ഭഗവാനിലുള്ള ഭക്തിയാണ് ആത്മസാക്ഷാത്കാരത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. അതുപേക്ഷിച്ച് സൈദ്ധാന്തിക ജ്ഞാനത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കുന്നവന് ക്ലേശകരമായ പ്രക്രിയയിലൂടെ കടന്നുപോകുന്നു. ഉദ്ദേശിച്ച ഫലം നേടുകയുമില്ല. പതിരു മെതിച്ചാല്‍ ധാന്യം കിട്ടാത്തതുപോലെ വെറുതെ സിദ്ധാന്തം പറഞ്ഞതുകൊണ്ട് ആത്മസാക്ഷാത്കാരം ലഭിക്കില്ല, കഷ്ടപ്പാട് മാത്രമായിരിക്കും അയാളുടെ നേട്ടം.
ബുദ്ധി, ജ്ഞാനം സംശയത്തില്‍നിന്നുള്ള നിവൃത്തി, സന്തോഷം, സന്താപം, ഭയം, ഭയമില്ലായ്മ, അഹിംസ, സമചിത്തത, സംതൃപ്തി, കഠിനവ്രതം, ദാനധര്‍മ്മം, സത്കീര്‍ത്തി, ദുഷ്കീര്‍ത്തി തുടങ്ങിയ ഗുണങ്ങളെല്ലാം അവബോധത്തിന്റെ സൂചകങ്ങളാണ്. അതിനാല്‍ അവബോധമുള്ളിടത്തൊക്കെ ഈ ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങളെല്ലാം തന്റേതാണെന്ന്, തന്നില്‍ നിന്ന് മുള പൊട്ടിയതാണെന്ന് ഭഗവാന് പ്രഖ്യാപിച്ചിട്ടുണ്ട്. നിത്യോനിത്യാനാം ചേതനശ്ചേതനാനാം ഏകോബഹുനാം യോ വിദധാതികാമാന്‍ ‘ബോധമുള്ള അനശ്വരമായ ജീവാത്മാക്കളുടെ ഇടയില്‍ മറ്റുള്ളവരുടെ ആവശ്യങ്ങളൊക്കെ നടത്തിക്കൊടുക്കുന്ന ബോധമുള്ള ഒരു പരമസത്തയുണ്ട് എന്ന് കഠോപനിഷത്ത് പറയുന്നു. അതിനാല്‍ എല്ലാ ചേതനങ്ങളിലും ഈ ഗുണങ്ങള്‍ അന്തര്‍ലീനമാണെന്ന കാര്യം നിഷേധിക്കുന്നതും അതുവഴി സൂക്ഷ്മമായ ജീവാത്മാക്കളേയും പരമാത്മാവിനെയും ജഡവസ്തുക്കളോട് തുലനം ചെയ്യാന്‍ ശ്രമിക്കുന്നതും തികഞ്ഞ കുഴപ്പത്തില്‍ കലാശിക്കും. അതുമാത്രമല്ല, രൂക്ഷമായ ഉള്‍ക്കാഴ്ചയില്ലായ്മയുടെ പ്രകടനവുമാണത്. പ്രജ്ഞയുടെ അസ്തിത്വത്തെ നിഷേധിക്കുന്നതാണോ അംഗീകരിക്കുന്നതാണോ തങ്ങള്‍ക്ക് തൃപ്തിയരുളുന്നതെന്ന കാര്യത്തില്‍ മായാവാദികള്‍ ആശയക്കുഴപ്പത്തിലാണ്. ചേതനങ്ങള്‍ എപ്പോഴും ജഡവസ്തുക്കളെ നിയന്ത്രിക്കുന്നു. ഒരു ചെറിയ ഉദാഹരണം ഇക്കാര്യം തെളിയിക്കുന്നു.
കാക്കയെപ്പോലുള്ള ഒരു നിസാര ജീവി നിര്‍ഭയം ഏതോ വീരനായകന്റെ കല്‍പ്രതിമയുടെ ശിരസ്സിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും അങ്ങനെ അലനാത്മക ചൈതന്യം ജഡവസ്തുവിനെ കീഴടക്കുന്നതും നാം കാണാറുണ്ട്. കുബുദ്ധികള്‍ മാത്രമേ പരമചൈതന്യത്തെ നിര്‍വികാരവും അരൂപവുമായ വസ്തുവായി കല്പിക്കാന് തയ്യാറാവുകയുള്ളൂ. ഇത്തരം ശ്രമം ശുദ്ധവങ്കത്തരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: