Categories: Vicharam

ഉപ്പും ഉപ്പിലിട്ടതും

Published by

ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസിന്റെ ഉപ്പാണെങ്കില്‍ രമേശ്‌ ചെന്നിത്തലയും പി.സി.വിഷ്ണുനാഥും ആരാകും ? വെറും ഉപ്പിലിട്ടത്‌. ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌ എന്നറിയാത്തവരില്ല. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട്‌ ആര്‍എസ്‌എസിനെകുറിച്ച്‌ നെഹ്രു ആദ്യം പറഞ്ഞതും പ്രവര്‍ത്തിച്ചതും അബദ്ധമായി എന്നേറ്റു പറഞ്ഞതാണ്‌. തുടര്‍ന്നാണ്‌ ആര്‍എസ്‌എസിനെ നിരോധിച്ച നെഹ്രുവിന്‌ നിരോധനം നിരുപാധികം പിന്‍വലിക്കേണ്ടി വന്നത്‌. ആര്‍എസ്‌എസിനെതിരെ തെറ്റായ നടപടി സ്വീകരിക്കേണ്ടി വന്ന നെഹ്രു പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. 1963ലെ റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്‌എസിനെ ഔദ്യോഗികമായി ക്ഷണിച്ചു കൊണ്ടാണിത്‌. കുറഞ്ഞ കാലയളവിനുള്ളില്‍ ലഭിച്ച ക്ഷണം സ്വീകരിച്ച്‌ 5000ത്തോളം ആര്‍എസ്‌എസ്‌ വളണ്ടിയര്‍മാര്‍ പൂര്‍ണഗണ വേഷവുമണിഞ്ഞ്‌ പങ്കെടുക്കുകയും ചെയ്തതാണ്‌. അതിനെ വിമര്‍ശിച്ച കോണ്‍ഗ്രസുകാരുടെ മുഖത്തു നോക്കി എല്ലാ ദേശസ്നേഹികളെയും റിപ്പബ്ലിക്‌ ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു എന്നാണ്‌ നെഹ്രു പ്രതികരിച്ചത്‌.

ഗാന്ധിജിയുടെയും നെഹ്രുവിന്റെയും നയവും നിലപാടുമൊന്നും സോണിയാ കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല. പാദസേവ ചെയ്ത്‌ പദവി നേടുക എന്നതില്‍ കവിഞ്ഞൊരു തത്ത്വാധിഷ്ഠവും അവര്‍ക്കില്ല. ഗാന്ധിജി മുറുകെ പിടിച്ച തത്ത്വങ്ങളോടും സത്യത്തിനോടും അണുവെങ്കിലും ആഭിമുഖ്യമുണ്ടോ ? ഉണ്ടെങ്കില്‍ ഗാന്ധി വധവുമായി ആര്‍എസ്‌എസിനെ ബന്ധപ്പെടുത്തുന്നത്‌ സത്യവിരുദ്ധമാണെന്ന ജസ്റ്റിസ്‌ കെ.ടി.തോമസിന്റെ അഭിപ്രായത്തെ അപഹസിക്കാന്‍ രമേശും വിഷ്ണുനാഥും തയ്യാറാകുമായിരുന്നോ ?

1948 ഫെബ്രുവരി 4നാണ്‌ ആര്‍എസ്‌എസിനെ നെഹ്രു നിരോധിക്കുന്നത്‌. ഗാന്ധിജിയെ വെടിവച്ചു കൊന്നു എന്ന കുറ്റം ചുമത്തിയാണിത്‌. നിരവധി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത്‌ പീഡിപ്പിച്ചു. ഗൂഢാലോചന ആരോപിച്ചു. ഗാന്ധിജിയെ വെടിവച്ചത്‌ നാഥുറാം ഗോഡ്സെയാണെന്നറിയാമായിരുന്നിട്ടും അയാള്‍ അറസ്റ്റിലായിട്ടും ആര്‍എസ്‌എസിനെ വേട്ടയാടിയതിന്റെ ലക്ഷ്യം വേറെയായിരുന്നു. തുടര്‍ന്ന്‌ ക്രിമിനല്‍ കേസെടുത്ത്‌ വിചാരണ നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേല്‍ നേരിട്ട്‌ അന്വേഷണം നടത്തി. ആരോപിക്കപ്പെട്ട ഗൂഢാലോചന അന്വേഷിക്കാന്‍ ജീവന്‍ലാല്‍ കപൂറിനെ അന്വേഷണ കമ്മീഷനായി വച്ചു. അതിന്റെ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതിന്റെ ഒന്നാം വാള്യത്തില്‍ 165-ാ‍ം പേജില്‍ പറയുന്നത്‌ “ഗാന്ധിവധവുമായി ആര്‍എസ്‌എസിന്‌ ഒരു ബന്ധവുമില്ല. ഈ കുറ്റകൃത്യം ചെയ്തതില്‍ ആര്‍എസ്‌എസിന്റെ ഒരംഗത്തിനെങ്കിലും പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല” എന്നാണ്‌.

