Categories: Kasargod

ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ കൃത്രിമ രോഗികളെ സൃഷ്ടിക്കുന്നു

Published by

കാഞ്ഞങ്ങാട്‌: കൃത്രിമ എന്‍ഡോസള്‍ഫാന്‍ രോഗികളെ സൃഷ്ടിച്ച്‌ അവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ സമ്പാദിച്ച്‌ കൊടുക്കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനുവേണ്ടി എന്നവകാശപ്പെട്ട്‌ പ്രവര്‍ത്തിച്ച്‌ വരുന്ന സാമൂഹ്യ സന്നദ്ധ സംഘടനകളിലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലും പെട്ട ഏതാനും ചിലര്‍ കിട മത്സരം നടത്തുന്നതായി സൂചന. ആഗസ്റ്റ്‌ 13 മുതല്‍ 16 വരെ ജില്ലയിലെ നാല്‌ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ രോഗ നിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്കും അതാത്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും പ്രവഹിച്ച അപേക്ഷാ ഫോറങ്ങള്‍ വിശദമായി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ്‌ വെളിച്ചത്ത്‌ വന്നത്‌. എന്‍ഡോസള്‍ഫാന്‍ രോഗം ബാധിച്ച യഥാര്‍ത്ഥ രോഗികള്‍ പുറന്തള്ളപ്പെടുകയും കൃത്രിമ രോഗികള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ദുരിത ബാധിത പ്രദേശമായ 11 പഞ്ചായത്തുകളിലേക്ക്‌ താമസം മാറ്റാനും നിലവിലുള്ള റേഷന്‍ കാര്‍ഡ്‌ മാറ്റിയെടുക്കാനും പലരും നെട്ടോട്ടമോടുന്നുണ്ട്‌. രാഷ്‌ട്രീയ നേതാക്കളുടെയും സന്നദ്ധ സംഘടനകളില്‍പ്പെട്ട ചില താപ്പാനകളുടെയും സമ്മര്‍ദ്ദത്തിനും താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങിയാണ്‌ നൂറുക്കണക്കിനാളുകള്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ പട്ടികയില്‍ കയറിപ്പറ്റാന്‍ രോഗ നിര്‍ണ്ണയ ക്യാമ്പിലേക്കുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന്‌ രോഗം ബാധിച്ചവരുടെ പുതിയ ലിസ്റ്റ്‌ തയ്യാറാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെയാണ്‌ കൃത്രിമ രോഗികളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നീക്കങ്ങളും ചില കോണുകളില്‍ നിന്നുയര്‍ന്നത്‌. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്‌ യഥാര്‍ത്ഥ രോഗികള്‍ക്ക്‌ കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്‌. ആരോഗ്യ വകുപ്പധികൃതര്‍ കണ്ണുചിമ്മിയാല്‍ രോഗമില്ലാത്തവരും രോഗികളുടെ പട്ടികയില്‍ കയറിക്കൂടി സകലമാന ആനുകൂല്യങ്ങളും കൈപ്പുറ്റുമെന്ന സ്ഥിതിയാണ്‌ വരാനിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മുന്നൂറ്‌ തരം രോഗങ്ങള്‍ക്ക്‌ കാരണമാകുമെന്നാണ്‌ വിദഗ്ധാഭിപ്രായം. ഈ അഭിപ്രായം മുതലെടുത്താണ്‌ കൃത്രിമ രോഗികളെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നത്‌. മറ്റ്‌ കാരണങ്ങളാല്‍ രോഗം ബാധിച്ചവരും എന്‍ഡോസള്‍ഫാന്‍ രോഗികളായി സ്വയം ചിത്രീകരിച്ച്‌ മുന്നോട്ട്‌ വരുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ തലപൊക്കിയിട്ടുള്ളത്‌. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടായിരിക്കാം ഈ നീക്കണമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. ആഗസ്റ്റ്‌ 13 മുതല്‍ 4 ദിവസങ്ങളില്‍ നാല്‌ കേന്ദ്രങ്ങളിലായി നടക്കുന്ന രോഗനിര്‍ണ്ണയ ക്യാമ്പില്‍ കാല്‍ ലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ക്യാമ്പ്‌ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ ആണ്റ്റ്‌ റെമഡിയല്‍ സെല്‍ സംഘാടകര്‍ പുതിയ അപേക്ഷകള്‍ കണ്ട്‌ അമ്പരന്ന്‌ നില്‍ക്കുകയാണിപ്പോള്‍. ക്യാമ്പുകളില്‍വെച്ച്‌ യഥാര്‍ത്ഥ രോഗികള്‍ ആരായിരിക്കും എന്ന്‌ കണ്ടെത്താന്‍ കഴിയുമോ എന്നതും സംശയമാണ്‌. രോഗികളുടെ ബാഹുല്യം ക്യാമ്പില്‍ രോഗ നിര്‍ണ്ണയത്തിനായി എത്തുന്ന വിദഗ്ധ ഡോക്ടര്‍മാരെ ദുരിതത്തിലാക്കും. അതേസമയം രോഗ നിര്‍ണ്ണയത്തിന്‌ പ്രത്യേകം ക്ളീനിക്കുകളോ സംവിധാനങ്ങളോ മറ്റു മാനദണ്ഡങ്ങളോ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. രോഗ നിര്‍ണ്ണയം നടത്തേണ്ടതെങ്ങനെയെന്നും രോഗിയല്ലെങ്കില്‍ ഏതു കാരണത്താല്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അതിനാല്‍ പ്രമേഹ രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരും എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെടാനാണ്‌ സാധ്യത. രോഗികളെ പ്രാഥമിക ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ പ്രാഥമിക പരിശോധനയ്‌ക്ക്‌ വിധേയമാക്കും. വ്യക്തമായ നിര്‍ദ്ദേശം ലഭിച്ച ശേഷമേ ഡോക്ടര്‍മാര്‍ക്ക്‌ ഇവരെ സര്‍ക്കാറിണ്റ്റെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പ്പെടുത്താനാകൂ. 24 ഡോക്ടര്‍മാരാണ്‌ ഓരോ മെഡിക്കല്‍ ക്യാമ്പിലും സംബന്ധിക്കുന്നത്‌. എന്നാല്‍ തന്നെ ഇത്രയും പേരെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്‌ സമയം തികയില്ല. നിലവില്‍ 4204 പേരാണ്‌ എന്‍ഡോസള്‍ഫാന്‍ രോഗികളായി സര്‍ക്കാറിണ്റ്റെ പട്ടികയിലുള്ളത്‌. ജില്ലയിലെ 26 പഞ്ചായത്തുകളിലും എന്‍ഡോസള്‍ഫാന്‍ രോഗികളുണ്ടെന്ന പുതിയ വെളിപ്പെടുത്തലും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. 11പഞ്ചായത്തുകളിലെ മാത്രം പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിലെ കശുമാവുകള്‍ക്കാണ്‌ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചിരുന്നതെങ്കിലും കീടനാശിനിയിലെ വിഷാംശം വെള്ളത്തിലൂടെയും വായുവിലൂടെയുമായി 15 കിലോമീറ്റര്‍ വരെ ദൂരെയെത്തുമെന്ന്‌ പറയപ്പെടുന്നുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts