ഊഷര ഭൂമിയായ രാജസ്ഥാനിലെ ജോഥ്പൂരില്‍ കമലയുടെയും പ്രമുഖ അഭിഭാഷകനും പിന്നീട് ഇന്ത്യയുടെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുമായിരുന്ന ലക്ഷ്മീ മല്സിംഗ്വിയുടെയും മകനായി 1959 ഫെബ്രുവരി 24 ന് അഭിഷേക് സിംഗ്വി ജനിച്ചു.
സെന്റ്കൊളംബിയന് സ്കൂള്‍, ദല്‍ഹിയിലെ സെന്റ്സ്റ്റീഫന്‍സ് കോളേജ്, കേംബ്രിഡ്ജ് സര്‍വകലാശാല, അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സര് വില്യംവേഡിന്റെ കീഴില്‍ ‘എമര്‍ജന്‍സി പവേഴ്സ്’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി.
വക്കീലായി ജീവിതം ആരംഭിച്ച സിംഗ്വി 1997 ല്‍ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി ഉയര്‍ന്നപ്പോള്‍ വയസ് വെറും 38 മാത്രമായിരുന്നു. സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെന്ന് പേരെടുക്കുമ്പോഴും അദ്ദേഹത്തിന് പ്രായം വളരെ കുറവായിരുന്നു.
2001 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവും 2006 ല്‍ രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗവുമായി. ഇതിനിടെ പല കമ്മറ്റികളിലും അംഗമായി തന്റെ പ്രാഗത്ഭ്യം തെളിയിക്കുകയുമുണ്ടായി.
ബഹുമുഖ പ്രതിഭയായ അഭിഷേക് സിംഗ്വി അക്ഷരങ്ങളുടെ ലോകത്തും പരിചിതനാണ്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ അദ്ദേഹം എഴുതുന്ന ‘കാന്‍ഡിഡ് ടൈംസ്’ എന്ന കോളം ധാരാളം വായനക്കാരെ ആകര്‍ഷിക്കുന്നു. 2006 ല്‍ ഇതിന്റെ പുസ്തകരൂപം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അവതാരികയോടെ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇതുകൂടാതെ ‘ദൈനിക് ഭാസ്ക്കര്‍’ എന്ന ഹിന്ദി ദിനപ്പത്രത്തിലും മാസത്തില്‍ ഒരു കോളം പതിവായി എഴുതുന്നു. നിയമപരമായ ലേഖനങ്ങളുടെ സമാഹാരം ലീഗല്‍ റൈറ്റിംഗ്സ്, ‘അടിയന്തരാവസ്ഥയിലെ അവകാശങ്ങള്‍ ഒരു താരതമ്യപഠനം’ എന്നീ പുസ്തകങ്ങള്‍ അധികം താമസിയാതെ വിപണിയിലെത്തും.
അച്ചടി മാധ്യമത്തിന് പുറമെ ടെലിവിഷനിലും ഇദ്ദേഹം ധാരാളം ടോക്ഷോകള്‍ നടത്തിയിട്ടുണ്ട്. ഒരു അഭിഭാഷകനെന്ന നിലയില്‍ ഭരണഘടന, കോര്‍പ്പറേറ്റ്, വ്യവസായ നിയമത്തിലും അന്തര്‍ദ്ദേശീയ വ്യാപാര കേസുകളിലും പ്രത്യേകം താല്‍പ്പര്യം കാട്ടുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഹാജരാകുന്ന കേസുകളുടെ വിധി പലപ്പോഴും നിയമജ്ഞരുടെയും രാജ്യത്തിന്റെ തന്നെയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. 1997 ലെ ഡി.കെ.ബാസുവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച വിധി, നവീന്‍ ജിന്റലിന്റെ പതാക പാറിക്കുന്നതിനുള്ള അവകാശത്തെ സംബന്ധിച്ച കേസ്, 1995 ലെ ടാറ്റയുടെ ‘യെല്ലോ പേജസ് കേസ്’, മുംബൈ നാഷണല്‍ ടെക്സ്റ്റെയില്‍ മില്ലുകളുടെ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസ്, പിന്നോക്കജാതി സംവരണത്തെക്കുറിച്ചുള്ള മണ്ഡല് കേസ്, അഴിമതി നിര്‍മാര്‍ജനത്തിന് ഉദാഹരണമായ ബാദല്‍ കേസ്, ദല്‍ഹി-മുംബൈ വിമാനത്താവളങ്ങളുടെ സ്വകാര്യവല്‍ക്കരണ കേസ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും പ്രമാദമായ കേസുകളുടെ വാദത്തിനായി സമര്‍ത്ഥനായ ഈ സുപ്രീംകോടതി അഭിഭാഷകന് എത്താറുണ്ട്. കോണ്‍ഗ്രസ് വക്താവ് കൂടിയായ അഭിഷേക് മനു സിംഗ്വി സമകാലീന വാര്‍ത്തകളില്‍ ഉളവാക്കുന്ന കമ്പനങ്ങളാല്‍ ഏറെ ശ്രദ്ധേയനാകുന്നു.
കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി ശക്തിയുക്തം വാദിച്ചത് സിംഗ്വിയായിരുന്നു. കാസര്‍കോഡും പരിസരങ്ങളിലും ജനങ്ങളെ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന അവസ്ഥയിലാക്കിയ കീടനാശിനി നിരോധിക്കണമെന്ന് പരിസ്ഥിതി, ആരോഗ്യപ്രവര്‍ത്തകരും, രാഷ്ട്രീയ കക്ഷികളും ഐകകണ്ഠേന ആവശ്യപ്പെട്ടിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനവും ഉപയോഗവും തുടരാന്‍ അനുവദിക്കുക, നിരോധനം കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കുക, ബദല്‍ കീടനാശിനി കണ്ടെത്താത്ത സാഹചര്യത്തില്‍ നിരോധനം രാജ്യത്തിന് വന്‍ നഷ്ടം വരുത്തുകയും ഭക്ഷ്യോല്പ്പാദനത്തെതന്നെ ബാധിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക, എന്‍ഡോസള്‍ഫാനെതിരെ രണ്ട് സംസ്ഥാനങ്ങളുടെ പരാതികളല്ലാതെ മറ്റ് തെളിവുകളില്ലാത്തതിനാല്‍ സുരക്ഷിതവും വിലകുറഞ്ഞതുമായ ഈ കീടനാശിനിയുടെ നിരോധനം പിന്‍വലിക്കുക എന്നീ മുഖ്യ ബിന്ദുക്കളില്‍ ഊന്നിനിന്നുള്ള ഉല്‍പ്പാദക അസോസിയേഷന് അഭിഭാഷകന് സിംഗ്വിയുടെ വാദത്തിന്റെ ഫലമായി എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്കുള്ള സാധ്യത പരിശോധിക്കാന്‍ സംയുക്ത സമിതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് നിരോധിക്കണമെന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോഴാണ് അവരുടെ വക്താവ് ഇത്തരത്തിലൊരു കേസില്‍ അഭിഭാഷകന്റെ ഭാഗം ഭംഗിയായി ആടിത്തീര്‍ക്കുന്നത്.
കഴിഞ്ഞദിവസം യുഡിഎഫ് എംപിമാരുടെ നിവേദകസംഘം പ്രധാനമന്ത്രിയെ കണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതിനെതിരെ കോടതിയില്‍ വാദിച്ച സിംഗ്വി ഔദ്യോഗിക സ്ഥാനത്തുനിന്നും രാജിവെക്കണമെന്ന് വി.എം.സുധീരന് ആവശ്യപ്പെടുമ്പോള്‍ നടപടി അനുചിതം ആയെന്നാണ് പാര്‍ട്ടി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസ് അണികള്‍ക്ക് തങ്ങളുടെ വക്താവിന്റെ നിലപാടുകളോട് കടുത്ത അമര്‍ഷമുണ്ട്. അത് അവര്‍, ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ ധരിപ്പിച്ചേക്കും. നിയമവിശാരദനായ സിംഗ്വി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കുന്നത് ഇതാദ്യമായല്ല. 2010 ല്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യവിഷയമായി സ്വീകരിച്ചിരുന്നത് അന്യസംസ്ഥാന ലോട്ടറികളാണ്. പ്രഗല്ഭമായി വിഷയം പഠിച്ച് അവതരിപ്പിച്ച വി.ഡി.സതീശനും അതിനെ എതിര്‍ത്ത മുന്‍ ധനമന്ത്രി തോമസ് ഐസക്കും ലോട്ടറി കുംഭകോണത്തെ ജനകീയ തരംഗമാക്കി മാറ്റി. മുമ്പ് പാര്‍ട്ടി പത്രത്തിന് കോടികള്‍ വായ്പ നല്കിയ ‘പാവം’ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ മെഗാ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ കേസുകളെടുത്തു. കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പിലെ തുറുപ്പു ചീട്ടായി കരുതിയ ലോട്ടറി കുംഭകോണം അവരുടെ ആത്മവിശ്വാസത്തെ പതിന്മടങ്ങ് വര്‍ധിപ്പിച്ചു. തെരഞ്ഞെടുപ്പിലെ ഈസി വാക്കോവര്‍ സ്വപ്നംകണ്ട് സ്വതേ തിളക്കിക്കാട്ടുന്ന മുഖം തിളങ്ങി. പക്ഷേ 2010 സപ്തംബര്‍ 29 ന് ഈ കേസില്‍ കേരളാ ഹൈക്കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസിന്റെ വക്താവായ അഭിഷേക് സിംഗ്വിയായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് അദ്ദേഹം ഒന്നാം തീയതി മുതല്‍ കോടതിയില്‍ ഹാജരായില്ല. 2010 ഒക്ടോബര്‍ ആറാം തീയതി മുതല്‍ പാര്‍ട്ടി ചുമതലയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. പിന്നീട് ഒന്നൊന്നര മാസം കഴിഞ്ഞാണ് കുറ്റം ഏറ്റുപറഞ്ഞ് സിംഗ്വി പഴയ ലാവണത്തിലെത്തിയത്.
ഒന്നുകില്‍ പൊതുപ്രവര്‍ത്തനത്തില്‍ മുഴുകുക, അല്ലെങ്കില്‍ അഭിഭാഷകനായി ശോഭിക്കുക ഇവ രണ്ടിന്റെയും മോരും മുതിരയും പോലുള്ള സങ്കലനമാണ് കേരളത്തിന്റെ പ്രശ്നങ്ങളിലെങ്കിലും അഭിഷേക് സിംഗ്വി പ്രദര്‍ശിപ്പിക്കുന്നത്. സത്യസന്ധമായി അഭിഭാഷക ജീവിതവും രാജനൈതികരംഗവും കൈകാര്യം ചെയ്ത കോണ്‍ഗ്രസിലെ പൂര്‍വികരെ അദ്ദേഹത്തിന് മാതൃകയാക്കാവുന്നതാണ്. തന്റെ സാമര്‍ത്ഥ്യം ജനനന്മയ്ക്കുള്ളതാണെന്ന പ്രാഥമികമായ തിരിച്ചറിവ് നിയമപുസ്തകങ്ങളില്‍ ഒരുപേക്ഷ കണ്ടില്ലെന്ന് വരാം. ചുരുങ്ങിയ പക്ഷം തന്റെ പാര്ട്ടിക്കെതിരായെങ്കിലും നില്‍ക്കാതിരിക്കാനുള്ള അച്ചടക്കം നിയമം പഠിച്ച ഈ വക്താവില്‍നിന്ന് പ്രതീക്ഷിക്കാമോ?
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: