Categories: Kerala

നിയമനങ്ങളില്ല; അംഗന്‍വാടികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

Published by

കോട്ടയം: മതിയായ ജീവനക്കാരില്ലാത്തതുമൂലം സംസ്ഥാനത്തെ അംഗന്‍വാടികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. പുതിയ ജീവനക്കാരുടെ നിയമനക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ്‌ അംഗന്‍വാടികളുടെ നടത്തിപ്പിനെ ബാധിച്ചിരിക്കുന്നത്‌. ഭരണമാറ്റത്തെത്തുടര്‍ന്ന്‌ അംഗന്‍വാടി ജീവനക്കാരുടെ നിയമനം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുമാസം പിന്നിട്ടിട്ടും പുതിയ നിയമനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച്‌ 31 ഓടെ സംസ്ഥാനത്ത്‌ മൂവായിരത്തിലധികം ജീവനക്കാരാണ്‌ അംഗന്‍വാടികളില്‍ നിന്നും പെന്‍ഷന്‍ പറ്റിയത്‌. വര്‍ക്കര്‍മാര്‍ക്ക്‌ അഞ്ഞൂറ്‌ രൂപയും ഹെല്‍പ്പര്‍മാര്‍ക്ക്‌ 300 രൂപയും പെന്‍ഷന്‍ അനുവദിച്ചുകൊണ്ടാണ്‌ അറുപത്‌ വയസ്സ്‌ പൂര്‍ത്തിയായ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ അനുവദിച്ചത്‌. മുപ്പതിലേറെ വര്‍ഷക്കാലം സര്‍വീസുള്ളവര്‍ക്കുപോലും വളരെ തുച്ഛമായ തുകയാണ്‌ പെന്‍ഷനായി അനുവദിച്ചത്‌. ഇതിനെതിരെ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ പ്രതിഷേധത്തിലാണ്‌. അംഗന്‍വാടി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 65 വയസ്സായി നിശ്ചയിച്ച്‌ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വേതനവര്‍ധനയ്‌ക്ക്‌ അനുസൃതമായി വര്‍ക്കര്‍ക്ക്‌ 1500 രൂപയും ഹെല്‍പ്പര്‍ക്ക്‌ 750 രൂപയും വേതനം വര്‍ധിപ്പിക്കണമെന്നുമാണ്‌ യൂണിയനുകളുടെ ആവശ്യം.

സാമൂഹ്യക്ഷേമവകുപ്പിനു കീഴില്‍പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ പ്രവര്‍ത്തനത്തെ പുതിയ നിയമനങ്ങള്‍ വൈകുന്നത്‌ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ്‌ ജീവനക്കാര്‍ പറയുന്നത്‌. വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമില്ലാതെയാണ്‌ സംസ്ഥാനത്ത്‌ മിക്കയിടങ്ങളിലും അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നത്‌. ഹെല്‍പ്പര്‍മാരുടെ കുറവ്‌ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ തടസ്സമാകുന്നുണ്ട്‌. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും അംഗന്‍വാടികളില്‍ ജീവനക്കാരുടെ കുറവ്‌ അനുഭവപ്പെടുന്നുണ്ട്‌. പുതിയ ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്‍കിക്കൊണ്ട്‌ കഴിഞ്ഞ ജൂലൈ 30ന്‌ ഉത്തരവിറക്കിയെങ്കിലും ചില കേന്ദ്രങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ഫോണിലൂടെ നിയമന നീക്കങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ വകുപ്പ്തല നിര്‍ദ്ദേശം ലഭിക്കുകയായിരുന്നെന്ന്‌ ജീവനക്കാര്‍ പറയുന്നു. പുതിയ നിയമനങ്ങളില്‍ യുഡിഎഫ്‌ അനുകൂലികളെ മാത്രമായി നിയമിക്കാനായാണ്‌ നിയമനം നിര്‍ത്തിവയ്‌പ്പിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌.

എസ്‌.സന്ദീപ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by