Categories: Kerala

ബസ്‌ സമരം പിന്‍വലിച്ചു

Published by

തിരുവനന്തപുരം: സ്വകാര്യ ബസ്സുടമകള്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ്‌ ഉടമകളുമായി ഗതാഗത മന്ത്രി വി.എസ്‌.ശിവകുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ബസ്‌ ഉടമകള്‍ സമരത്തില്‍ നിന്ന്‌ പിന്മാറിയത്‌. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന്‌ സര്‍ക്കാര്‍ ഉറച്ച നിലപാട്‌ സ്വീകരിച്ചതോടെ ബസ്സുടമകള്‍ സമരത്തില്‍നിന്ന്‌ പിന്മാറുകയായിരുന്നു.

ചാര്‍ജ്ജ്‌വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ നടത്തിയിട്ടുള്ള വര്‍ധന കൊണ്ട്‌ സ്വകാര്യ ബസ്‌ മേഖലക്ക്‌ നഷ്ടം ഉണ്ടാകില്ലെന്നും ചര്‍ച്ചക്ക്‌ ശേഷം ഗതാഗതമന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ്സുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും സ്വീകാര്യമായ നിരക്ക്‌ വര്‍ധനയാണ്‌ വരുത്തിയത്‌.

സ്വകാര്യബസ്‌ മേഖലയെക്കുറിച്ച്‌ പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ടില്‍മേല്‍ അനുകൂല നിലപാട്‌ സ്വീകരിക്കാമെന്ന്‌ ഗതാഗത മന്ത്രി ഉറപ്പ്‌ നല്‍കിയ സാഹചര്യത്തിലാണ്‌ സമരത്തില്‍നിന്ന്‌ പിന്മാറുന്നതെന്ന്‌ ബസ്സുടമകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.ഗോപിനാഥ്‌ അറിയിച്ചു. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട്‌ അടുത്തമാസം ഇരുപതിനുള്ളില്‍ ലഭിക്കും. തുടര്‍ന്ന്‌ മന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക്‌ വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോകില്ലെന്നും ഗോപിനാഥ്‌ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക്‌ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ ബസ്സുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വിശദീകരിച്ചു. യാത്രാനിരക്ക്‌ പരിഷ്ക്കരിക്കുന്നതില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും വിയോജിപ്പാണ്‌ പ്രകടിപ്പിച്ചത്‌. മാത്രമല്ല, വിദ്യാഭ്യാസാവകാശ നിയമം നടപ്പാക്കിയ സംസ്ഥാനത്ത്‌ 14 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യ യാത്രയാണ്‌ വേണ്ടതെന്ന വിദ്യാര്‍ത്ഥികളുടെ നിലപാടും മന്ത്രി ബസ്സുടമകളെ അറിയിച്ചു.

ബസ്സുടമകള്‍ മുന്നോട്ടുവെച്ച പലിശ രഹിത വായ്പ, നികുതി ഇളവ്‌ തുടങ്ങിയ വിഷയങ്ങളില്‍ അനുകൂല സമീപനം സ്വീകരിക്കുമെന്ന്‌ മന്ത്രി അറിയിച്ചു. എന്നാല്‍, ഡീസല്‍ വര്‍ധനവിന്‌ ആനുപാതികമായ നിരക്ക്‌ വര്‍ധനവല്ല ഇപ്പോള്‍ പ്രഖ്യാപിച്ചതെന്ന്‌ ബസുടമകള്‍ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by