുണ്ട്. ഭീകരതയുടെ കളിത്തൊട്ടിലാണ് പാക്കിസ്ഥാനെന്നും അവിടുത്തെ ഭരണകൂടം ഭീകരര്‍ക്ക് അരങ്ങും അണിയറയും ആര്‍ഭാടവും ഒരുക്കുന്നുവെന്നുമുള്ള ഇന്ത്യയുടെ ആക്ഷേപം ബിന്‍ ലാദന്റെ ഒളിത്താവളം വെളിവായതോടെ മാനവരാശിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സന്ദര്‍ഭം ഇന്ത്യക്കുള്ളിലേക്ക് ഭീകരരെ പരിശീലിപ്പിച്ചയക്കുന്ന പാക്കിസ്ഥാനെതിരെ ലോക രാജ്യങ്ങള്‍ക്ക് തെളിവ് നല്കി അവരെ പ്രതിക്കൂട്ടിലാക്കാന്നമുക്ക്കിട്ടിയ സുവര്‍ണ്ണാവസരമാണ്. ഇതുപയോഗപ്പെടുത്താന്‍ രാജ്യത്തിന് കഴിയേണ്ടതുണ്ട്.
ബിന്‍ലാദന്റെ അന്ത്യത്തോടുകൂടി അല്ഖ്വയ്ദയേപ്പോലെയുള്ള ഭീകരര്‍ പത്തിമടക്കുമെന്നും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കരുതാന്‍ നിര്‍വാഹമില്ല. ഇസ്രയേലിനെ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ഭീകര ആക്രമണങ്ങള്‍ക്ക് വിധേയമായ രാജ്യം ഇന്ത്യയാണ്. ഈജിപ്തില്‍ വെച്ച് കൊല്ലപ്പെട്ട സയ്യിദ് ഖുത്തുബിന്റെ ഗ്രന്ഥമായ മെയില്സ്റ്റോണാണ് ഇന്ത്യക്കെതിരെ അണിനിരന്നിട്ടുള്ള ഭീകരര്‍ ആശ്രയിക്കുന്ന പ്രാമാണിക ഗ്രന്ഥം. പാക്കിസ്ഥാനിലെ ഏതാണ്ട് 2/3 ഭാഗം പ്രവിശ്യകളും പാക് ഭരണകൂടത്തേക്കാള്‍ കൂടുതലായി ഗോത്ര-പ്രാദേശിക-താലിബാനി ശക്തികളുടെ ഭരണത്തിന് കീഴിലാണുളളത്. 1976ല്‍ ജനറല്‍ സിയാവുല്‍ഹക്ക് പാക്കിസ്ഥാന് സൈന്യത്തിന്റെ ആദര്‍ശവാക്യം ജിഹാദിഫി സബില്‍ അള്ളാ എന്നാക്കി മാറ്റിയതോടെ സൈനികരും മതത്തിനും ദൈവത്തിനും വേണ്ടി പൊരുതാന്‍ പ്രതിജ്ഞാബദ്ധതയുള്ളവരായി മാറുകയാണുണ്ടായത്. (ടിണ്ടര്ബോക്സ്-എം.കെ. അക്ബര്‍).
പാക്കിസ്ഥാന് എന്ന ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ചുക്കാന്‍ ഓരോ ദിവസം കഴിയുന്തോറും ഭീകരതയോട് ബന്ധപ്പെട്ട ശക്തികളോട് ഇഴുകിചേര്‍ന്ന് മുന്നോട്ടുപോകുകയാണ്. സ്ഥാപകനായ മുഹമ്മദലി ജിന്നയും, സുള്‍ഫിക്കര്‍ അലി ഭൂട്ടോയും, ബേനസീര്‍ ഭൂട്ടോയുമൊക്കെ അവിടുത്തെ മതനേതൃത്വങ്ങളുടെ പരിഗണനയില്‍ കാഫിര്‍ ആയി പ്രഖ്യാപിക്കത്തക്കവിധം തീവ്രവാദികള്‍ അവിടെ ശക്തിപ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. താല്‍ക്കാലിക ലാഭത്തിന് വേണ്ടി മതമൗലിക വാദികളോട് സന്ധിചെയ്തതിന് പിന്നീട് പിഴ നല്‍കേണ്ടിവന്നവരാണ് പാക്കിസ്ഥാനിലെ മിക്ക ഭരണാധിപന്മാരും. 1989ല്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ഭൂട്ടോ താലിബാനികളെ എന്റെ കുട്ടികള്‍ എന്നു വിളിക്കുകയും മുല്ല ഒമറിനെ പരസ്യമായി വാഴ്ത്തുകയും ചെയ്തിരുന്നു. പക്ഷേ പ്രവാസി വാസം കഴിഞ്ഞു സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ അവസരം കിട്ടിയപ്പോള്‍ അവര്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ ഭീഷണി സ്വന്തം മതത്തില്‍പ്പെട്ട ഭീകരപ്രസ്ഥാനക്കാരില് നിന്നായിരുന്നു. പ്രസ്തുത ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പാണ് ഇസ്ലാമിക ആത്മീയതയെ രാഷ്ട്രീയം കവര്ന്നില്ലാതാക്കിയതാണ് ഇസ്ലാമും രാജ്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അവര്‍ തുറന്നെഴുതുകയുണ്ടായി. അനുഭവത്തെ അടിസ്ഥാനമാക്കി ബേനസീര്‍ പറഞ്ഞ അന്ത്യവാക്കുകള്‍ ഭീകരതയ്ക്കെതിരെ ചിന്തിക്കുന്ന മുഴുവന്‍ ആളുകളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ബിന്‍ലാദന്റെ വധം ഇന്ത്യയ്ക്കെതിരെ കൂടുതല്‍ ശക്തി സമാഹരിക്കാന്‍ ഭീകരരെ പ്രേരിപ്പിച്ചേക്കാം. ഇന്ത്യയടക്കം തീവ്രവാദസംഘടനകളുടെ ഭീഷണി നില നില്ക്കുന്ന രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ലോകസമൂഹത്തെ തട്ടിയുണര്‍ത്തി ഭീകരവാദികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: