Categories: Vicharam

നാറാണത്തു ഭ്രാന്തന്‌ ഇരുപത്തിയഞ്ച്‌

Published by

മലയാള കവിതയ്‌ക്കുമേല്‍ ആധുനിക യുവത്വത്തിന്‌ പ്രണയമുണ്ടാക്കിയ കവിതയാണ്‌ വി.മധുസൂദനന്‍നായരുടെ നാറാണത്തു ഭ്രാന്തന്‍. കവിതയ്‌ക്ക്‌ ഈണവും താളവുമുണ്ടെന്ന്‌ മലയാളിയെ ബോധ്യപ്പെടുത്തിയതും ഈ കവിതയാണ്‌. വര്‍ഷങ്ങള്‍ ഇരുപത്തിയഞ്ച്‌ കഴിയുന്നു, മലയാള കാവ്യലോകത്ത്‌ നാറാണത്തുഭ്രാന്തന്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌. ഇരുപത്തിയഞ്ച്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചൊല്ലുകയും കേള്‍ക്കുകയും ചെയ്ത അതേ താല്‍പര്യത്തോടെ മലയാളി ഇന്നും ഈ കവിതയെ ഇഷ്ടപ്പെടുന്നു. ഒരു പക്ഷേ, ചങ്ങമ്പുഴയുടെ രമണനുശേഷം ഇത്രയധികം അംഗീകാരം നേടിയ മറ്റൊരു രചനയുണ്ടോ എന്നത്‌ സംശയമാണ്‌. ഒന്നുറപ്പാണ്‌, മലയാളി ഏറ്റവും കൂടുതല്‍ ചൊല്ലി നടന്നത്‌ ‘നാറാണത്തുഭ്രാന്ത’നാണ്‌. ഇപ്പോഴും ചൊല്ലി നടക്കുന്നതും അതുമാത്രമാണ്‌.

മൊബെയില്‍ ഫോണുകളിലെ ‘റിംഗ്‌ ടോണാ’യും ഐ പോടിലെ ഇഷ്ടപ്പെട്ട കവിതയായും ‘നാറാണാത്ത്‌ ഭ്രാന്തന്‍’ പ്രചരിച്ചുകൊണ്ടിരിക്കുന്നു. തലമുറഭേദമില്ലാതെ ഏറ്റവും കൂടുതല്‍കൈമാറ്റം ചെയ്യപ്പെടുന്നത്‌ ഈ കവിതയാണ്‌. ‘നാറാണത്തുഭ്രാന്ത’നെ ജനങ്ങള്‍ ഇഷ്ടപ്പെട്ടത്‌ വായിച്ചല്ല. പത്രങ്ങളിലൂടെയും മറ്റുമാധ്യമങ്ങളിലൂടെയും പ്രചാരം ലഭിച്ചതിനാലുമല്ല. കവിത ജനഹൃദയങ്ങളില്‍ കുടിയേറിയ ശേഷമാണ്‌ മാധ്യമങ്ങള്‍ കവിതയെയും കവിയെയും ശ്രദ്ധിക്കാനും പുകഴ്‌ത്താനും തുടങ്ങിയത്‌. കവി സ്വന്തം ശബ്ദത്തില്‍ ഈണത്തില്‍ ചൊല്ലിയ കവിത കാവ്യാസ്വദകര്‍ ഏറ്റെടുക്കുകയായിരുന്നു. 1985ലാണ്‌ കവി ‘നാറാണത്ത്ഭ്രാന്തന്‍’ എഴുതുന്നത്‌. അന്നത്‌ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‌ അയച്ചുകൊടുത്തെങ്കിലും പ്രസിദ്ധീകരണയോഗ്യമല്ലെന്ന്‌ പറഞ്ഞ്‌ തിരിച്ചയക്കുകയായിരുന്നു.

തിരുവനന്തപുരത്ത്‌ കുഞ്ചുപിള്ള സ്മാരക പുരസ്കാര ദാനച്ചടങ്ങില്‍ കവി ഈണത്തില്‍ കവിത ചൊല്ലി. വലിയ കയ്യടിയായിരുന്നു ചൊല്ലിതീര്‍ന്നപ്പോള്‍ ഉണ്ടായത്‌. 1986 ഡിസംബറില്‍ കലാകൗമുദിയിലൂടെയാണ്‌ ‘നാറാണത്തുഭ്രാന്തന്‍’ അച്ചടിമഷിപുരണ്ട്‌ വെളിച്ചം കാണുന്നത്‌. കവിതയെ സ്നേഹിക്കുന്ന മനസ്സുകളെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു രചനയുണ്ടായിട്ടില്ല. പതിനായിരത്തിലേറെ തവണ വേദികള്‍ മാറിമാറി ഈ കവിത ഉച്ചഭാഷിണികളിലൂടെ മുഴങ്ങിയിട്ടുണ്ട്‌. ഈ സ്ഥാനം ‘നാറാണത്തുഭ്രാന്ത’നു മാത്രം അവകാശപ്പെട്ടതാണ്‌. മധുസൂദനന്‍നായരോടുതന്നെ നൂറിലധികം തവണ പലരും ഫോണില്‍ വിളിച്ച്‌ ഈ കവിത ചൊല്ലികേള്‍പ്പിച്ചിട്ടുണ്ട്‌.

ഓരോരുത്തര്‍ക്കും ഓരോതരത്തിലുള്ള വൈകാരികാനുഭവമാണ്‌ ‘നാറാണത്തുഭ്രാന്തന്‍’ സമ്മാനിച്ചത്‌. സംഘര്‍ഷം അനുഭവിക്കുന്ന നേരങ്ങളിലെല്ലാം താന്‍ കേള്‍ക്കുന്നത്‌ ‘നാറാണത്തുഭ്രാന്തന്‍’ എന്ന കവിതയാണെന്ന്‌ ഒ.വി.വിജയന്‍ ഒരിക്കല്‍ കവിക്ക്‌ എഴുതിയിട്ടുണ്ട്‌. പുതുതലമുറ തങ്ങളുടെ പ്രിയപ്പെട്ട കവിതയായി ‘നാറാണത്തുഭ്രാന്തന്‍’ കേള്‍വിയിലേക്ക്‌ ചേര്‍ത്തുവച്ചു.

സമകാലിക ജീവിതാനുഭവങ്ങളില്‍ നിന്ന്‌ ഊറ്റിയെടുത്ത അഗ്നിയുടെ ചൂട്‌ കവിത അനുഭവിപ്പിക്കുന്നുണ്ട്‌. മനുഷ്യന്‍ സര്‍വകാലങ്ങളിലൂം കടന്നുപോകുന്ന അനുഭവങ്ങളെയാണ്‌ കവിതയില്‍ ആവിഷ്കരിച്ചതെന്ന്‌ കവി പറയുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെക്കാലത്തിന്റെയും വരുംകാലത്തിന്റെയും ജീവിതപ്രവണതകളെ അത്‌ ആവിഷ്കരിക്കുന്നുണ്ട്‌. കാലാതിവര്‍ത്തിയായി കവിത നിലനില്‍ക്കുന്നതും അതിനാലാണ്‌.

കവിത ചൊല്ലി അനുഭവിപ്പിക്കുക എന്ന ശൈലി വിജയകരമായി അവതരിപ്പിച്ചയാളാണ്‌ മധുസൂദനന്‍നായര്‍. പിന്നീട്‌ അദ്ദേഹത്തെ അനുകരിച്ച്‌ നിരവധി കവികള്‍ രംഗത്തുവന്നെങ്കിലും അതുവെറും അനുകരണങ്ങള്‍ മാത്രമാണെന്ന്‌ ജനം തിരിച്ചറിഞ്ഞു. അത്തരക്കാരെല്ലാം നിഷ്പ്രഭമാകുകയും മധുസൂദനന്‍ നായര്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം തിരുവനന്തപുരത്തെ സെന്റ്‌ സേവ്യേഴ്സ്‌ കോളേജില്‍ മലയാള വിഭാഗം തലവനായിരിക്കെയാണ്‌ ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‌ വിരമിക്കുന്നത്‌.

കുട്ടിക്കാലം മുതല്‍ക്കേ കവിതകളെഴുതുമായിരുന്നുവെങ്കിലും, മധുസൂദനന്‍ നായരിലെ കവിയെ മലയാളികളറിയുന്നത്‌ ‘നാറാണത്ത്‌ ഭ്രാന്തന്‍’ എന്ന കവിത ചൊല്ലിക്കേള്‍ക്കുകയും അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നതോടെയുമാണ്‌. എട്ടുവര്‍ഷത്തിനുള്ളില്‍ 20 എഡിഷനുകള്‍ അച്ചടിക്കേണ്ടി വന്ന ഏക മലയാള കൃതിയും ഇതാണ്‌. പ്രസിദ്ധീകരണത്തിന്റെ ഇരുപത്തിയഞ്ചാംവര്‍ഷമെത്തി നില്‍ക്കുമ്പോള്‍ 40 എഡിഷനുകളിലായി എണ്‍പതിനായിരത്തോളം കോപ്പികളാണ്‌ ‘നാറാണത്തുഭ്രാന്തന്‍’ കവിതാസമാഹാരം വിറ്റു പോയത്‌.

പതിനാറോളം കൃതികള്‍ കവിയുടേതായി ഇതിനകം പുറത്തു വന്നിട്ടുണ്ട്‌. പുണ്യപുരാണം രാമകഥ,സീതായനം, അഗസ്ത്യഹൃദയം, അകത്താര്‌ പുറത്താര്‌?, ഉപനിഷദ്‌, ഗംഗ, തിരസ്കാരം, യക്ഷി, മേഘങ്ങളെ കീഴടക്കുവിന്‍, നടരാജസ്മൃതി, ഒരു പന്തമെരിയുന്നു, സാക്ഷി. കിളിപ്പാട്ട്‌, സന്താനഗോപാലം, ഒരു കിളിയും അഞ്ച്‌ വേടന്മാരും, ഭാരതീയം, വാക്ക്‌, ഗാന്ധര്‍വം എന്നിവയാണ്‌ കൃതികള്‍.

1986ല്‍ തന്നെ ‘നാറാണത്ത്ഭ്രാന്ത’നെന്ന കവിതയ്‌ക്ക്‌ കുഞ്ചുപിള്ള സ്മാരക അവാര്‍ഡു ലഭിച്ചു. 1991 ല്‍ ഭാരതീയം എന്ന കവിതയ്‌ക്ക്‌ കെ. ബാലകൃഷ്ണന്‍ അവാര്‍ഡും. 1993 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി. ആശാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആശാന്‍ പുരസ്കാരവും മധുസൂദനന്‍നായരെ തേടിയെത്തി.

കാവ്യരചനയില്‍ കഴിഞ്ഞ 25 വര്‍ഷങ്ങള്‍കൊണ്ട്‌ മധുസൂദനന്‍ നായര്‍ ഏറെ മുന്നോട്ടുപോയെങ്കിലും കവി ഇപ്പോഴും അറിയപ്പെടുന്നത്‌ ‘നാറാണത്ത്ഭ്രാന്ത’ന്റെ രചയിതാവെന്ന നിലയിലാണ്‌. ഇന്നും ആ കവിത കേള്‍ക്കുമ്പോള്‍ പലരും ആനന്ദമനുഭവിക്കുന്നു. ജീവിത പ്രശ്നങ്ങളില്‍ പെട്ടുലഴുന്നവര്‍ മനസ്സിന്റെ ഭാരം ഇറക്കി വയ്‌ക്കാന്‍ ‘നാറാണത്തുഭ്രാന്ത’നിലേക്ക്‌ ചെവി കൂര്‍പ്പിക്കുന്നു. സമ്മേളനങ്ങളില്‍, സാഹിത്യവേദികളില്‍, ലഹരി നുരയുന്ന യൗവ്വനക്കൂട്ടങ്ങളില്‍, ആഘോഷാവസരങ്ങളെ സമ്പന്നമാക്കുവാന്‍…..എല്ലായിടങ്ങിലും മുഴങ്ങുന്നത്‌ ഇതുമാത്രം. കവിത പുറത്തേക്കു പ്രവഹിക്കുമ്പോള്‍ പ്രായഭേദമില്ലാതെ എല്ലാവരുടെയും ചുണ്ടുകള്‍ ചലിക്കുന്നു. കവിത ഏറ്റു ചൊല്ലുന്നു.

‘നാറാണത്തുഭ്രാന്ത’നെന്ന കവിതയ്‌ക്കു പിന്നിലുള്ള സംഗീതത്തിന്റെ കൂടി ശക്തിയാണ്‌ അതിനെ ഇത്രത്തോളം ജനകീയമാക്കിയത്‌. വരികള്‍ മനസ്സിലാകാത്തവര്‍ പോലും കവിത ഏറ്റു ചൊല്ലുന്നത്‌ അതിനാലാണ്‌. കവിതയിലെ സംഗീതത്തെ കുറിച്ച്‌ കവി പറയുന്നതിങ്ങനെ:

“ഒരോഭാഷയ്‌ക്കും ഒരു ജൈവചേതനയുണ്ട്‌. ചിട്ടപ്പെടുത്തിയ സംഗീതമല്ല നാറാണത്തുഭ്രാന്തന്‌ ഉപയോഗിച്ചത്‌. കവിത വാചികജന്മമാണ്‌. ആ ഭാഷയ്‌ക്ക്‌ ഒരു അന്തഃസംഗീതമുണ്ട്‌. രാഗപ്രയോഗമല്ല, തനിയെ സംഭവിച്ച രാഗസംയോഗമാണ്‌ നാറാണത്തുഭ്രാന്തന്റെ ഈണം. ഈ ശൈലി എന്റെ സ്വന്തമല്ല. എന്നില്‍കൂടി വന്നുതമല്ല. എത്രയോ സഹസ്രവര്‍ഷങ്ങളായി ഇവിടെ നിലകൊള്ളുന്ന സ്വരപാരമ്പര്യത്തിന്റെ സ്പന്ദനമാണ്‌. അത്‌ ഇനിയും നിലനില്‍ക്കണം. അങ്ങനെ നിലനില്‍ക്കുന്നതാണ്‌ സുകൃതം….”

അക്ഷരമറിയാത്തവരെ പോലും കാവ്യാസ്വാദകരാക്കിമാറ്റിയ പുണ്യമാണ്‌ മധുസൂദനന്‍നായരെന്ന കവിയും അദ്ദേഹത്തിന്റെ ‘നാറാണത്ത്ഭ്രാന്ത’നെന്ന കവിതയും മലയാളത്തിന്‌ സമ്മാനിച്ചത്‌. ഓരോ ദിവസം കഴിയുമ്പോഴും കവിതയ്‌ക്ക്‌ പുതിയ പുതിയ ആസ്വാദകരെ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തിയഞ്ച്‌ ആണ്ടും കഴിഞ്ഞ്‌ ആ കവിതയുടെ ആയുസ്സിന്‌ അളക്കാന്‍ പറ്റാത്ത കാലങ്ങളോളം ദൈര്‍ഘ്യമുണ്ടെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയുന്നതും അതിനാലാണ്‌.

ആര്‍.പ്രദീപ്‌

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by