Categories: Vicharam

ഇനിയും എന്തിന്‌ കടിച്ചുതൂങ്ങണം

Published by

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതാണ്‌ ഇന്നലെ പാര്‍ലമെന്റില്‍വച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട്‌. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെയും രൂക്ഷമായി വിമര്‍ശിക്കുന്നു. കായികമന്ത്രിയുടെ നിര്‍ദേശം മറികടന്ന്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടകസമിതി ചെയര്‍മാനായി സുരേഷ്‌ കല്‍മാഡിയെ നിയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന്‌ സി.എ.ജി തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സ്‌ എംപിയായ കല്‍മാഡിയെ സംഘാടകസമിതി ചെയര്‍മാന്‍ ആക്കിയത്‌ എന്‍ഡിഎ സര്‍ക്കാര്‍ ആണെന്ന്‌ വരുത്താനുള്ള കോണ്‍ഗ്രസ്സ്‌ നീക്കത്തിനുള്ള തിരിച്ചടിയാണിത്‌. കായികമന്ത്രി സുനില്‍ദത്തിന്റെ എതിര്‍പ്പ്‌ വകവെക്കാതെയാണ്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കല്‍മാഡിയെ ചെയര്‍മാനാക്കിയതെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌ പറയുന്നു. 2000 കോടിയോളം രൂപ ചെലവാക്കാന്‍ അധികാരമുണ്ടായിരുന്ന സംഘാടകസമിതിയുടെ തലപ്പത്തേക്ക്‌ കല്‍മാഡിയെ നിയോഗിച്ചതിന്‌ സിഐജി പ്രധാനമന്ത്രിയെയാണ്‌ കുറ്റപ്പെടുത്തുന്നത്‌.

2004 ഡിസംബറിലാണ്‌ കല്‍മാഡിയെ ഗെയിംസ്‌ സംഘാടകസമിതി ചെയര്‍മാനായി നിയമിച്ചത്‌. എന്നാല്‍ കായികമന്ത്രിയെ ചെയര്‍മാനാക്കാന്‍ ഇതിനു മുമ്പ്‌ ഒക്ടോബര്‍ 25ന്‌ മന്ത്രിതലസമിതി തീരുമാനിച്ചിരുന്നു. ഈ സമിതിയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമുണ്ടായിരുന്നു. പിന്നീട്‌ കല്‍മാഡിയെ തന്നെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനെതിരെ മന്ത്രി സുനില്‍ദത്ത്‌ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയിരുന്നു. ഗെയിംസ്‌ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാനായി 2003ല്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‌ ഐ.ഒ.എ. അപേക്ഷ നല്‍കുമ്പോള്‍ കല്‍മാഡിയെ വൈസ്‌ ചെയര്‍മാനായാണ്‌ വെച്ചിരുന്നത്‌.
സംഘാടകസമിതി ചെയര്‍മാനെ സര്‍ക്കാര്‍ നിര്‍ദേശിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനുമുമ്പ്‌ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഗെയിംസില്‍ സര്‍ക്കാറാണ്‌ ചെയര്‍മാനെ നിശ്ചയിച്ചത്‌. ഇതനുസരിച്ചാണ്‌ 2004 ഒക്ടോബര്‍ 25ന്‌ നടന്ന മന്ത്രിതലസമിതി യോഗം കേന്ദ്ര കായികമന്ത്രിയെ ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്‌. പിന്നീട്‌ പെട്ടെന്ന്‌ തീരുമാനം മാറി കല്‍മാഡി ചെയര്‍മാനായി.

2010ലെ ഗെയിംസിന്‌ ആറുവര്‍ഷം മുമ്പുതന്നെ സംഘാടകസമിതി രൂപവത്കരിച്ചെങ്കിലും ഏറെക്കാലം നിര്‍ജീവമായിരുന്നു. പിന്നീട്‌ ഗെയിംസിനുവേണ്ടി ഓരോ കരാറുകള്‍ ഉണ്ടാക്കിയതിലും ഉയര്‍ന്ന തുകയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങിക്കൂട്ടി. ഗെയിംസിന്‌ ടൈമിങ്‌, സ്കോറിങ്‌, റിസള്‍ട്ട്‌ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സ്വിസ്‌ കമ്പനിക്ക്‌ ഉയര്‍ന്ന തുകയ്‌ക്ക്‌ കരാര്‍ നല്‍കിയതുവഴി ഖജനാവിന്‌ 90 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്ത കല്‍മാഡി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്‌. ഗെയിംസ്‌ അനുബന്ധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കരാറുകള്‍ ഉറപ്പിക്കുന്നതില്‍ ഡല്‍ഹി മുഖ്യമന്ത്രി വഴിവിട്ട്‌ ഇടപെട്ടതായി സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. ഗെയിംസുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലെല്ലാം ക്രമക്കേടു നടന്നിട്ടുണ്ട്‌. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല, സ്വന്തക്കാരുടെ ടെന്‍ഡറുകള്‍ മാത്രം പരിഗണിച്ചു. കരാര്‍ നടപടികളൊന്നും സുതാര്യമായിരുന്നില്ല എന്നെല്ലാം സിഎജി കണ്ടെത്തി.

ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിനു പണം ലഭ്യമാക്കിയില്ല. പരിശീലനത്തിനുള്ള തുക സായ്‌ വകമാറ്റി ചെലവഴിച്ചു. ആശുപത്രികളുടെ നവീകരണത്തില്‍ ക്രമക്കേട്‌. ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല, ആംബുലന്‍സ്‌ സര്‍വീസ്‌ മെച്ചപ്പെടുത്തുന്ന നടപടികളിലും ക്രമക്കേട്‌. സംഘാടക സമിതി കെടുകാര്യസ്ഥതയുടെ കൂടാരം. രേഖകളില്ലാതെ പണമിടപാടുകള്‍.. സുരക്ഷ ക്രമീകരണത്തിനായി ഉപകരണങ്ങള്‍ വാങ്ങിയത്‌ ഉയര്‍ന്ന വില നല്‍കി. വാങ്ങിയ ഉപകരണങ്ങളുടെ പുനരുപയോഗിക്കാതെ കിടക്കുന്നു. കോടികളുടെ കരാറുകള്‍ യോഗ്യതകളില്ലാത്ത കമ്പനികള്‍ക്കു നല്‍കി തുടങ്ങി അക്കമിട്ട്‌ നിരത്തിയാണ്‌ ദല്‍ഹിസര്‍ക്കാരിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്‌. അഴിമതിക്കേസില്‍ ലോകായുക്തയുടെ പരാമര്‍ശം ഉണ്ടെന്ന വാര്‍ത്ത വന്നതിനെതുടര്‍ന്നാണ്‌ കര്‍ണാടക മുഖ്യമന്ത്രി രാജിവച്ചത്‌. യദ്യൂരപ്പ കുറ്റക്കാരനാണെന്ന്‌ കരുതുന്നില്ലെങ്കിലും അദ്ദേഹത്തോട്‌ രാജിവയ്‌ക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

ലോകായുക്തയേക്കാള്‍ വലിയ ഭരണഘടനാ സ്ഥാപനമാണ്‌ ദല്‍ഹിമുഖ്യമന്ത്രിയെ അഴിമതിയുടെ പേരില്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്‌. രാഷ്‌ട്രീയ മാന്യതയോ ധാര്‍മ്മികതയോ ലവലേശമെങ്കിലും ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട്‌ ഇന്നലെ പാര്‍ലമെന്റില്‍ വച്ചപ്പോള്‍തന്നെ ഷീലാദീക്ഷിത്‌ രാജിവയ്‌ക്കേണ്ടതായിരുന്നു.

രാജ്യംകണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ്‌ മന്‍മോഹന്‍സിംഗ്‌ എന്ന്‌ ബിജെപിയുടെ സമുന്നതനായ നേതാവ്‌ എല്‍കെ അദ്വാനി പരസ്യമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ ബഹളകൂട്ടിയിരുന്നു. എന്നാല്‍ ഡോ.മന്‍മോഹന്‍സിംഗ്‌ എത്രയോ ദുര്‍ബലന്‍ എന്നതിന്‌ ഒടുവിലത്തെ തെളിവുമാത്രമാണ്‌ സിഎജി റിപ്പോര്‍ട്ട്‌. 2 ജി സ്പെക്ട്രം ഉള്‍പ്പെടെ കോടാനുകോടിയുടെ അഴിമതി കേസുകള്‍ എത്തിനില്‍ക്കുന്നത്‌ പ്രധാനമന്ത്രിയുടെ ഓഫീസിലാണ്‌. നാണവും മാനവും അവശേഷിക്കുന്നുണ്ടെങ്കില്‍ സിഎജി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലെങ്കിലും പ്രധാനമന്ത്രി കസേര ഒഴിയാന്‍ ഡോ.മന്‍മോഹന്‍സിംഗിനു കഴിയണം.

ഇതുകൊണ്ടൊന്നും കസേര കൈവിടാന്‍ ദല്‍ഹിമുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ തയ്യാറാകുമെന്ന്‌ തോന്നുന്നില്ല. അഴിമതി അവര്‍ക്കിന്ന്‌ അലങ്കാരമാണ്‌. അഴിമതി ഇല്ലാത്തവരെ അവര്‍ക്ക്‌ പുച്ഛമാണ്‌. ഇത്രമാത്രം നെറികെട്ട ഒരു ഭരണം ഒരു ജനാധിപത്യരാജ്യത്തും തുടരുമായിരുന്നില്ല. നാണവും മാനവുമില്ലാത്തവന്റെ മുതുകത്ത്‌ ഒരു ആലുമുളച്ചാല്‍ അതും തണലെന്ന നിലയിലേ ഏറ്റവും ഒടുവിലത്തെ സിഎജി റിപ്പോര്‍ട്ടിനെയും അവര്‍ കാണുകയുള്ളു. ഇനിയും എന്തിന്‌ കടിച്ചുതൂങ്ങണമെന്ന ചോദ്യം രാജ്യം മുഴുക്കെ ഉയര്‍ത്തേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by