ഒരു ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍ പോലും ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാവുകയോ വിചാരണ നേരിടുകയോ ചെയ്തിട്ടില്ല. ഗോഡ്സെയെ ശിക്ഷിച്ചു കൊണ്ട്‌ വിധി പറഞ്ഞ ജസ്റ്റീസ്‌ ഖോസ്ലെയും ആര്‍എസ്‌എസുകാരാരെങ്കിലും കുറ്റം ചെയ്തതായി പറഞ്ഞിട്ടില്ല. പിന്നെ എന്തു കൊണ്ട്‌ ഗാന്ധിജിയുടെ വധം ആര്‍എസ്‌എസിന്റെ തലയില്‍ കെട്ടിവയ്‌ക്കുന്നു എന്ന സംശയം ബുദ്ധിയും വിവരവും വിവേകവുമുള്ള ഏതു മനുഷ്യനും സ്വാഭാവികം. ആ ചിന്തയാണ്‌ ജസ്റ്റീസ്‌ കെ.ടി.തോമസിന്‌ ഉത്തരം നേടിക്കൊടുത്തത്‌. ജസ്റ്റീസ്‌ തോമസ്‌ പറഞ്ഞതാണ്‌ ശരി എന്നതിന്റെ തെളിവാണ്‌ അഞ്ചെട്ടു വര്‍ഷം മുമ്പ്‌ എ ജി നൂറാണിയും ‘സ്റ്റേറ്റ്സ്മാന്‍’ പത്രവും മാപ്പു പറയുന്ന സ്ഥിതിയുണ്ടാക്കിയത്‌. ആര്‍എസ്‌എസ്‌ ഗാന്ധിജിയെ വധിച്ചു എന്നാരോപിച്ച്‌ 2000 ജനുവരി 15ന്‌ സ്റ്റേറ്റ്സ്മാന്‍ പത്രത്തിലാണ്‌ എ ജി നൂറാണിയുടെ ലേഖനം വന്നത്‌. എ ജി നൂറാണിക്കെതിരെ ദല്‍ഹിയിലെ ആര്‍എസ്‌എസ്‌ ഘടകം മാനനഷ്ടത്തിന്‌ കേസു കൊടുത്തു. പത്രത്തിന്റെ പ്രസാധകരും പ്രതിയായിരുന്നു. കോടതി പല തവണ സമന്‍സയച്ചിട്ടും പ്രതികള്‍ കോടതിയിലെത്താനോ തെളിവു നല്‍കാനോ തയ്യാറായില്ല. കോടതി പ്രതികള്‍ക്ക്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചപ്പോള്‍ ലേഖനമെഴുതിയതിന്‌ നൂറാണി നിരുപാധികം മാപ്പു പറഞ്ഞു. സ്റ്റേറ്റ്സ്മാന്‍ പത്രവും 2002 മാര്‍ച്ച്‌ 3ന്‌ മാപ്പു പറഞ്ഞും ഖേദം പ്രകടിപ്പിച്ചും ലേഖനം പ്രസിദ്ധീകരിച്ചു. തെളിവിന്റെ ഒരു തുമ്പും തുരുമ്പും ഉണ്ടായിരുന്നുവെങ്കില്‍ വളരെ പഴക്കവും തഴക്കവുമുള്ള പത്രവും ലേഖകനും മാപ്പു പറഞ്ഞ്‌ വ്യവഹാരത്തില്‍ നിന്നും തലയൂരുമോ ?

ഈ സത്യാവസ്ഥയാണ്‌ ജസ്റ്റീസ്‌ തോമസിനെയും സുചിന്തിതമായ ഒരു നിഗമനത്തിലെത്തിച്ചത്‌. അദ്ദേഹം ഒരു കാലത്തും ആര്‍എസ്‌എസിന്റെ വക്കീലായിരുന്നില്ല. ആര്‍എസ്‌എസിന്റെ ചെലവില്‍ സ്ഥാനമാനങ്ങള്‍ നേടിയ വ്യക്തിയുമല്ല. തെളിവിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുകയും വിധി കല്‍പിക്കുകയും ചെയ്തിരുന്ന പ്രഗത്ഭനായ നിയമജ്ഞനാണ്‌ ജസ്റ്റീസ്‌ കെ.ടി.തോമസ്‌.

