Categories: India

നായ്‌ക്കളുടെ മരണം: വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണം

Published by

ന്യൂദല്‍ഹി: രണ്ടുകൊല്ലം മുമ്പ്‌ വിമാനത്തില്‍ വെച്ച്‌ രണ്ട്‌ പട്ടികള്‍ ചത്തതിന്‌ ഉടമക്ക്‌ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ വിധി.

ജെറ്റ്‌ എയര്‍വേസ്‌ വിമാനത്തില്‍ കൊണ്ടുവന്ന അരുമകളായ ബാട്നു, ജിമ്മി എന്നീ രണ്ട്‌ പഗ്‌ വിഭാഗത്തില്‍പ്പെട്ട നായ്‌ക്കള്‍ ചത്തതിന്‌ ഉടമയായ രാജേന്ദ്രതാണ്ഡന്‌ 3248 അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണ്‌ ദല്‍ഹി ഉപഭോക്തൃ കോടതി ഉത്തരവിട്ടത്‌.

മുംബൈയില്‍നിന്ന്‌ ദല്‍ഹിയിലേക്കുള്ള യാത്രാ മദ്ധ്യേയാണ്‌ നായ്‌ക്കള്‍ മരണപ്പെട്ടത്‌. പ്രാണവായുവിന്റെ കുറവ്‌ മൂലമാണ്‌ മരണം നടന്നതെന്ന വിമാനകമ്പനിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതെ താണ്ഡന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

വൈകാരികമായി പട്ടികളുടെ മരണം വളരെ വലിയ സംഭവം തന്നെയാണെന്നും ഉപഭോക്താവിന്റെ നഷ്ടം ഭീമമായതിനാല്‍ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നും ദല്‍ഹി ഉപഭോക്തൃ ഫോറം പ്രസിഡന്റ്‌ സി.കെ.ചതുര്‍വേദി അഭിപ്രായപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.

പട്ടികളെ കൊണ്ടുവരുന്ന കമ്പാര്‍ട്ട്മെന്റില്‍ ആവശ്യത്തിന്‌ വായു സമ്മര്‍ദ്ദമുണ്ടാക്കേണ്ടത്‌ വിമാന കമ്പനിയുടെ ഉത്തരവാദിത്തമാണ്‌, കോടതി ചൂണ്ടിക്കാട്ടി. പണം തനിക്ക്‌ പ്രശ്നമല്ലെന്നും എന്നാല്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നുമാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും താണ്ഡന്‍ വെളിപ്പെടുത്തി. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ഈ പണം സംഭാവന ചെയ്യുമെന്നും അയാള്‍ അറിയിച്ചു.

ഒരു മൊബെയില്‍ ഫോണ്‍ കമ്പനിയുടെ പരസ്യത്തില്‍ വന്നതിനുശേഷം പഗ്ഗുകള്‍ ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന ഇനം നായ്‌ക്കളായി മാറിയിട്ടുണ്ട്‌. ഒരു പഗ്ഗിന്‌ ഉദ്ദേശം 50000 രൂപ വിലവരും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by