Categories: Kerala

മുസിരിസ്‌ ഗവേഷണത്തെ തുറന്നുകാട്ടാന്‍ ഒരു ചരിത്രദൗത്യം

Published by

കൊച്ചി: കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സാംസ്കാരികവകുപ്പിന്റെ സഹായത്തോടെ നടത്തിയ ഗവേഷണഖനനത്തില്‍ കണ്ടെത്തിയെന്ന്‌ പറയപ്പെടുന്ന വസ്തുതകളുടെ ആധികാരികതയെ ചോദ്യംചെയ്യുന്ന പഠനഗ്രന്ഥം ഇന്ന്‌ പുറത്തിറങ്ങുന്നു. മുസിരിസ്‌ പൈതൃക പരിരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‌ വൈകുന്നേരം അഞ്ച്‌ മണിക്ക്‌ എറണാകുളം ബിടിഎച്ചില്‍ നടക്കുന്ന സെമിനാറിലാണ്‌ ‘മുസിരിസ്‌ അട്ടിമറിയുടെ രീതിശാസ്ത്രം’ എന്ന ഗവേഷണഗ്രന്ഥം പ്രകാശനം ചെയ്യപ്പെടുന്നത്‌.

കൊടുങ്ങല്ലൂരിലെ പറവൂരിനടുത്ത്‌ പട്ടണം എന്ന ഗ്രാമത്തിലാണ്‌ കെസിഎച്ച്‌ആറിന്റെ നേതൃത്വത്തില്‍ 2007 മുതല്‍ 2011 വരെ ഉത്ഖനനം നടന്നത്‌. മുസിരിസ്‌ പൈതൃകപദ്ധതിയുടെ ഭാഗമായി നടന്ന പട്ടണം ഉത്ഖനനങ്ങളിലൂടെ പട്ടണം മുസിരിസ്‌ ആണെന്ന്‌ വിധികല്‍പ്പിച്ച കെസിഎച്ച്‌ആര്‍ ഡയറക്ടര്‍ ഡോ. പി.ജെ. ചെറിയാന്റെ പ്രഖ്യാപനം നിക്ഷിപ്തതാല്‍പര്യങ്ങള്‍ നിറഞ്ഞതാണെന്ന്‌ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. പുന്നപ്ര-വയലാര്‍ കമ്മ്യൂണിസ്റ്റ്‌ സമരത്തെക്കുറിച്ച്‌ ഗവേഷണം നടത്തിയ ഡോ.പി.ജെ. ചെറിയാന്‌ ആധുനിക ചരിത്രത്തില്‍ ഗവേഷണബിരുദമുണ്ടെന്നല്ലാതെ പുരാതത്വ മേഖലയില്‍ ഒരു ചെറിയ ഖാനനത്തില്‍പോലും ഉള്‍പ്പെട്ടിട്ടില്ലെന്ന്‌ പുസ്തകം വ്യക്തമാക്കുന്നു. ആലുവ യുസി കോളേജില്‍ അധ്യാപകനായിരുന്ന ചെറിയാന്‌ അവിടെ പുരാതത്വം പഠിപ്പിക്കുവാന്‍ 1996 ല്‍ പിന്തുണ നല്‍കിയത്‌ യുണൈറ്റഡ്‌ ബോര്‍ഡ്‌ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഏഷ്യ എന്ന ന്യൂയോര്‍ക്ക്‌ കേന്ദ്രമായുള്ള അന്താരാഷ്‌ട്ര മതസംഘടനയാണെന്ന്‌ പുസ്തകത്തില്‍ പറയുന്നു. പുരാതത്വ ഗവേഷകരെ മാത്രമല്ല നദി-സമുദ്ര മേഖലാ ഉദ്ഖനനങ്ങളില്‍ വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഒാ‍ഫ്‌ മറൈന്‍ ആര്‍ക്കിയോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഹൈഡ്രോളജി എന്നീ മികച്ച ഗവേഷണസ്ഥാപനങ്ങളെയും കെസിഎച്ച്‌ആര്‍ ബോധപൂര്‍വം ഒഴിവാക്കിയതായി പുസ്തകം ആരോപിക്കുന്നു.

കേരള ആര്‍ക്കിയോളജിക്കല്‍ ഡയറക്ടറായിരുന്ന ആര്‍.വി. പൊതുവാള്‍, നാഷണല്‍ മ്യൂസിയം ഡയറക്ടറായിരുന്ന സി. ശിവരാമമൂര്‍ത്തി, കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച്‌ പഠനം നടത്തിയ എച്ച്‌. സര്‍ക്കാര്‍, ശിലായുഗ ചരിത്രഗവേഷകനായ ഡോ. പി. രാജേന്ദ്രന്‍, സെന്റര്‍ ഫോര്‍ ഹെറിറ്റേജ്‌ സ്റ്റഡീസ്‌ രജിസ്ട്രാറും പട്ടണം ഉത്ഖനനത്തിന്‌ തുടക്കംകുറിച്ചയാളുമായ പി.കെ. ഗോപി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ അസി. സൂപ്രണ്ടിംഗ്‌ ആര്‍ക്കിയോളജിസ്റ്റായിരുന്ന രാമന്‍ നമ്പൂതിരി, ചരിത്രഗവേഷകരായ മിഷേല്‍ ഡാനിനോ, ഡോ. സി.ഐ. ഐസക്ക്‌, ഡോ. എന്‍.എം. നമ്പൂതിരി, വേലായുധന്‍ പണിക്കശ്ശേരി, ആര്‍ട്ട്‌ ഹിസ്റ്റോറിയനും വൈലോപ്പിള്ളി സംസ്കൃതിഭവന്‍ ഡയറക്ടറുമായ ഡോ. എം.ജി.ശശിഭൂഷണ്‍ എന്നിവരുടെ പഠനങ്ങളാണ്‌ പുസ്തകത്തിലുള്ളത്‌. ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, ഉള്ളൂര്‍, ഇളംകുളം, കെ.കെ. പിള്ള എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

മുസിരിസ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേരമാന്‍ മസ്ജിദ്‌ സംരക്ഷിക്കുന്നതിന്റെ ആധികാരികതയാണ്‌ ഇഎംഎസിന്റെ ലേഖനത്തിലൂടെ ചോദ്യംചെയ്യപ്പെടുന്നത്‌. ചേരമാന്‍ പെരുമാള്‍ ഇസ്ലാംമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്തുവെന്ന ഐതിഹ്യമാണ്‌ മസ്ജിദിനുള്ളത്‌. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ ഐതിഹ്യത്തെക്കുറിച്ച്‌ ഇഎംഎസിന്റെ അഭിപ്രായം ഇതില്‍ ഒരു ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നു.

പട്ടണം, മാകോതയര്‍ പട്ടണമാണെന്നോ മുസരിസ്‌ ആണെന്നോ പറയാനുള്ള തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നിരിക്കെ അന്ത്യവിധിപ്രഖ്യാപനം നടത്തിയത്‌ ഉചിതമായില്ലെന്നാണ്‌ ഭൂരിപക്ഷം ആര്‍ക്കിയോളജിസ്റ്റുകള്‍ക്കുമുള്ളതെന്ന്‌ ഡോ. എം.ജി. ശശിഭൂഷണ്‍ പുസ്തകത്തില്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുന്നു. കൊടുങ്ങല്ലൂരും പരിസരങ്ങളും അനേകവര്‍ഷങ്ങളായി അടുത്തറിഞ്ഞിരുന്ന പാലിശ്ശേരി നാരായണമേനോന്‍, വി.എം. കുട്ടികൃഷ്ണമേനോന്‍, വി.വി.കെ. വാലത്ത്‌, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ ഗവേഷണപ്രബന്ധങ്ങളെ ഡോ. ചെറിയാന്‍ നിരാകരിച്ചതിനെ ശശിഭൂഷണ്‍ ചോദ്യംചെയ്യുന്നു. മുസിരിസ്‌, തങ്ങള്‍ കണ്ടെത്തിയെന്ന പട്ടണം വിദഗ്ധരുടെ അവകാശവാദം കാപട്യമാണെന്ന്‌ അദ്ദേഹം പറയുന്നു.

സെന്റ്‌ തോമസ്‌ ഭാരതത്തില്‍ വന്നുവെന്ന ഐതിഹ്യത്തെ പുരാതത്വവുമായി ബന്ധപ്പെടുത്തി ചരിത്രസത്യമാക്കി മാറ്റാന്‍ കാലാകാലങ്ങളായി നടക്കുന്ന ഗൂഢപദ്ധതിയെ സാമൂഹ്യശാസ്ത്രജ്ഞന്മാരായ അരവിന്ദന്‍ നീലകണ്ഠന്‍, രാജീവ്‌ മല്‍ഹോത്ര എന്നിവര്‍ പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നു.

മുസിരിസ്‌-പട്ടണം ഖാനനപദ്ധതിയെ സ്വാഗതം ചെയ്യുന്ന മുസിരിസ്‌ പൈതൃകസംരക്ഷണവേദി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ തുടങ്ങിയ ആധികാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കണം ഖാനനം നടക്കേണ്ടതെന്ന്‌ ആവശ്യപ്പെടുന്നു. ജലാന്തര്‍ഭാഗത്തെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള അന്താരാഷ്‌ട്ര സമിതിയുടെ സഹകരണം ഖാനനകാര്യത്തില്‍ തേടണമെന്നും സമിതി ആവശ്യപ്പെടുന്നു.

എം. ബാലകൃഷ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by