Categories: World

സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കടുത്ത നടപടികള്‍ വേണ്ടിവരും – ഒബാമ

Published by

വാഷിങ്ടണ്‍: അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നു പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഒന്നാം ഘട്ടം മാത്രമാണു വായ്പാ പരിധി കൂട്ടാനുള്ള ബില്ലെന്നും ഒബാ‍മ വ്യക്തമാക്കി‍.

അമേരിക്കന്‍ നികുതി ഘടനയില്‍ കൊണ്ടുവരാന്‍ പോകുന്ന വന്‍ അഴിച്ചു പണിയിലേക്കാണ് ഒബാമ വിരല്‍ ചൂണ്ടുന്നത്. കൈവശമുള്ള പണത്തിന് ആനുപാതികമായി പണക്കാര്‍ കൂടുതല്‍ നികുതി അടയ്‌ക്കേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ഒബാമ സൂചിപ്പിച്ചു.

അമേരിക്കന്‍ സെനറ്റില്‍ ഡെമൊക്രറ്റുകള്‍ക്കും ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കനുകള്‍ക്കും മേല്‍ക്കൈ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സന്തുലിതമായ സമീപനം കൈക്കൊള്ളണമെന്ന് സമാജികരോട് ഒബാമ അഭ്യര്‍ത്ഥിച്ചു. കൂട്ടുത്തരവാദിത്വം എല്ലാ സാമാജികരും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ കെട്ടിക്കിടക്കുന്ന വാണിജ്യ ബില്‍ ഉടന്‍ പാസാക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ഒബാമ അഭ്യര്‍ഥിച്ചു. വ്യോമയാന രംഗത്തു വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികള്‍ ത്വരിത ഗതിയില്‍ നടപ്പിലാക്കണം. മധ്യ വര്‍ഗത്തിനുള്ള നികുതി ഇളവും തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by