രാജ്യം കണ്ട ഏറ്റവും മികച്ച നിയമജ്ഞരില്‍ ഒരാളാണ്‌ ജസ്റ്റീസ്‌ കെ.ടി.തോമസ്‌. രാജീവ്ഗാന്ധിയെ കൊന്നവര്‍ക്കു നല്‍കിയ വധശിക്ഷ ഉള്‍പ്പെടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി വിധികള്‍ ഇദ്ദേഹം സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോള്‍ നടത്തിയിട്ടുണ്ട്‌.

കോട്ടയത്തെ പാരമ്പര്യം പേറുന്ന ക്രിസ്ത്യന്‍ കുടുംബത്തില്‍ പിറന്ന കെ.ടി.തോമസ്‌ ആര്‍എസ്‌എസുകാരനാണെന്ന്‌ ആരും പറഞ്ഞിട്ടില്ല. ആര്‍എസ്‌എസ്‌ അനുയായിയെന്ന്‌ അദ്ദേഹവും അവകാശപ്പെടില്ല. നിയമപണ്ഡിതന്‍ എന്ന ആദരവു മാത്രം നല്‍കിയാണ്‌ അദ്ദേഹത്തെ സമൂഹം ബഹുമാനിക്കുന്നത്‌.

പോലീസ്‌ സേനയെ നവീകരിക്കാന്‍ 1999ല്‍ ഏകാംഗ കമ്മീഷന്‍ ആയി അദ്ദേഹത്തെ നിയമിച്ചപ്പോഴും മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ട്രിബ്യൂണലില്‍ കേരളത്തിന്റെ പ്രതിനിധിയാക്കിയപ്പോഴും സര്‍ക്കാര്‍ പരിഗണിച്ചതും കെ.ടി.തോമസിന്റെ നിയമപരിജ്ഞാനം മാത്രമാണ്‌. ആ നിയമത്തിന്റെ പിന്‍ബലത്തിലാണ്‌ ആര്‍എസ്‌എസിന്‌ ഗാന്ധിവധത്തില്‍ പങ്കില്ലെന്ന്‌ തോമസ്‌ വ്യക്തമാക്കിയത്‌. കോട്ടയം സിഎംഎസ്‌, കൊച്ചി സെന്റ്‌ ആല്‍ബര്‍ട്ട്സ്‌, മദ്രാസ്‌ ലോ കോളേജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള തോമസ്‌ സെന്റ്‌ ആല്‍ബര്‍ട്സില്‍ കോളേജ്‌ യൂണിയന്‍ ചെയര്‍മാനുമായിരുന്നു. കോട്ടയത്ത്‌ അഭിഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തനായി നില്‍ക്കുമ്പോഴാണ്‌ 1977ല്‍ ജില്ലാ ജഡ്ജിയായി ഒന്നാം റാങ്കോടെ നിയമിതനായത്‌. 1985ല്‍ കേരള ഹൈക്കോടതി ജഡ്ജിയായും 1995ല്‍ ചീഫ്‌ ജസ്റ്റിസായും 1996ല്‍ സുപ്രീംകോടതി ജഡ്ജിയായും നിയമിതനാകുകയായിരുന്നു.

1976ല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ അമേരിക്കയിലെ ടെക്സാസില്‍ നടന്ന ലോകസമാധാന സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുകയും സമ്മേളനം രൂപീകരിച്ച ഒരു കമ്മീഷന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഇങ്ങനെയൊരാളെ ആക്ഷേപിക്കാന്‍ രമേശിന്റെയും വിഷ്ണുവിന്റെയും കയ്യില്‍ വല്ല തെളിവുമുണ്ടോ ? തെളിവും വെളിവുമുണ്ടെങ്കില്‍ അത്‌ രഹസ്യമായി വയ്‌ക്കുകയല്ല പരസ്യമായി പറയുകയാണ്‌ മര്യാദ. അല്ലാതെ “വെള്ളം കലക്കിയത്‌ നീയല്ലെങ്കില്‍ നിന്റെ തന്ത” എന്ന ചെന്നായയുടെ സമീപനം ചെന്നിത്തല സ്വീകരിക്കുന്നത്‌ സാമാന്യനീതിക്കും മര്യാദയ്‌ക്കും ചേര്‍ന്നതല്ല. സത്യത്തിനും ധര്‍മത്തിനും പുല്ലുവില പോലും കല്‍പിക്കാതെ സകല തോന്ന്യവാസവും ചെയ്തുകൂട്ടുന്നവരായി കോണ്‍ഗ്രസുകാര്‍ അധഃപതിച്ചിരിക്കുകയാണ്‌. ആരൊക്കെയോ ചെയ്ത അബദ്ധം കൊണ്ട്‌ അധികാരത്തിന്റെ ആനപ്പുറത്തിരിക്കാന്‍ അവസരം ലഭിച്ചതിന്റെ പേരില്‍ അഹങ്കരിക്കരുത്‌. ആത്മാഭിമാനമുള്ളവരെ അവഹേളിക്കരുത്‌. യഥാര്‍ഥ ഗാന്ധിസത്തെ കുഴിച്ചു മൂടി ഡ്യൂപ്ലിക്കേറ്റ്‌ ഗാന്ധിമാരെ തോളിലേറ്റി തഴക്കവും തഴമ്പും വന്ന മുതുകു കൊണ്ട്‌ ആര്‍എസ്‌എസിനെ ഉരച്ചു രസിക്കാന്‍ തുനിയുന്നവരാരായാലും ഉത്തരം പറയേണ്ടി വരും.

ഒരു കാരണവുമില്ലാതെ മൂന്നു തവണ ആര്‍എസ്‌എസിനെ നിരോധിച്ചവരാണ്‌ കോണ്‍ഗ്രസ്‌. നെഹ്രുവിനു മാത്രമല്ല ഇന്ദിരാഗാന്ധിക്കും നരസിംഹറാവുവിനും നിരോധനം വഴി അബദ്ധം പറ്റിയത്‌ കാലം തെളിയിച്ചതാണ്‌. നെഹ്രുവിന്റെയും ഇന്ദിരയുടെയും നരസിംഹറാവുവിന്റെയും ഉറുമി കൊണ്ട്‌ ആര്‍എസ്‌എസിനെ ഉന്മൂലനം ചെയ്യാന്‍ സാധിച്ചിട്ടില്ല. പിന്നെയല്ലേ ചെന്നിത്തലയാദി കോണ്‍ഗ്രസുകാരുടെ മടക്കു കത്തി. ആരെയെങ്കിലും പ്രീണിപ്പിക്കാനും വോട്ടു ബാങ്ക്‌ ഉറപ്പാക്കാനും ആര്‍എസ്‌എസിന്റെ മേക്കിട്ടു കയറുന്നത്‌ അവസാനിപ്പിക്കുകയാണ്‌ വേണ്ടത്‌. ഗാന്ധിജിയുടെ കൈലേസും കണ്ണടയും പോലും സംരക്ഷിക്കാന്‍ കഴിയാത്ത കൂട്ടര്‍ ആര്‍എസ്‌എസിനെ പഴി പറഞ്ഞിട്ട്‌ കാര്യമില്ല. ആര്‍എസ്‌എസിന്റെ നിരോധനങ്ങളെല്ലാം നീക്കേണ്ടിവന്നത്‌ അക്രമ സമരം നടത്തിയിട്ടല്ല.

ആരെയെങ്കിലും ബന്ദികളാക്കിയിട്ടുമല്ല. സഹന സമരവും നിയമ പോരാട്ടവുമാണ്‌ ആര്‍എസ്‌എസിന്‌ അംഗീകാരം നേടിക്കൊടുത്തത്‌. പക്വതയും പാകതയുമില്ലാത്ത രാജ്യത്തിന്റെ വമ്പും തുമ്പും നിശ്ചയമില്ലാത്തവരുടെ നേതൃത്വത്തിനു കീഴില്‍ കോണ്‍ഗ്രസ്‌ ശിഥിലമായിക്കൊണ്ടിരിക്കുന്നു. ദേശീയ ശക്തികളെയും അഭിലാഷങ്ങളെയും സമാഹരിച്ച്‌ സംഘപരിവാര്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനത്തിനും അഴിമതി ഭരണത്തിനും എതിരെ സുശക്തമായ പോരാട്ടത്തിന്റെ വഴി തുറക്കുമ്പോള്‍ അമ്പരക്കുന്നവരുടെ ജല്‍പനങ്ങള്‍ക്ക്‌ കീറച്ചാക്കിന്റെ ഉറപ്പോ മൂല്യമോ ജനം കല്‍പിച്ചു നല്‍കില്ല.

കെ. കുഞ്ഞിക്കണ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by